യുക്മ മലയാള മനോരമ ഓണവസന്തം 2021 നാളെ ഞായര്‍ 2 മണിക്ക് യുക്മ ഫേസ്ബുക്ക് പേജില്‍.... മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടകന്‍ ....വിധു പ്രതാപ്, സിതാര കൃഷ്ണകുമാര്‍, ശ്രേയ ജയദീപ് എന്നിവര്‍ക്കൊപ്പം യുകെയിലെ മികച്ച കലാ പ്രകടനങ്ങളും....

യുക്മ  മലയാള മനോരമ ഓണവസന്തം 2021 നാളെ ഞായര്‍ 2 മണിക്ക് യുക്മ ഫേസ്ബുക്ക് പേജില്‍.... മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടകന്‍ ....വിധു പ്രതാപ്, സിതാര കൃഷ്ണകുമാര്‍, ശ്രേയ ജയദീപ് എന്നിവര്‍ക്കൊപ്പം യുകെയിലെ മികച്ച കലാ പ്രകടനങ്ങളും....
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മയും മലയാള മനോരമയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി 'ഓണവസന്തം 2021' നാളെ സെപ്റ്റംബര്‍ 26 ഞായര്‍ 2 PM ന് (ഇന്ത്യന്‍ സമയം 6.30 PM) യുക്മ ഫേസ്ബുക്ക് പേജില്‍ ബഹുമാനപ്പെട്ട കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉത്ഘാടനം ചെയ്യുന്നു. യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ യുക്മ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് സ്വാഗതം ആശംസിക്കും. യുക്മ വൈസ് പ്രസിഡന്റും ഓണ വസന്തം 2021 ഇവന്റ് കോര്‍ഡിനേറ്ററുമായ അഡ്വ. എബി സെബാസ്റ്റ്യന്‍ നന്ദി പ്രകാശിപ്പിക്കും.


കേരളത്തിലെ മന്ത്രിസഭയിലെ പുതുമുഖമായ ശ്രീ.റോഷി അഗസ്റ്റിന്‍ ജനപ്രിയങ്ങളായ നിരവധി പരിപാടികളിലൂടെ ഇതിനോടകം ജനങ്ങള്‍ക്ക് കൂടുതല്‍ പ്രിയങ്കരനായി മാറിക്കഴിഞ്ഞു. യുക്മ നേതൃത്വവുമായി അടുത്ത സൗഹൃദമുള്ള, യു കെ യില്‍ ഒട്ടേറെ സുഹൃത്തുക്കളുള്ള

മന്ത്രി റോഷി അഗസ്റ്റിന്‍ മുന്‍പ് നിരവധി തവണ യുക്മയുടെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്ന റോഷി അഗസ്റ്റിന്‍, യുക്മ മലയാള മനോരമ ഓണവസന്തം 2021 ഉദ്ഘാടനം ചെയ്യാനെത്തുന്നതില്‍ യുക്മ സഹചാരികളും യു കെ മലയാളികളും ഏറെ സന്തോഷത്തിലാണ്.


മലയാള മനോരമ യൂറോപ്പിലെ ഒരു പ്രവാസി മലയാളി സംഘടനയുമായി ചേര്‍ന്ന് നടത്തുന്ന ആദ്യ പരിപാടി എന്ന നിലയില്‍ ഏറെ ശ്രദ്ധേയമായി കഴിഞ്ഞ ഈ പരിപാടിയില്‍, മലയാള ചലച്ചിത്ര സംഗീത രംഗത്തെ പുതു തലമുറയിലെ പ്രശസ്ത ഗായകരായ വിധു പ്രതാപ്, സിത്താര കൃഷ്ണകുമാര്‍, ശ്രേയ ജയദീപ് എന്നിവരോടൊപ്പം യു കെ യിലെ ശ്രദ്ധേയരായ കലാ പ്രതിഭകളും ഒത്തുചേരുന്നു.


അലീന സെബാസ്റ്റ്യന്‍, ആനി അലോഷ്യസ്, ഡെന്ന ആന്‍ ജോമോന്‍, ദൃഷ്ടി പ്രവീണ്‍ ശ്രദ്ധ വിവേക് ഉണ്ണിത്താന്‍, ലക്ഷമി രാജേഷ്, നെല്‍സണ്‍ ബൈജു, സൈറ മരിയ ജിജോ, ടെസ്സ സൂസന്‍ ജോണ്‍ എന്നീ ഗായകരും മറ്റ് കലാ വിരുന്നുകള്‍ക്കൊപ്പം ഓണവസന്തം 2021 ന് മാറ്റ് കൂട്ടുവാനെത്തുകയാണ്.


ബര്‍മിംങ്ഹാമിനടുത്ത് വാല്‍സാളില്‍ നിന്നുള്ള കൊച്ച് ഗായിക അലീന സെബാസ്റ്റ്യന്‍ യുകെ മലയാളികള്‍ക്ക് സുപരിചിതയാണ്. പദ്മശ്രീ ഡോ. K J യേശുദാസ്, M G ശ്രീകുമാര്‍ എന്നിവരോടൊപ്പം വേദികളില്‍ പാടിയിട്ടുള്ള അലീന യുക്മ കലാമേളകളിലെ ഒരു സ്ഥിര സാന്നിദ്ധ്യമാണ്.

നിരവധി സ്റ്റേജ് ഷോകളില്‍ പാടിയിട്ടുള്ള അലീന ഓണ്‍ലൈന്‍ മ്യൂസിക് പ്രോഗ്രാമുകളിലും നിരവധി തവണ പങ്കെടുത്തിട്ടുണ്ട്.


അനുഗ്രഹീത ശബ്ദത്തിനുടമയായ ആനി അലോഷ്യസ് ഒരു ഗായിക മാത്രമല്ല ഒരു സകല കലാ വല്ലഭയും കൂടിയാണ്. കര്‍ണാട്ടിക് സംഗീതം, ശാസ്ത്രീയ നൃത്തം, പിയാനോ, കരാട്ടെ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ പരിശീലനം തുടരുന്ന ആനി പഠനത്തിലും ഏറെ മുന്‍പിലാണ്. യുക്മ നാഷണല്‍ കലാമേളയിലെ ഈ കലാതിലകം നിരവധി ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. ലണ്ടനടുത്ത് ലൂട്ടനില്‍ നിന്നുള്ള ആനി നിരവധി ഓണ്‍ലൈന്‍ സംഗീത പരിപാടികളിലെ സജീവ സാന്നിദ്ധ്യമാണ്.


യുകെയിലെ ബെഡ്‌ഫോര്‍ഡില്‍ നിന്നുള്ള ഡെന്ന ആന്‍ ജോമോന്‍ നല്ലൊരു ഗായിക എന്ന നിലയില്‍ മാത്രമല്ല മികച്ച ഒരു നര്‍ത്തകിയെന്ന നിലയിലും ഏറെ പ്രശസ്തയാണ്. കര്‍ണാട്ടിക് സംഗീതത്തോടൊപ്പം ഭരതനാട്യവും കുച്ചിപ്പുടിയും പരിശീലിക്കുന്ന ഡെന്ന ഇതിനോടകം 10 ലേറെ ആല്‍ബം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. K S ചിത്ര, G വേണുഗോപാല്‍, ഉണ്ണി മേനോന്‍, സ്റ്റീഫന്‍ ദേവസ്സി തുടങ്ങിയവരോടൊപ്പം വേദി പങ്കിട്ടിട്ടുള്ള ഡെന്ന എഴുതി പാടിയ 'Once me' എന്ന ആല്‍ബം ഒക്ടോബറില്‍ റിലീസിന് ഒരുങ്ങുകയാണ്.


