ബ്രിട്ടനില്‍ എ&ഇ പ്രതിസന്ധി രൂക്ഷം; ആശുപത്രികള്‍ക്ക് പുറത്ത് രോഗികള്‍ 11 മണിക്കൂറോളം ആംബുലന്‍സില്‍ കാത്തിരിക്കുന്നു; ദുരന്തം തൊട്ടരികിലെന്ന് മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

ബ്രിട്ടനില്‍ എ&ഇ പ്രതിസന്ധി രൂക്ഷം; ആശുപത്രികള്‍ക്ക് പുറത്ത് രോഗികള്‍ 11 മണിക്കൂറോളം ആംബുലന്‍സില്‍ കാത്തിരിക്കുന്നു; ദുരന്തം തൊട്ടരികിലെന്ന് മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

ബ്രിട്ടനിലെ ആക്‌സിഡന്റ് & എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അപകടത്തിന്റെ മുനമ്പിലെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. രോഗികള്‍ ആശുപത്രികള്‍ക്ക് പുറത്ത് 11 മണിക്കൂര്‍ വരെ ആംബുലന്‍സുകളില്‍ കാത്തിരിക്കുന്ന അവസ്ഥയാണെന്നാണ് റിപ്പോര്‍ട്ട്.


രാജ്യത്തെ വിവിധ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് രോഗികളെ മാറ്റാന്‍ 20 ആംബുലന്‍സുകള്‍ വരെ ആശുപത്രികള്‍ക്ക് പുറത്ത് കാത്തിരിക്കുന്നുണ്ടെന്നാണ് ബ്രിട്ടനിലെ പാരാമെഡിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ബ്രിട്ടനിലെ എല്ലാ ആംബുലന്‍സ് സര്‍വ്വീസുകളും ഉയര്‍ന്ന ജാഗ്രതയിലാണെന്ന് അസോസിയേഷന്‍ ഓഫ് ആംബുലന്‍സ് ചീഫ് എക്‌സിക്യൂട്ടീവ്‌സ് വ്യക്തമാക്കി.

ആശുപത്രിയിലേക്ക് രോഗികളെ മാറ്റാന്‍ വേണ്ടിവരുന്ന വലിയ കാലതാമസം മുന്‍പെങ്ങുമില്ലാത്ത നിലയിലാണെന്നത് ആശങ്കപ്പെടുത്തുന്നതായി സംഘടനയുടെ മാനേജിംഗ് ഡയറക്ടര്‍ മാര്‍ട്ടിന്‍ ഫ്‌ളാഹെര്‍ട്ടി പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച നോര്‍ഫോക്ക് ഗോര്‍ലെസ്റ്റണ്‍-ഓണ്‍-സീയിലെ ജെയിംസ് പാഗെറ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന് പുറത്ത് ആംബുലന്‍സില്‍ രണ്ട് മണിക്കൂര്‍ കാത്തിരുന്ന രോഗി ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

രോഗിയെ എ&ഇയിലേക്ക് മാറ്റിയെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് മരിച്ചതെന്ന് ആശുപത്രി വക്താവ് പറഞ്ഞു. വോര്‍സ്റ്റര്‍ഷയര്‍ റോയല്‍ ഹോസ്പിറ്റല്‍, റോയല്‍ ഷ്രൂസ്ബറി ഹോസ്പിറ്റല്‍, നോര്‍ഫോക്ക് & നോര്‍വിച്ച് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, ഡാര്‍ലിംഗ്ടണ്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ദൈര്‍ഘ്യമേറിയ കാത്തിരിപ്പ് നേരിടുന്നതായാണ് റിപ്പോര്‍ട്ട്.

ആംബുലന്‍സില്‍ നിന്നും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് 15 മിനിറ്റ് കൊണ്ട് മാറ്റിയിരിക്കണമെന്നാണ് ദേശീയ ഗൈഡ്‌ലൈന്‍ പറയുന്നത്. എന്നാല്‍ നിലവില്‍ യുകെയിലെ പല ആശുപത്രികളിലും ഇത് നടക്കുന്നില്ലെന്നതാണ് സ്ഥിതി. 11 മണിക്കൂറും 46 മിനിറ്റുമാണ് വോര്‍സ്റ്റര്‍ഷയര്‍ റോയലില്‍ രോഗികളെ മാറ്റാനാണ് കാത്തിരിക്കേണ്ടി വന്നതെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ആംബുലന്‍സ് സര്‍വ്വീസ് പറഞ്ഞു.
Other News in this category4malayalees Recommends