ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന കുറേ മനോരോഗികളുണ്ട്. അവരാണ് നമ്മുടെ നാട്ടില്‍ ഇതൊക്കെ ചര്‍ച്ചയാക്കുന്നത് ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന കുറേ മനോരോഗികളുണ്ട്. അവരാണ് നമ്മുടെ നാട്ടില്‍ ഇതൊക്കെ ചര്‍ച്ചയാക്കുന്നത് ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി
കാസര്‍കോട് നടന്ന വിവാഹത്തില്‍ പങ്കെടുത്ത ചിത്രങ്ങള്‍ പങ്കുവെച്ചതിനു പിന്നാലെയുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. വധുക്കളുടെ ചിത്രമില്ലാതെ രണ്ട് വരന്‍മാരുടെ ചിത്രം മാത്രം പങ്കുവെച്ചത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ വധുക്കളെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതല്ലെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത്. മുസ്ലിം വിവാഹത്തെക്കുറിച്ച് ധാരണയുളള ആര്‍ക്കും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നും ചിത്രത്തിലില്ല. ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികളാണ് വിമര്‍ശനത്തിനു പിന്നിലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

മുസ്ലിം കല്യാണത്തിന് നിക്കാഹും കല്യാണവും വേറെയായാണ് നടക്കുന്നത്. നിക്കാഹ് വേദിയിലെത്തിയ സമയത്ത് ഇരട്ട സഹോദരന്‍മാരുടെ മണവാട്ടിമാര്‍ ഡ്രസ് മാറാനായി പോയിരിക്കുകയായിരുന്നു. രണ്ട് മണിക്ക് ഓഡിറ്റോറിയം വിടേണ്ടതാണ്. അവര്‍ തന്നെ കാത്തു നില്‍ക്കുകയായിരുന്നു. മറ്റ് ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ താന്‍ വരന്‍മാര്‍ക്കും വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും ഒപ്പം ചിത്രങ്ങളെടുത്ത് മടങ്ങിപ്പോയി. മുസ്ലിം വിവാഹ ചടങ്ങുകളെക്കുറിച്ച് ധാരണയുള്ള ആര്‍ക്കും തന്നെ ഉണ്ടാവാന്‍ ഇടയില്ലാത്ത സംശയങ്ങളാണ് ചിത്രത്തിന് താഴെ കമന്റുകളായി വന്നതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കാസര്‍കോട്ടെ കല്യാണങ്ങളെക്കുറിച്ച് അറിയാവുന്നവര്‍ക്ക് അറിയാം അവിടെ വിവാഹം ദിവസങ്ങള്‍ നീളുന്ന പരിപാടിയാണ്. വീടുകളില്‍ നടക്കുന്ന റിസപ്ഷനിലാണ് മണവാട്ടികളുമൊന്നിച്ചുള്ള ചിത്രം വരാറെന്നും ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. അല്ലെങ്കില്‍ രണ്ട് പുരുഷന്‍മാര്‍ തമ്മിലുള്ള വിവാഹത്തില്‍ താന്‍ പങ്കെടുത്താല്‍ എന്താണ് കുഴപ്പമെന്നും ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന കുറേ മനോരോഗികളുണ്ട്. അവരാണ് നമ്മുടെ നാട്ടില്‍ ഇതൊക്കെ ചര്‍ച്ചയാക്കുന്നതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

വധുക്കളില്ലാതെ വരന്‍മാരോടൊപ്പം മാത്രം ഫോട്ടോയ്ക്ക് പോസ് ചെയ്ത ഉണ്ണിത്താനെ പരിഹസിച്ച് ഇന്നലെ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. 'ഇന്ന് വിവാഹിതരായ മഞ്ചേശ്വരത്തെ സിനാനും ഷഫീഖ്‌നുമൊപ്പം' എന്ന തലക്കെട്ടോടെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഫേസ്ബുക്കില്‍ ആംശസ പോസ്റ്റ് ചെയ്തിരുന്നു. തലക്കെട്ട് സ്വവര്‍ഗ വിവാഹത്തിന്റെ സൂചന നല്‍കുന്നതാണെന്ന് കാണിച്ചാണ് ഹരീഷ് വാസുദേവന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചത്.

Other News in this category4malayalees Recommends