മണ്ണിനടിയില്‍ കെട്ടിപ്പുണര്‍ന്ന് മൂന്നു കുഞ്ഞുങ്ങള്‍, മുണ്ടക്കയത്തെ ദുരന്തകാഴ്ചകള്‍ തീരാ വേദനയാകുന്നു

മണ്ണിനടിയില്‍ കെട്ടിപ്പുണര്‍ന്ന് മൂന്നു കുഞ്ഞുങ്ങള്‍, മുണ്ടക്കയത്തെ ദുരന്തകാഴ്ചകള്‍ തീരാ വേദനയാകുന്നു
മണ്ണിനടിയില്‍ കെട്ടിപ്പുണര്‍ന്ന് കിടന്ന മൂന്ന് കുഞ്ഞുങ്ങളുടെ മുഖം ഇന്ന് മുണ്ടക്കയത്തെ ദുരന്തകാഴ്ചയാണ്. മണ്ണുമാറ്റിയെത്തിയ രക്ഷാപ്രവര്‍ത്തകര്‍ പോലും നടുങ്ങി. കുഞ്ഞുങ്ങളുടെ കിടപ്പ് അത്രമേല്‍ വേദനിപ്പിക്കുന്നതായിരുന്നു. കൊക്കയാര്‍ കല്ലുപുരയ്ക്കല്‍ വീട്ടില്‍ അംന (7), അഫ്‌സാര (8), അഹിയാന്‍ (4) എന്നീ കുരുന്നുകളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഇവര്‍ക്കൊപ്പം അമീന്‍ എന്ന കുഞ്ഞുകൂടി ഉരുള്‍പൊട്ടലില്‍പ്പെട്ട് മരണപ്പെട്ടു. കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളാണ് അഫ്‌സാരയും അഹിയാനും. ഫൈസലിന്റെ സഹോദരി ഫൗസിയയുടെ മക്കളാണ് അംനയും അമീനും. അമീന്റെയും ഫൗസിയയുടെയും മൃതദേഹങ്ങള്‍ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്.

ഞായറാഴ്ച ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കാഞ്ഞിരപ്പള്ളിയിലെ ഭര്‍തൃവീട്ടില്‍നിന്നു കൊക്കയാറിലെ വീട്ടിലെത്തിയതായിരുന്നു ഫൗസിയ സിയാദും മക്കളും. പിതാവ് കല്ലുപുരയ്ക്കല്‍ നസീറും അമ്മ റംലയും ശനിയാഴ്ച രാവിലെ മുണ്ടക്കയത്തെ ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. തിരിച്ചുള്ള വഴിയില്‍ വെള്ളം ഉയര്‍ന്നതിനാല്‍ വീട്ടിലേയ്ക്ക് എത്താന്‍ സാധിച്ചില്ല.

ഫൗസിയയുടെ സഹോദരന്‍ ഫൈസല്‍ പുറത്തേക്കുപോയെങ്കിലും മക്കളായ അഫ്‌സാരയും അഹിയാനും വീട്ടിലുണ്ടായിരുന്നു. പുറത്തുനടക്കുന്നതൊന്നുമറിയാതെ നാലുപേരും ചേര്‍ന്ന് കളികളില്‍ മുഴുകിയിരിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെ ഉരുള്‍പൊട്ടി ഇറങ്ങുകയായിരുന്നു. വിവാഹവീട് സന്ദര്‍ശിക്കാന്‍ പോകാനിരിക്കുകയായിരുന്നു ഈ കുടുംബം. തിരികെയെത്തിയ അവര്‍ കണ്ടത് വീടിരുന്ന സ്ഥലത്ത് ഒരു ചെളിക്കൂന മാത്രമായിരുന്നു. മക്കളുടെ വിയോഗം കുടുംബത്തിന് തീരാവേദനയാവുകയാണ്.


Other News in this category4malayalees Recommends