തന്റെ അനുമതിയില്ലാതെ ഭാര്യക്ക് കോവിഡ്-19 വാക്‌സിന്‍; വനിതാ നഴ്‌സിന്റെ മുഖത്തിടിച്ച് ഭര്‍ത്താവ്; അക്രമിയെ തിരഞ്ഞ് ക്യുബെക് പോലീസ്; വാക്‌സിന്‍ വിരുദ്ധത കാനഡയില്‍ അക്രമങ്ങളിലേക്ക്!

തന്റെ അനുമതിയില്ലാതെ ഭാര്യക്ക് കോവിഡ്-19 വാക്‌സിന്‍; വനിതാ നഴ്‌സിന്റെ മുഖത്തിടിച്ച് ഭര്‍ത്താവ്; അക്രമിയെ തിരഞ്ഞ് ക്യുബെക് പോലീസ്; വാക്‌സിന്‍ വിരുദ്ധത കാനഡയില്‍ അക്രമങ്ങളിലേക്ക്!

കോവിഡ്-19 വാക്‌സിന്‍ നല്‍കിയതിന്റെ പേരില്‍ വനിതാ നഴ്‌സിന്റെ മുഖത്തിടിച്ച പ്രതിയെ തിരഞ്ഞ് പോലീസ്. കനേഡിയന്‍ പ്രൊവിന്‍സായ ക്യുബെകിലാണ് തന്റെ അനുമതി കൂടാതെ നഴ്‌സ് ഭാര്യക്ക് കോവിഡ്-19 വാക്‌സിന്‍ നല്‍കിയെന്ന് ആരോപിച്ച് ഭര്‍ത്താവ് നഴ്‌സിന്റെ മുഖത്ത് ഇടിച്ചതെന്ന് പോലീസ് പറഞ്ഞു.


മോണ്ട്‌റിയാലില്‍ നിന്നും 155 കിലോമീറ്റര്‍ അകലെയുള്ള ഷെര്‍ബ്രൂകിലെ ഫാര്‍മസിയുടെ ഓഫീസില്‍ വെച്ച് തിങ്കളാഴ്ചയാണ് വനിതാ നഴ്‌സിനെ ഇയാള്‍ ചോദ്യം ചെയ്തത്. ഫാര്‍മസിയില്‍ വാക്‌സിനുകള്‍ നല്‍കാന്‍ നിയോഗിക്കപ്പെട്ട നഴ്‌സിനെയാണ് പ്രതി ചോദ്യം ചെയ്യാന്‍ തുടങ്ങിയതെന്ന് പോലീസ് വക്താവ് മാര്‍ട്ടിന്‍ കാരിയര്‍ പറഞ്ഞു.

പ്രതി നേരിട്ട് ഓഫീസിലേക്ക് എത്തിയ ശേഷമാണ് നഴ്‌സിനോട് ഒച്ചവെച്ചത്. തന്റെ അനുമതി കൂടാതെ ഭാര്യക്ക് വാക്‌സിന്‍ നല്‍കിയതില്‍ ഇയാള്‍ ഞെട്ടലിലായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിനിടെ അക്രമി നഴ്‌സിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു, പോലീസ് പറയുന്നു.

കോവിഡ്-19 മഹാമാരിക്ക് എതിരായ പോരാട്ടത്തെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള നഴ്‌സുമാര്‍ പലവിധ അക്രമങ്ങള്‍ നേരിടുന്നുണ്ട്. ജോലി സമ്മര്‍ദത്തോടൊപ്പമാണ് ഈ അവസ്ഥ. നഴ്‌സിനെ ഇടിച്ച പ്രതി വാക്‌സിനെ എതിര്‍ക്കുന്ന ആളാണോ, ഇയാളുടെ ഭാര്യക്ക് ഇതേ ഫാര്‍മസിയില്‍ വെച്ചാണോ വാക്‌സിന്‍ നല്‍കിയത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല.

ഫെഡറല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാനഡയില്‍ വാക്‌സിന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തിയാര്‍ജ്ജിച്ചിരുന്നു. ആശുപത്രികള്‍ക്കും, ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ക്കും എതിരെയുള്ള അക്രമങ്ങളെ ചോദ്യം ചെയ്ത പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് നേരെയും പ്രതിഷേധക്കാര്‍ തിരിഞ്ഞിരുന്നു.

അതേസമയം സ്‌കൂളുകള്‍ക്കും, ആശുപത്രികള്‍ക്കും സമീപം സമരത്തിനിറങ്ങുന്നത് വിലക്കാന്‍ പ്രത്യേക നിയമം പാസാക്കുമെന്ന് ക്യുബെക് പ്രീമിയര്‍ ഫ്രാങ്കോയിസ് ലീഗോള്‍ട്ട് പറഞ്ഞു.
Other News in this category



4malayalees Recommends