ഞങ്ങളുടെ കുട്ടികള്‍ക്ക് വാക്‌സിന്‍ വേണ്ട! ലണ്ടനില്‍ വാക്‌സിന്‍ വിരുദ്ധരുടെ മാര്‍ച്ച്; നിര്‍ബന്ധിത വാക്‌സിന്‍ പാസ്‌പോര്‍ട്ടും, കുട്ടികളുടെ വാക്‌സിനേഷനും അവസാനിപ്പിക്കണമെന്ന് ആവശ്യം; ബ്രിട്ടനില്‍ കോവിഡ് കേസുകള്‍ കുതിക്കുമ്പോള്‍ പ്രതിഷേധം ശരിയോ, തെറ്റോ?

ഞങ്ങളുടെ കുട്ടികള്‍ക്ക് വാക്‌സിന്‍ വേണ്ട! ലണ്ടനില്‍ വാക്‌സിന്‍ വിരുദ്ധരുടെ മാര്‍ച്ച്; നിര്‍ബന്ധിത വാക്‌സിന്‍ പാസ്‌പോര്‍ട്ടും, കുട്ടികളുടെ വാക്‌സിനേഷനും അവസാനിപ്പിക്കണമെന്ന് ആവശ്യം; ബ്രിട്ടനില്‍ കോവിഡ് കേസുകള്‍ കുതിക്കുമ്പോള്‍ പ്രതിഷേധം ശരിയോ, തെറ്റോ?

ലണ്ടനില്‍ വാക്‌സിന്‍ വിരുദ്ധരുടെ പ്രതിഷേധ മാര്‍ച്ച്. കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ വേണ്ടെന്നും, തങ്ങളുടെ ശരീരം തങ്ങളുടെ തീരുമാനം എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് വാക്‌സിന്‍ വിരുദ്ധ പ്രചാരകര്‍ തലസ്ഥാനത്ത് മാര്‍ച്ച് ചെയ്തത്. നിര്‍ബന്ധിത വാക്‌സിന്‍ പാസ്‌പോര്‍ട്ട്, കുട്ടികളിലെ വാക്‌സിനേഷന്‍ എന്നിങ്ങനെയുള്ളവയ്ക്ക് എതിരെയാണ് ഹൈഡ് പാര്‍ക്ക് കോര്‍ണറില്‍ നൂറുകണക്കിന് പേര്‍ പ്രതിഷേധവുമായി എത്തിയത്.


ആരോഗ്യമുള്ള കുട്ടികള്‍ക്ക് കോവിഡ്-19 വാക്‌സിന്‍ വേണ്ടെന്നും, കുട്ടികളെ പരീക്ഷണ വസ്തുവാക്കരുതെന്നും, വാക്‌സിന്‍ പാസ്‌പോര്‍ട്ട് ആവശ്യമില്ലെന്നും പ്രതിഷേധക്കാര്‍ അവകാശപ്പെട്ടു. 12 മുതല്‍ 15 വയസ്സ് വരെ പ്രായത്തിലുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ പരിപാടിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി ആക്ടിവിസ്റ്റുകള്‍ സ്‌കൂളുകളെ ലക്ഷ്യമിട്ട് വാക്‌സിന്‍ വിരുദ്ധത പ്രചരിപ്പിക്കുന്നുണ്ട്. മാഞ്ചസ്റ്റര്‍, ലണ്ടന്‍, ലെസ്റ്റര്‍, ലിവര്‍പൂള്‍, ലിച്ച്ഫീല്‍ഡ്, ടെല്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികളോട് വാക്‌സിനെടുക്കരുതെന്ന് ഇവര്‍ ആഹ്വാനം ചെയ്യുന്നുണ്ട്. അധ്യാപകര്‍ പോലീസിന്റെ പിന്തുണ തേടണമെന്ന് ടീച്ചിംഗ് യൂണിയനുകള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ അധ്യാപകരെയും, വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വെച്ചുള്ള പ്രതിഷേധക്കാരുടെ നടപടിയെ ഹെല്‍ത്ത് സെക്രട്ടറി നിശിതമായി വിമര്‍ശിച്ചു. നിരുത്തരവാദപരമായ, മാരകമായ ദുഷ്പ്രചരണങ്ങള്‍ ജീവനുകള്‍ നഷ്ടമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാക്‌സിന്‍ മൂലം 1698 പേര്‍ മരിച്ചെന്നും, 38438 പേര്‍ മരിച്ചെന്നുമൊക്കെ വ്യത്യസ്തമായ വാദങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്.

ബ്രിട്ടനിലെ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതിഷേധങ്ങള്‍. ശനിയാഴ്ച കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും, ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്.
Other News in this category4malayalees Recommends