വിജയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ക്ക് കരുത്ത് പകര്‍ന്ന് തദ്ദേശ തെരഞ്ഞടുപ്പ് ഫലം ; കന്നിപ്പോരാട്ടത്തില്‍ മികച്ച മുന്നേറ്റം

വിജയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ക്ക് കരുത്ത് പകര്‍ന്ന് തദ്ദേശ തെരഞ്ഞടുപ്പ് ഫലം ; കന്നിപ്പോരാട്ടത്തില്‍ മികച്ച മുന്നേറ്റം
വിജയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ക്ക് കരുത്ത് പകര്‍ന്ന് തദ്ദേശ തെരഞ്ഞടുപ്പ് ഫലം. കന്നിപ്പോരാട്ടത്തിന് ഇറങ്ങിയ വിജയ് ആരാധക സംഘടനയായ തലപതി വിജയ് മക്കള്‍ ഇയക്കം കാഴ്ച്ചവച്ചത് ശ്രദ്ധേയമായ മുന്നേറ്റം. ഫലപ്രഖ്യാപനം തുടരുമ്പോള്‍ ഇതുവരെ 59 ഇടങ്ങളില്‍ വിജയ് മക്കള്‍ ഇയക്കം പ്രതിനിധികള്‍ വിജയം കൈവരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാഞ്ചീപുരം, ചെങ്കല്‍പ്പാട്ട്, കല്ലാക്കുറിച്ചി, വില്ലുപുരം, റാണിപേട്ട്, തിരുപ്പത്തൂര്‍, തെങ്കാശി, തിരുനെല്‍വേലി എന്നിവിടങ്ങളിലാണ് ഫാന്‍ അസോസിയേഷന്‍ മുന്നേറ്റം നടത്തിയത്. ഒക്ടോബര്‍ 12 ന് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 13 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിക്കുകയും 46 അംഗങ്ങള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസമാണ് തലപതി വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിജയ് അനുമതി നല്‍കിയത്. പ്രചാരണത്തിനായി വിജയുടെ ഫോട്ടോകളും പേരും ഫാന്‍ അസോസിയേഷന്‍ പതാകയും ഉപയോഗിക്കാനായിരുന്നു അനുവാദം.

അതേസമയം, തന്റെ പേരില്‍ പാര്‍ട്ടി രൂപീകരിക്കുന്നത് തടയണമെന്ന് ആവിശ്യപ്പെട്ട് തമിഴ് സൂപ്പര്‍ താരം വിജയ് ഹൈക്കോടതിയെ സമീപിച്ചതും ശ്രദ്ദേയമായിരുന്നു. മാതാപിതാക്കളും ബന്ധുക്കളുമുള്‍പ്പെടെ തന്റെ പേരില്‍ പാര്‍ട്ടി രൂപീകരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് വിജയ് മദ്രാസ് ഹൈക്കോടതിയെ ഹര്‍ജി നല്‍കിയത്. അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍, അമ്മ ശോഭ ശേഖര്‍, ആരാധക സംഘടനയില്‍ ഉണ്ടായിരുന്ന എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍, എന്നിവരടക്കം 11 പേര്‍ക്കെതിരെയാണ് ഹര്‍ജി.

വിജയുടെ പേരില്‍ 'ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ മുന്നേറ്റം' എന്ന പുതിയ പാര്‍ട്ടി ആരംഭിക്കുന്നതായി അദ്ദേഹത്തിന്റെ ബന്ധു പത്മനാഭന്‍ പ്രഖ്യാപിച്ചിരുന്നു. വിജയ്യുടെ അച്ഛന്‍ ചന്ദ്രശേഖറും അമ്മ ശോഭയുമായിരുന്നു പാര്‍ട്ടിയുടെ ട്രഷറര്‍മാര്‍. എന്നാല്‍ ഇതിനെതിരെ രംഗത്ത് വന്ന വിജയ് തന്റെ പേരോ ചിത്രമോ ഉപയോഗിച്ച് പാര്‍ട്ടി രൂപീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends