സ്വത്ത് തര്‍ക്കം ഭാര്യാപിതാവിനേയും ഭാര്യാസഹോദരനേയും യുവാവ് കുത്തിക്കൊന്നു

സ്വത്ത് തര്‍ക്കം ഭാര്യാപിതാവിനേയും ഭാര്യാസഹോദരനേയും യുവാവ് കുത്തിക്കൊന്നു
സ്വത്ത് തര്‍ക്കത്തെതുടര്‍ന്ന് തിരുവനന്തപുരം മുടവന്‍മുകളില്‍ ദാരുണ കൊലപാതകം. യുവാവ് ഭാര്യാപിതാവിനെയും ഭാര്യാ സഹോദരനെയും യുവാവ് കുത്തിക്കൊന്നു. മുടവന്‍മുകള്‍ അരകത്ത് ഫിനാന്‍സിന് സമീപം താമസിക്കുന്ന സുനില്‍ (55), മകന്‍ അഖില്‍ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.

മുട്ടത്തറ കല്ലുംമൂട് പുതുവല്‍ പുത്തന്‍വീട്ടില്‍ അരുണ്‍ (31) ആണ് ഇവരെ മദ്യലഹരിയില്‍ കുത്തിക്കൊലപ്പെടുത്തിയത്. കുത്തേറ്റ് വീണ ഇരുവരെയും അയല്‍വാസികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അരുണിനെ പൂജപ്പുര പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവം നടക്കുമ്പോള്‍ അരുണിന്റെ ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നു. സ്വത്തു തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജഗതി സ്വദേശികളായ സുനിലും അഖിലും ഒരുവര്‍ഷമായി മുടവന്‍മുകളില്‍ വാടകക്ക് താമസിക്കുകയാണ്. വിദേശത്ത് ജോലിയുള്ള അഖില്‍ ദിവസങ്ങള്‍ മുമ്പാണ് നാട്ടിലെത്തിയത്.

ചൊവ്വാഴ്ച രാത്രിയോടെ മദ്യപിച്ചെത്തിയ അരുണ്‍ ബുധനാഴ്ച്ച നടക്കുന്ന സ്ഥലം വില്‍പനയുമായി ബന്ധപ്പെട്ട് അഖിലുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഇതിനിടയിലാണ് അരയില്‍ കരുതിയിരുന്ന കത്തിയെടുത്ത് അരുണ്‍ അഖിലിനെ കുത്തിയതെന്ന് അയല്‍വാസികള്‍ പറയുന്നു.

ഇരുവരെയും പിടിച്ചുമാറ്റുന്നതിനിടയിലാണ് സുനിലിനും കുത്തേല്‍ക്കുന്നത്. മദ്യലഹരിയില്‍ ആയതിനാല്‍ രാത്രി അരുണിനെ ചോദ്യം ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


Other News in this category4malayalees Recommends