ഒരു കുടുംബത്തെ ഒന്നാകെ ഭൂമുഖത്തുനിന്നും ഇല്ലാതാക്കി പേമാരി ; വിശ്വസിക്കാനാകാതെ അയല്‍ക്കാര്‍

ഒരു കുടുംബത്തെ ഒന്നാകെ ഭൂമുഖത്തുനിന്നും ഇല്ലാതാക്കി പേമാരി ; വിശ്വസിക്കാനാകാതെ അയല്‍ക്കാര്‍
മാര്‍ട്ടിന്റെ കുടുംബത്തെ ഒന്നാകെ ഭൂമുഖത്തുനിന്നും ഇല്ലാതാക്കിയ പേമാരിയുടെ ക്രൂരത ഇനിയും അയല്‍ക്കാര്‍ക്ക് വിശ്വസിക്കാനാകുന്നില്ല. ഒറ്റലാങ്കല്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളുമാണ് മരണത്തിന് കീഴടങ്ങിയത്. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരുടെ കരുതലും കളിചിരികളും ഈ അയല്‍വക്കത്ത് നിന്നും പാടെ മാഞ്ഞുപോയത് വിശ്വസിക്കാന്‍ പ്രയാസമാണ്.

മാര്‍ട്ടിന്റെ കുടുംബത്തിന്റേതെന്ന് പറയാനായി അധികമൊന്നും ബാക്കിവെച്ചിട്ടില്ല. ഇവര്‍ വെച്ച രണ്ടേക്കര്‍സ്ഥലത്ത് ഒടിഞ്ഞുകിടക്കുന്ന റബ്ബര്‍ തൈകളും വീടിന്റെ ചെറിയ അവശിഷ്ടങ്ങളും മാത്രമാണ് ഓര്‍മ നിലനിര്‍ത്താന്‍ ഇവിടെ ഇനിയുള്ളത്. മാര്‍ട്ടിന്‍ റോഡരികില്‍ ചാരിവെച്ച ബൈക്കും ഇവരുടെ വളര്‍ത്തുനായയും മാത്രം ഈ കുടുംബത്തിന്റേതായി മണ്ണെടുക്കാതെ ബാക്കിയായി.

വര്‍ഷങ്ങളായി കേരളത്തിന്റെ പല ഭാഗത്തുമായി റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിങ് ജോലിചെയ്തു വരികയായിരുന്നു മാര്‍ട്ടിന്‍. പിതാവിന്റെ മരണശേഷമാണ് സ്ഥിരമായി വീട്ടില്‍ നില്‍ക്കാന്‍ തുടങ്ങിയത്. പാലക്കാട് റബ്ബര്‍ ടാപ്പിങ്ങിന് പോയപ്പോള്‍ പരിചയപ്പെട്ട സിനിയെയാണ് വിവാഹം കഴിച്ചത്. മാര്‍ട്ടിന്‍ ഏകമകനായിരുന്നു. അതിനാല്‍ അധികം അടുത്ത ബന്ധുക്കളില്ല. സിനിക്ക് പാലക്കാട്ടും അത്ര അടുത്ത ബന്ധുകളില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ഇടയ്ക്ക്, മാര്‍ട്ടിന്‍ കാഞ്ഞിരപ്പള്ളിയിലെ ഒരു കടയിലും ജോലിചെയ്തിരുന്നു. മൂന്നുമാസം മുന്‍പ് അര്‍ബുദം സ്ഥിരീകരിച്ചതോടെ ഈ ജോലി നിര്‍ത്തി. അടുത്തിടെ അര്‍ബുദ ചികിത്സയ്ക്കായി പോയിവന്നപ്പോള്‍ മാര്‍ട്ടിന് കോവിഡും ബാധിച്ചിരുന്നു.

പിന്നീട് കുറച്ചുനാള്‍മുമ്പ് ആടുവളര്‍ത്തല്‍ തുടങ്ങി. ഒരേസമയം 40 ആടുകളെ വരെ വളര്‍ത്തിയിരുന്നു. അടുത്തിടെ ഇവയുടെ എണ്ണം 20 ആക്കി കുറച്ചു. സ്വന്തം ഭൂമിയിലെ റബ്ബര്‍ വെട്ടാറായിട്ടില്ല. മൂന്ന് മക്കളെയും പഠിപ്പിച്ച് ഒരു നിലയിലാക്കാന്‍ ഭാവിയില്‍ റബ്ബര്‍ സഹായിക്കുമെന്നായിരുന്നു മാര്‍ട്ടിന്റെ പ്രതീക്ഷ. പക്ഷേ, എല്ലാ സ്വപ്നങ്ങളേയും മണ്ണില്‍ കുഴിച്ചുമൂടിയാണ് ദുരിതപ്പെയ്ത്തായി മഴയെത്തിയത്.

Other News in this category4malayalees Recommends