തായ്‌വാനുമായി സമാധാനപരമായ കൂടിച്ചേരലുകള്‍ സാധ്യമാകും, ഭിന്നതകളെ എതിര്‍ക്കുന്നതാണ് ചൈനീസ് ജനതയുടെ പാരമ്പര്യം ; വ്യോമാതിര്‍ത്തിയിലെ കടന്നുകയറ്റത്തിന് പിന്നാലെ ഷീ ചിന്‍പിങിന്റെ പ്രതികരണം ചര്‍ച്ചയാകുന്നു

തായ്‌വാനുമായി സമാധാനപരമായ കൂടിച്ചേരലുകള്‍ സാധ്യമാകും, ഭിന്നതകളെ എതിര്‍ക്കുന്നതാണ് ചൈനീസ് ജനതയുടെ പാരമ്പര്യം ; വ്യോമാതിര്‍ത്തിയിലെ കടന്നുകയറ്റത്തിന് പിന്നാലെ ഷീ ചിന്‍പിങിന്റെ പ്രതികരണം ചര്‍ച്ചയാകുന്നു
തായ്‌വാനുമായി സമാധാനപരമായ കൂടിച്ചേരലുകള്‍ സാധ്യമാകുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്. ഭിന്നതകളെ എതിര്‍ക്കുന്നതാണ് ചൈനീസ് ജനതയുടെ പാരമ്പര്യമെന്ന് അറിയിച്ച അദ്ദേഹം പക്ഷേ തായ്‌വാനെതിരെ സേനയെ ഉപയോഗിക്കില്ലെന്ന കാര്യത്തില്‍ ഉറപ്പൊന്നും നല്‍കിയില്ല.

കഴിഞ്ഞ കുറച്ചു ആഴ്ചകളായി തായ്‌വാന്റെ വ്യോമാതിര്‍ത്തി കടന്നു കയറുന്ന ചൈനീസ് യുദ്ധ വിമാനങ്ങള്‍ രാജ്യാന്തര തലത്തില്‍ ചര്‍ച്ചകള്‍ക്കു വഴി വച്ചിരുന്നു. പല ദിവസങ്ങളിലായി 150ഓളം ചൈനീസ് യുദ്ധവിമാനങ്ങളാണ് തായ്‌വാന്റെ വ്യോമ പ്രതിരോധ മേഖലയിലേക്ക് കടന്നു കയറിയത്. എന്നാലിതിനെപ്പറ്റി യാതൊന്നും തന്നെ പരാമര്‍ശിക്കാതെയാണ് സമാധാനപരമായ കൂടിച്ചേരലിനെപ്പറ്റി പ്രസിഡന്റ് സംസാരിച്ചത്.

ചൈനയിലെ രാജഭരണത്തിനെതിരായ വിപ്ലവത്തിന്റെ 110ാം വാര്‍ഷിക ആഘോഷങ്ങളുടെ വേദിയിലായിരുന്നു ഷിയുടെ അറിയിപ്പ്. മാതൃദേശത്തിന്റെ പുനരേകീകരണമെന്ന ചരിത്രദൗത്യം ഉറപ്പായും പൂര്‍ത്തിയാക്കുമെന്നാണ് ഷീ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 'ഹോങ്കോങ്ങിലേത് പോലെ ഒരു രാജ്യം രണ്ട് സംവിധാനം എന്ന രീതി സമാധാനപൂര്‍വ്വം തായ്‌വാനിലും നടന്ന് കാണണം. തായ്‌വാനില്‍ നിന്നുള്ള ഭിന്നതയാണ് കൂടിച്ചേരലിന് പ്രധാന തടസ്സമായുള്ളത്. ഇത് ദേശീയ പുനരുജ്ജീവനത്തിന് അപകടമാണ്.' ഷീ അറിയിച്ചു. തായ്‌വാന്‍ തങ്ങളുടെ ഭാഗത്തെ പ്രവിശ്യയാണെന്നാണ് ചൈനയുടെ അവകാശവാദം.

എന്നാല്‍ തായ്‌വാന്റെ ഭാവി അവിടുത്തെ ജനം തീരുമാനിക്കുമെന്ന് തായ്‌വാന്‍ പ്രസിഡന്റ് പ്രതികരിച്ചു. കൂടിച്ചേരലിനുള്ള ഇത്തരം നീക്കങ്ങള്‍ ചൈന അവസാനിപ്പിക്കണമെന്നാണ് തായ്‌വാന്റെ നിലപാട്. 1949ല്‍ ചൈനയില്‍ നിന്ന് വേര്‍പെട്ടതോടെ സ്വന്തം ഭരണഘടനയുള്‍പ്പടെ തായ്‌വാന്‍ രൂപപ്പെടുത്തിയെടുത്തിരുന്നു.

Other News in this category4malayalees Recommends