ഇന്‍സ്റ്റഗ്രാം കുട്ടികളെ നശിപ്പിക്കുമെന്ന് ഫേസ്ബുക്കിന് അറിയാതെയല്ല ... യുഎസ് സെനറ്റ് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ ഫേസ്ബുക്ക് സുരക്ഷാ മേധാവി

ഇന്‍സ്റ്റഗ്രാം കുട്ടികളെ നശിപ്പിക്കുമെന്ന് ഫേസ്ബുക്കിന് അറിയാതെയല്ല ... യുഎസ് സെനറ്റ് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ ഫേസ്ബുക്ക് സുരക്ഷാ മേധാവി
സോഷ്യല്‍മീഡിയയ്ക്ക് നല്ല വശവും മോശം വശവുമുണ്ട്. എന്നാല്‍ കുട്ടികള്‍ക്കിടയിലെ സോഷ്യല്‍മീഡിയ ഉപയോഗം പലപ്പോഴും മാതാപിതാക്കളെ ആശങ്കയിലാക്കുകയാണ്. ഇപ്പോഴുള്ള പല കേസുകളിലും സോഷ്യല്‍മീഡിയയുടെ പങ്ക് വളരെ വലുതാണ് . കുട്ടികളുടെ സ്വഭാവത്തില്‍ തന്നെ മാറ്റം സംഭവിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം കുട്ടികളെ നശിപ്പിക്കുന്നുവെന്ന് ഫേസ്ബുക്കിന് അറിയാമായിരുന്നുവെന്നും എന്നാല്‍ അവിടെ ബിസിനസ് മാത്രമാണ് ഫേസ്ബുക്ക് കണ്ടതെന്നും യുഎസ് സെനറ്റ്. ഫേസ്ബുക്ക് സുരക്ഷാ മേധാവി ആന്റിഗോണ്‍ ഡേവിഡ് സെനറ്റിന് മുന്നില്‍ ഹാജരായപ്പോള്‍ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാനായില്ല.

ഇന്‍സ്റ്റഗ്രാം യുവാക്കളെ സഹായിക്കുന്നുണ്ടന്നാണ് സുരക്ഷാ മേധാവി ആദ്യം ന്യായീകരിച്ചത്. കുട്ടികളുടെ ആരോഗ്യത്തെ പ്ലാറ്റ്‌ഫോം ബാധിക്കുന്നുണ്ടെന്ന ഇന്‍സ്റ്റഗ്രാമിന്റെ തന്നെ റിസര്‍ച്ച് റിപ്പോര്‍ട്ട് ചോര്‍ന്ന പശ്ചാത്തലത്തിലാണ് സെനറ്റുമാര്‍ക്ക് മുന്നില്‍ ഫേസ്ബുക്ക് സുരക്ഷാ മേധാവിയ്ക്ക് ഹാജരാകേണ്ടി വന്നത്. കുട്ടികളുടെ മാനസികാരോഗ്യത്തെ ചെറിയ രീതിയില്‍ ബാധിക്കുന്നുള്ളൂവെന്നായിരുന്നു ആദം മൊസേരി നേരത്തെ പറഞ്ഞത്. വാള്‍സ്ട്രീറ്റ് ജേണല്‍ ഇന്‍സ്റ്റഗ്രാമിന്റെ ഗവേഷണ റിപ്പോര്‍ട്ടു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടു.

കുട്ടികള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടുമെന്നും ശരീരത്തോടുള്ള കാഴ്ചപ്പാട് മാറുമെന്നും ഇന്‍സ്റ്റഗ്രാം മോശമായി അവരെ ബാധിക്കുന്നുണ്ടെന്നുമാണ് ഗവേഷകര്‍ പറയുന്നത്.

കുട്ടികള്‍ തന്നെ തങ്ങളുടെ ആശങ്കയ്ക്കും വിഷാദത്തിനും കാരണം ഇന്‍സ്റ്റഗ്രാം ആണെന്ന് പറയുന്നുണ്ട്. എന്നാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നടപടി സ്വീകരിക്കാനുമാണ് ഈ ഗവേഷണം നടത്തിയതെന്നാണ് ആന്റിഗണ്‍ പറയുന്നത്.

വിവാദം കത്തി നില്‍ക്കുമ്പോഴും റിപ്പോര്‍ട്ടിനെ കുറിച്ചറിയില്ലെന്നാണ് ഫേസ്ബുക്ക് പറയുന്നത്.

കുട്ടികളുടെ ക്ഷേമമല്ല ബിസിനസാണ് വലുതെന്നും നീതികരിക്കാനാകാത്ത പ്രവര്‍ത്തിയാണ് ഫേസ്ബുക്കിന്റെതെന്നും എങ്ങനെ നിങ്ങളെ വിശ്വസിക്കുമെന്നും റിച്ചാര്‍ഡ് ബ്ലുമെന്‍താള്‍ ചോദിച്ചു. സെനറ്റിന്റെ പല ചോദ്യങ്ങള്‍ക്കും വിശദീകരണം നല്‍കാന്‍ ആന്റിഗണ്‍ ഡേവിഡിനായില്ല. ബന്ധപ്പെട്ട ടീമിനോട് അന്വേഷിക്കേണ്ടതുണ്ടെന്നായിരുന്നു മറുപടി.

ഏതായാലും റിപ്പോര്‍ട്ട് ചോര്‍ന്നതോടെ കൃത്യമായ നിലപാടറിയിക്കാന്‍ ഫേസ്ബുക്ക് ബാധ്യസ്ഥരാണ്.

Other News in this category4malayalees Recommends