കരിയര്‍ തുലഞ്ഞാലും വാക്‌സിനെടുക്കില്ലെന്ന് ക്യുബെക്കിലെ വാക്‌സിന്‍ വിരുദ്ധ നഴ്‌സുമാര്‍; വെള്ളിയാഴ്ച മുതല്‍ വാക്‌സിനെടുക്കാത്ത ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; സമയപരിധി നീട്ടില്ലെന്ന് മന്ത്രി

കരിയര്‍ തുലഞ്ഞാലും വാക്‌സിനെടുക്കില്ലെന്ന് ക്യുബെക്കിലെ വാക്‌സിന്‍ വിരുദ്ധ നഴ്‌സുമാര്‍; വെള്ളിയാഴ്ച മുതല്‍ വാക്‌സിനെടുക്കാത്ത ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; സമയപരിധി നീട്ടില്ലെന്ന് മന്ത്രി

ക്യുബെകില്‍ വെള്ളിയാഴ്ച മുതല്‍ ആയിരക്കണക്കിന് ഹെല്‍ത്ത് കെയര്‍ മേഖലയിലെ ജീവനക്കാരാണ് സസ്‌പെന്‍ഷന്‍ ചെയ്യപ്പെടാനായി ഒരുങ്ങുന്നത്. എന്നാല്‍ ജോലി നഷ്ടപ്പെട്ടാലും വാക്‌സിനെടുക്കില്ലെന്ന പിടിവാശിയിലാണ് ക്യുബെക്കിലെ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത ചില നഴ്‌സുമാര്‍. തങ്ങളുടെ മൂല്യങ്ങളെ ബഹുമാനിക്കാന്‍ കരിയര്‍ തന്നെ ത്യജിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഇവര്‍ സിബിസി ന്യൂസിനോട് പറഞ്ഞത്.


പ്രൊവിന്‍സിലെ എല്ലാ ഹെല്‍ത്ത് കെയര്‍ ജോലിക്കാരും വെള്ളിയാഴ്ചയ്ക്കുള്ളില്‍ കോവിഡ്-19ന് എതിരായ വാക്‌സിനേഷന്‍ നേടിയിരിക്കണമെന്നാണ് ക്യുബെക് ഗവണ്‍മെന്റ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന് തയ്യാറാകാത്തവരെ ശമ്പളമില്ലാതെ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് തീരുമാനം. നഴ്‌സുമാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ക്യുബെക് ഓര്‍ഡര്‍ ഓഫ് നഴ്‌സസും പ്രഖ്യാപിച്ചിട്ടുണ്ട്.

4338 നഴ്‌സുമാരാണ് ഇപ്പോഴും സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടാന്‍ ബാക്കിയുള്ളത്. അയ്യായിരത്തോളം നഴ്‌സുമാരുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് ഓര്‍ഡര്‍ പരിശോധിച്ച് വരികയാണ്. ആയിരക്കണക്കിന് മറ്റ് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരും വെള്ളിയാഴ്ച മുതല്‍ സസസ്‌പെന്‍ഷന്‍ നേരിടുന്നുണ്ട്. പ്രൊവിന്‍സിലെ 22,446 ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ പര്യാപ്തമായ തോതില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടില്ലെന്നാണ് പ്രൊവിന്‍സ് വ്യക്തമാക്കുന്നത്.

അതേസമയം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടാലും വാക്‌സിന്‍ സ്വീകരിക്കാന്‍ മനസ്സിലാത്ത അവസ്ഥയിലാണ് ചില നഴ്‌സുമാര്‍. വ്യക്തപരമായ സ്വാതന്ത്ര്യമാണ് ഇക്കാര്യത്തിലുള്ളതെന്ന് ക്യുബെക്കിലെ നഴ്‌സ് ഷാന്റെല്‍ ഹെബെര്‍ട്ട് സിബിസി ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന നിബന്ധനയില്‍ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് പ്രൊവിന്‍ഷ്യല്‍ ഹെല്‍ത്ത് മിനിസ്റ്റര്‍ ക്രിസ്റ്റ്യന്‍ ഡുബെ പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് പറയുന്നവരുടെ നിലപാടിനെ മാനിക്കുന്നു, പക്ഷെ ആ തെരഞ്ഞെടുപ്പിന് പ്രത്യാഘാതം ഉണ്ടാകും, അദ്ദേഹം വ്യക്തമാക്കി.
Other News in this category4malayalees Recommends