തന്റെ മധുര ശബ്ദത്തില്‍ മലയാളികളുടെ മനം മയക്കിയ കൊമാര പ്രതിഭ ദൃഷ്ടി പ്രവീണ്‍ പാടുമ്പോള്‍ നൃത്തവുമായി കൂട്ടിനെത്തുന്നത് ശ്രദ്ധ വിവേക് ഉണ്ണിത്താനെന്ന കൊച്ച് കലാകാരിയാണ്. ഓണ്‍ലൈന്‍ മ്യൂസിക് ഷോകളിലൂടെ യുകെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ദൃഷ്ടി നിരവധി സ്റ്റേജ് ഷോകളിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ദൃഷ്ടിയുടെ മനോഹരമായ പാട്ടിനൊപ്പം സുന്ദരമായ നൃത്തച്ചുവടുകളും അഭിനയ മുഹൂര്‍ത്തങ്ങളുമായി ശ്രദ്ധയെന്ന കൊച്ച് മിടുക്കിയും യുകെ മലയാളികള്‍ക്ക് മുന്നില്‍ എത്തുകയാണ്.


ലണ്ടനില്‍ നിന്നുള്ള ലക്ഷ്മി രാജേഷ് എന്ന കൊച്ച് ഗായിക യുകെ മലയാളികളുടെ ഇഷ്ട ഗായികയാണ്. ട്വിറ്ററില്‍ ലക്ഷ്മിയുടെ പാട്ടിന് പ്രശംസാ വചനങ്ങള്‍ കുറിച്ച സാക്ഷാല്‍ A R റഹ് മാനും ഓണ്‍ലൈന്‍ സംഗീത മത്സര വേദികളില്‍ ലക്ഷ്മിയുടെ പാട്ടുകള്‍ കേട്ട് വിധിയെഴുതിയ പത്മശ്രീ ഉഷ ഉതുപ്പും അനുരാധ ശ്രീറാമും ഉള്‍പ്പടെയുള്ള പ്രമുഖരാണ് ലക്ഷ്മിയുടെ പാട്ടുകളെ അഭിനന്ദിക്കുന്നത്. നിരവധി ഓണ്‍ലൈന്‍ സംഗീത മത്സരങ്ങളിലെ ഈ വിജയി പഠനത്തോടൊപ്പം സംഗീത പരിശീലനവും തുടരുകയാണ്.


യുകെയിലെ ലിങ്കണില്‍ നിന്നുള്ള 13 വയസ്സ്‌കാരന്‍ നെല്‍സണ്‍ ബൈജു ഒരു മികച്ച ഗായകനാണ്. M G ശ്രീകുമാര്‍, K S ചിത്ര, സുജാത, വിജയ് യേശുദാസ്, സുദീപ് കുമാര്‍, വിദ്യാ സാഗര്‍ തുടങ്ങി നിരവധി പ്രമുഖരോടൊപ്പം വേദികള്‍ പങ്കിട്ടിട്ടുള്ള നെല്‍സണ്‍ നിരവധി അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏതാനും സംഗീത ആല്‍ബങ്ങളില്‍ പാടിയിട്ടുള്ള നെല്‍സണ്‍ പഠനത്തോടൊപ്പം സംഗീത പരിശീലനവും തുടരുന്നു.


സൈറ മരിയ ജിജോ ബര്‍മിംങ്ങ്ഹാമില്‍ നിന്നുള്ള അനുഗ്രഹീത ഗായികയാണ്. യുക്മ ദേശീയ കലാമേളയില്‍ ഭാഷകേസരി പട്ടം മൂന്നു തവണ തുടര്‍ച്ചയായി നേടിയ സൈറ യുകെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ്. കര്‍ണാട്ടിക് മ്യൂസിക്കില്‍ പരിശീലനം തുടരുന്ന സൈറ 2019 ല്‍ ഓണ്‍ലൈനായി നടന്ന 'Sing with Dr. K J Yesudas' മത്സരത്തിലെ വിജയിയായിരുന്നു.


