ലോക്ക്ഡൗണ്‍ പൊറുതിമുട്ടി ; മൂന്നാം ദിവസവും പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍ ; വിക്ടോറിയയില്‍ കോവിഡ് കേസുകള്‍ റെക്കോര്‍ഡിലെത്തുമ്പോള്‍ ഇനിയെങ്കിലും സ്വാതന്ത്ര്യമെന്ന ആഹ്വാനവുമായി പ്രതിഷേധക്കാര്‍

ലോക്ക്ഡൗണ്‍ പൊറുതിമുട്ടി ; മൂന്നാം ദിവസവും പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍ ; വിക്ടോറിയയില്‍ കോവിഡ് കേസുകള്‍ റെക്കോര്‍ഡിലെത്തുമ്പോള്‍ ഇനിയെങ്കിലും സ്വാതന്ത്ര്യമെന്ന ആഹ്വാനവുമായി പ്രതിഷേധക്കാര്‍
മെല്‍ബണില്‍ വീണ്ടും പ്രതിഷേധക്കാര്‍ തെരുവില്‍ അക്രമ സമരത്തില്‍. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തുവരുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അതൃപ്തരായവരാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

സിറ്റിയിലെ പല ഭാഗത്തും കൂട്ടം കൂടി നില്‍ക്കുന്ന ഇവര്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ മാസ്‌ക്കില്ലാതെയുമാണ് പ്രതിഷേധത്തിനെത്തുന്നത്. ഇതുവരെ കോവിഡ് നിയന്ത്രണത്തിലെന്നു പറയാന്‍ കഴിഞ്ഞിരുന്ന ഓസ്‌ട്രേലിയയിലെ ആരോഗ്യ വിഭാഗം കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ആശങ്കയിലാണ്.

ജനം പ്രതിഷേധിക്കുകയല്ല, യുദ്ധത്തിലാണെന്നും പ്രതിഷേധം വരുത്തിവയ്ക്കുന്ന ഗുരുതരമായ സാഹചര്യത്തെ കുറിച്ച് ഇവര്‍ ചിന്തിക്കുന്നില്ലെന്നുമാണ് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കുന്നത്.

തെരുവുകള്‍ കൈയ്യടക്കി സിറ്റിയില്‍ അക്രമങ്ങള്‍ നടത്തിയാണ് പലരും പ്രതിഷേധിക്കുന്നത്. നിരവധി പേര്‍ അറസ്റ്റിലാണെന്നും ഇനിയും നിയമ നടപടി തുടരുമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രണ്ടായിരത്തോളം പേര്‍ തെരുവില്‍ പ്രതിഷേധിച്ചപ്പോള്‍ മൂന്നോളം പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. പൊതുമുതല്‍ നശിപ്പിച്ചും പൊലീസ് വാഹനങ്ങള്‍ക്ക് നേരെ അക്രമം നടത്തിയുമാണ് പ്രതിഷേധം.

സിഡ്‌നിയിലും മെല്‍ബണിലും കാന്‍ബെറയിലും ആഴ്ചകളായി ലോക്ക്ഡൗണ്‍ തുടരുകയാണ്. ഡെല്‍റ്റ വകഭേദം കണ്ടെത്തിയതോടെ മെല്‍ബണിന് ആറാമത്തെ ലോക്ക്ഡൗണ്‍ കാലമാണിത്. 70 ശതമാനം പേര്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കി അടുത്ത മാസത്തോടെ ഇളവുകള്‍ അനുവദിക്കാമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. എന്നാല്‍ കോവിഡ് കേസുകള്‍ ഒക്ടോബറോടെ ഉയരുമെന്ന മുന്നറിയിപ്പുമുണ്ട്. ഇതിനിടെ ജനത്തിന്റെ പ്രതിഷേധം പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ്.

Other News in this category



4malayalees Recommends