ഭീഷണി വകവെയ്ക്കാതെ എംപി ഡേവിഡ് അമെസ് സര്‍ജറിയുമായി മുന്നോട്ട് പോയി; മുതിര്‍ന്ന എംപി വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു; പള്ളിയില്‍ വെച്ച് ജീവനെടുത്ത സംഭവവും ഭീഷണിയും തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കാതെ പോലീസ്

ഭീഷണി വകവെയ്ക്കാതെ എംപി ഡേവിഡ് അമെസ് സര്‍ജറിയുമായി മുന്നോട്ട് പോയി; മുതിര്‍ന്ന എംപി വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു; പള്ളിയില്‍ വെച്ച് ജീവനെടുത്ത സംഭവവും ഭീഷണിയും തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കാതെ പോലീസ്

എസെക്‌സിലെ പള്ളിയില്‍ വെച്ച് കോണ്‍സ്റ്റിറ്റിയൂവന്‍സി സര്‍ജറി നടത്തവെ ഭീകരന്റെ കുത്തേറ്റ് മരിച്ച എംപി സര്‍ ഡേവിഡ് അമെസിന് സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഭീഷണിപ്പെടുത്തിയ വിവരം പോലീസില്‍ അറിയിച്ചെങ്കിലും കണ്‍സര്‍വേറ്റീവ് എംപി വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ജറിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ലേ-ഓണ്‍-സീയിലെ ബെല്‍ഫെയേഴ്‌സ് മെത്തേഡിസ്റ്റ് ചര്‍ച്ചില്‍ യോഗം നടക്കവെയാണ് കത്തിക്കുത്തില്‍ എംപിയുടെ ജീവന്‍ പൊലിഞ്ഞത്.


ഇതിനിടെ രാഷ്ട്രീയ നേതാവിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ അലി ഹര്‍ബി അലിയുടെ കുട്ടിക്കാല വസതിയില്‍ പോലീസ് റെയ്ഡ് നടത്തി. എസെക്‌സ് പോലീസിന് ഭീഷണിയെക്കുറിച്ച് വിവരം ലഭിച്ചെങ്കിലും ഇതിന് വെള്ളഴിയാഴ്ചത്തെ അക്രമവുമായി ബന്ധമുണ്ടെന്ന് അധികൃതര്‍ക്ക് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മുന്‍ ലേ-ഓണ്‍-സീ മേയറും, സര്‍ ഡേവിഡിന്റെ അടുത്ത പ്രവര്‍ത്തകനുമായിരുന്ന ജോണ്‍ ലാംബാണ് എംപിക്ക് ഏതാനും ദിവസം മുന്‍പ് ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള ഭീഷണി നേരിട്ടതായി വെളിപ്പെടുത്തിയത്.

'പോലീസിന് സര്‍ ഡേവിഡിന് എതിരായ ഭീഷണിയെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. ലോക്കല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഓഫീസുകള്‍ വഴിയല്ല ഇത് ലഭിച്ചത്. ഏത് വിധത്തിലുള്ള ഭീഷണിയായിരുന്നു എന്നും വ്യക്തമല്ല. ബുദ്ധിമുട്ടിക്കുന്ന തരത്തിലായതിനാല്‍ പോലീസില്‍ വിവരം അറിയിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെയാണ് സംഭവം', ജോണ്‍ ലാംബ് ടെലിഗ്രാഫിനോട് പറഞ്ഞു.

സൗത്ത് ലണ്ടന്‍, ക്രോയ്‌ഡോണിലെ തിരക്കുകുറഞ്ഞ തെരുവില്‍ സ്ഥിതി ചെയ്യുന്ന വീട്ടില്‍ പോലീസ് തെരച്ചില്‍ നടത്തി. 25-കാരനായ അലി ഇവിടെയാണ് കൗമാരപ്രായത്തില്‍ വളര്‍ന്നതെന്നാണ് കരുതുന്നത്. സര്‍ക്കാരിന്റെ തീവ്രവാദ വിരുദ്ധ പ്രിവന്റ് പ്രോഗ്രാമില്‍ അലിയെ തിരിച്ചറിഞ്ഞ് മുന്നറിയിപ്പും നല്‍കിയിരുന്നു. അലിയുടെ അറസ്റ്റ് മുന്‍ സൊമാലിയന്‍ ഉദ്യോഗസ്ഥനായ പിതാവ് ഹര്‍ബി അലി കുലാനെയും ഞെട്ടലിലാണ്.

അലിയും എന്‍എച്ച്എസിനായി ജോലി ചെയ്തിരുന്നുവെന്ന് തന്നോട് പറഞ്ഞിട്ടുള്ളതായി ഒരു അയല്‍വാസി പ്രതികരിച്ചു. ഏത് സ്ഥാനത്താണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് വ്യക്തമല്ല. ഇയാളുടെ ഒരു സഹോദരിയും എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നുണ്ട്. നല്ലൊരു കുടുംബമായിട്ടും അലി ഈ വിധത്തില്‍ പ്രവര്‍ത്തിച്ചത് അയല്‍ക്കാരെയും ഞെട്ടിച്ചിട്ടുണ്ട്.
Other News in this category4malayalees Recommends