അനാവശ്യമായി പേര് വലിച്ചിഴയ്ക്കുന്നു, ആരോപണം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കും: വിവാദത്തില്‍ പ്രതികരിച്ച് ഹൈബി ഈഡന്‍

അനാവശ്യമായി പേര് വലിച്ചിഴയ്ക്കുന്നു, ആരോപണം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കും: വിവാദത്തില്‍ പ്രതികരിച്ച് ഹൈബി ഈഡന്‍
പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ കേസില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്ന് ഹൈബി ഈഡന്‍ എംപി. പ്രവാസി മലയാളി ഫെഡറേഷന്‍ ക്ഷണിച്ചത് അനുസരിച്ചാണ് മോന്‍സന്റെ വീട് സന്ദര്‍ശിച്ചത്. വീട്ടില്‍ മ്യൂസിയമുണ്ടെന്നും സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. അന്നാണ് ആദ്യമായും അവസാനമായും മോന്‍സനെ കണ്ടതെന്നും താന്‍ മോന്‍സന്റെ സാമ്പത്തിക ഇടപാടുകളില്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരാതിക്കാര്‍ വ്യക്തമാക്കണമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

മോന്‍സന്റെ തട്ടിപ്പില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാം. ഒരു ഫോണ്‍ കോള്‍ പോലും മോന്‍സണുമായി താന്‍ നടത്തിയിട്ടില്ല. കേസില്‍ തന്റെ പങ്ക് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാധ്യമങ്ങള്‍ക്കെതിരെയും പരാതിക്കാര്‍ക്കെതിരെയും മാനനഷ്ടക്കേസ് നല്‍കും. തന്നെക്കുറിച്ചു പരാതിക്കാര്‍ അവ്യക്തമായ കാര്യങ്ങള്‍ പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണ്. തട്ടിപ്പിന് ഇരയായവരോട് സഹതാപമുണ്ടെങ്കിലും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ നിയമ നടപടി സ്വീകരിക്കും.സാമ്പത്തിക ക്രമക്കേടില്‍ പൊതുരംഗത്തുള്ളവരെ വലിച്ചിഴയ്ക്കുമ്പോള്‍ സത്യാവസ്ഥയുണ്ടോ എന്ന് അന്വേഷിക്കാന്‍ തയ്യാറാകണമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

കേസ് അട്ടിമറിക്കാന്‍ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നിട്ടുണ്ട്. ഇവരാണ് മോന്‍സനെ പല കാര്യങ്ങളിലും സഹായിച്ചത്. ഈ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഹൈബി ഈഡന്‍ കൊച്ചിയില്‍ പറഞ്ഞു


Other News in this category4malayalees Recommends