ഭാര്യയുടെ പേരിലുള്ള സ്വത്ത് ഒറ്റയ്ക്ക് കൈക്കലാക്കാനുള്ള ആഗ്രഹം ; അന്തര്‍മുഖനായ ചെറുപ്പക്കാരന്‍ കൊടുംകുറ്റവാളിയായ സംഭവം ; ഉത്ര കൊലക്കേസ് ലോകത്തെ തന്നെ നടുക്കി

ഭാര്യയുടെ പേരിലുള്ള സ്വത്ത് ഒറ്റയ്ക്ക് കൈക്കലാക്കാനുള്ള ആഗ്രഹം ; അന്തര്‍മുഖനായ ചെറുപ്പക്കാരന്‍ കൊടുംകുറ്റവാളിയായ സംഭവം ; ഉത്ര കൊലക്കേസ് ലോകത്തെ തന്നെ നടുക്കി
അടൂരിലെ പറക്കോട് ഗ്രാമത്തിലെ ഒരു ഇടത്തരം കുടുംബത്തിലെ അന്തര്‍മുഖനായ യുവാവില്‍ നിന്ന് ലോകത്തെ നടുക്കുന്ന കൊടുംകുറ്റവാളിയായുള്ള സൂരജിന്റെ മാറ്റം ആരേയും ഞെട്ടിക്കുന്നതാണ്. അടൂര്‍ പറക്കോട് ശ്രീസൂര്യ വീട്ടില്‍ സുരേന്ദ്രന്റെയും രേണുകയുടെയും മൂത്ത മകനാണ് സൂരജ്. ബിരുദ വിദ്യാഭ്യാസമുള്ള സൂരജ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. 2018 മാര്‍ച്ച് 25 നാണ് ഉത്രയെ വിവാഹം കഴിക്കുന്നത്. നാട്ടുകാര്‍ക്കും പരിചയക്കാര്‍ക്കും യാതൊരു അഭിപ്രായ വ്യത്യാസവുമില്ലാതിരുന്ന സൂരജാണ് ഇന്ന് കേരളം നടുക്കത്തോടെ നോക്കികാണുന്ന കൊടും കുറ്റവാളിയായി മാറിയത്.

ഭാര്യയുടെ പേരിലുള്ള സ്വത്ത് ഒറ്റയ്ക്ക് കൈക്കലാക്കാനുള്ള സൂരജിന്റെ ആര്‍ത്തിയാണ് ഉത്രയെന്ന പാവപ്പെട്ട പെണ്‍കുട്ടിയുടെ ജീവനെടുത്തത്

ആദ്യ ശ്രമം അണലിയെ ഉപയോഗിച്ച് ആയിരുന്നു. പാമ്പ് കടിച്ച് പരിക്കേറ്റ് ഉത്ര ആശുപത്രിയില്‍ കിടക്കുമ്പോഴും ഐസിയുവിന് മുന്നിലിരുന്ന് സൂരജ് അടുത്തതായി ഏത് പാമ്പിനെ ഉപയോഗിക്കണമെന്ന് തെരയുകയായിരുന്നു. രണ്ടാം തവണ സൂരജ് ലക്ഷ്യം കണ്ടു. പിന്നീട് കണ്ടതെല്ലാം കരുതികൂട്ടി നടപ്പിലാക്കിയ നാടകങ്ങള്‍. ഉത്രയുടെ മരണത്തില്‍ സംശയമുന്നയിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി കൊടുത്തതിന് പിന്നാലെ ഉത്രയുടെ സഹോദരന്‍ വിഷ്ണുവാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ചതെന്ന പരാതി. പൊലീസ് അറസ്റ്റ് ചെയ്തിട്ടും പ്രതി കുറ്റം സമ്മതിച്ചില്ല. പക്ഷെ തെളിവുകള്‍ നിരത്തി പൊലീസ് സൂരജിനെ പൂട്ടി.

ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ സൂരജ് പൊട്ടിക്കരഞ്ഞു. പൊതുസമൂഹത്തിന് മുന്നില്‍ സഹതാപം കിട്ടുമെന്ന കരുതി ആയിരുന്നു ഈ കരച്ചില്‍ നാടകം. കുറ്റക്കാരനാണെന്ന് വിധിച്ച ദിവസം കോടതി മുറിക്കുള്ളില്‍ നിര്‍വികാരനായിരുന്നു സൂരജ്. അവസാനമായി എന്ത് പറയാനുണ്ടെന്ന ചേദ്യത്തിന് , വീട്ടില്‍ അച്ഛനും അമ്മയും സഹോദരിയും മാത്രമാണ് ഉള്ളതെന്നും അവര്‍ക്ക് വേറെ ആരും ഇല്ലെന്നുമായിരുന്നു മറുപടി.

Other News in this category



4malayalees Recommends