ഞങ്ങളുടേത് പ്ലസ്‌വണ്‍ മുതലുള്ള പ്രണയം; സൗമ്യയെ ഇസ്രയേലില്‍ വെച്ച് വിവാഹം കഴിച്ചെന്ന വെള്ളാപ്പള്ളിയുടെ വാദം വര്‍ഗീയത; കേസുമായി മുന്നോട്ടെന്ന് സന്തോഷ്

ഞങ്ങളുടേത് പ്ലസ്‌വണ്‍ മുതലുള്ള പ്രണയം; സൗമ്യയെ ഇസ്രയേലില്‍ വെച്ച് വിവാഹം കഴിച്ചെന്ന വെള്ളാപ്പള്ളിയുടെ വാദം വര്‍ഗീയത; കേസുമായി മുന്നോട്ടെന്ന് സന്തോഷ്
ഇസ്രായേലില്‍ വെച്ച് കൊല്ലപ്പെട്ട സൗമ്യ സന്തോഷിനും കുടുംബത്തിനും എതിരായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം കൂടുതല്‍ വിവാദത്തിലേക്ക്. ഇസ്രയേലില്‍ വച്ച് താന്‍ സൗമ്യയെ പ്രേമിച്ച് വിവാഹം കഴിച്ചെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശം തെറ്റാണെന്നും വര്‍ഗീയത വളര്‍ത്തുന്ന രീതിയിലുള്ള പമാര്‍ശമാണുണ്ടായതെന്നും സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ് പറഞ്ഞു.

'ഞങ്ങളുടേത് പ്ലസ് വണില്‍ പഠിക്കുമ്പോള്‍ മുതലുള്ള പ്രണയമായിരുന്നു. 2010 ലാണ് വിവാഹിതരാകുന്നത്. അതിനും ശേഷം 2013 ലാണ് സൗമ്യ വിദേശത്തേക്ക് പോകുന്നത്. 2021 ലാണ് ഇസ്രായേലില്‍ വെച്ച് മരിക്കുന്നത്. സൗമ്യയുടെ വീട്ടുകാരുടെ അറിവോടെ എല്ലാവരും ചേര്‍ന്ന് പള്ളിയില്‍ വെച്ചാണ് വിവാഹം കഴിച്ചത്. വെള്ളാപ്പള്ളി നടേശന്റെ ഭാഗത്ത് നിന്നുമുണ്ടായത് വര്‍ഗീയത വളര്‍ത്താനുള്ള രീതിയിലുള്ള പരാമര്‍ശമാണ്' സന്തോഷ് പറഞ്ഞു.

പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചുവെന്നും വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലില്‍ മരിച്ച സൗമ്യ ഈഴവ സമുദായത്തില്‍പ്പെട്ടയാളായിരുന്നു എന്നാല്‍ സംസ്‌കാരം നടന്നത് പള്ളിയില്‍ വെച്ചാണെന്നും ചില ക്രിസ്ത്യന്‍ വിഭാഗങ്ങളും മതംമാറ്റം നടത്തുന്നുണ്ടെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ ആരോപണം.

സൗമ്യയുടെ മരണത്തെ തുടര്‍ന്നുള്ള ഇസ്രയേല്‍ ഗവണ്മെന്റിന്റെ സഹായം സന്തോഷ് മാത്രം എടുക്കുകയാണെന്നും സൗമ്യയുടെ കുടുംബത്തിന് ഒന്നും നല്‍കിയില്ലെന്നുമായിരുന്നു വെള്ളാപ്പള്ളി നടേന്റെ മറ്റൊരു ആരോപണം.

ഇത് തെറ്റാണെന്ന് വിശദീകരിച്ച സന്തോഷ് സൗമ്യയുടെ മാതാപിതാക്കള്‍ക്കും ഇസ്രായേലിന്റെ സഹായം കിട്ടുന്നുണ്ടെന്നും വിശദീകരിച്ചു. അതേ സമയം ഇതില്‍ സൗമ്യയുടെ മാതാപിതാക്കള്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

Other News in this category



4malayalees Recommends