ടെസ്സ സൂസന്‍ ജോണ്‍ എന്ന 15 കാരി യുകെയിലെ കൌമാര ഗായകരില്‍ ഏറെ പ്രശസ്തയാണ്. കര്‍ണാട്ടിക് സംഗീതത്തോടൊപ്പം വെസ്റ്റേണ്‍ മ്യൂസിക്കും വയലിനും വീണയും പരിശീലിക്കുന്ന ടെസ്സ 2015 മുതല്‍ യുക്മ കലാമേളകളിലെ ഒരു സ്ഥിരം വിജയിയാണ്.

K S ചിത്ര, M G ശ്രീകുമാര്‍, ശരത്, G വേണുഗോപാല്‍ തുടങ്ങിയ പ്രശസ്ത ഗായകരോടൊപ്പം വേദികള്‍ പങ്കിട്ടിട്ടുള്ള ടെസ്സ ഇരുപത്തഞ്ചിലധികം ആല്‍ബം സോങ്ങുകള്‍ പാടിയിട്ടുണ്ട്. യുകെയിലെ കേംബ്രിഡ്ജില്‍ നിന്നുള്ള ഈ കൊച്ച് ഗായിക നിരവധി ഓണ്‍ലൈന്‍ സംഗീത മത്സരങ്ങളിലും വിജയിയായിട്ടുണ്ട്.


സംഘാടന മികവിന്റെ നിരവധി മുഹൂര്‍ത്തങ്ങള്‍ യു കെ മലയാളികള്‍ക്ക് കാഴ്ചവെച്ച് മുന്നേറുന്ന യുക്മ ആദ്യമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. പ്രവര്‍ത്തന പന്ഥാവില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട യുക്മ , മലയാള മനോരമയുമായി ചേര്‍ന്ന് ഒരുക്കുന്ന ഈ ഓണാഘോഷം നിലവിലുള്ള ദേശീയ സമിതിയുടെ പ്രവര്‍ത്തന മികവിന്റെ മറ്റൊരു മകുടോദാഹരണമാവുകയാണ്. മനോജ് കുമാര്‍ പിള്ള നേതൃത്വം നല്‍കുന്ന യുക്മ ദേശീയ സമിതിയും, റീജിയണല്‍ സമിതികളും, അംഗ അസ്സോസ്സിയേഷനുകളും കോവിഡ് ലോക്‌ഡൌണ്‍ സമയത്ത് പോലും നിരവധി മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടത്തി വന്നിരുന്നത്.


യുക്മ ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ: എബി സെബാസ്റ്റ്യന്‍ ഇവന്റ് കോര്‍ഡിനേറ്ററും, യുക്മ സാംസ്‌കാരികവേദി കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്ജ്, യു കെ പ്രോഗ്രാം ഓര്‍ഗനൈസറുമായി സംഘടിപ്പിച്ചിരിക്കുന്ന ഓണവസന്തം 2021 ന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ്,

യു കെ യിലെ പ്രമുഖ സോളിസിറ്റര്‍ സ്ഥാപനമായ പോള്‍ ജോണ്‍ & കമ്പനി, പ്രമുഖ ഇന്‍ഷ്വറന്‍സ് മോര്‍ട്ട്‌ഗേജ് സ്ഥാപനമായ അലൈഡ് ഫിനാന്‍സ് ലിമിറ്റഡ്, പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ എന്‍വെര്‍ട്ടിസ് കണ്‍സല്‍റ്റന്‍സി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ്.


അംഗ അസ്സോസ്സിയേഷനുകളില്‍ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 19 വരെ സംഘടിപ്പിച്ചിരുന്നതിനാലാണ് യുക്മ മലയാള മനോരമ 'ഓണവസന്തം 2021' സെപ്റ്റംബര്‍ 26 ന് നടത്തുന്നതെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് അറിയിച്ചു.


'യുക്മ മലയാള മനോരമ ഓണ വസന്തം 2021' പരിപാടിയില്‍ പങ്കെടുത്ത് യുക്മയോടൊപ്പം ആഘോഷിക്കുവാന്‍ ഏവരേയും യുക്മ ദേശീയ സമിതി ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നു.


Sajish Tom

Other News in this category



4malayalees Recommends