ഇംഗ്ലണ്ടില്‍ ജിപിമാര്‍ക്ക് വലിയ ജോലി ഭാരമാണെന്നാണ് പറയപ്പെടുന്നത്. അതിലേറെ ഭാരം പേറുന്ന നഴ്സുമാര്‍ക്ക് ഇതിന് പരിഹാരം നല്‍കുന്നില്ലെന്ന് മാത്രമല്ല, ആവശ്യത്തിന് ശമ്പളം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. എന്നാല്‍ ജിപിമാര്‍ക്ക് വലിയ സമ്മര്‍ദമില്ലാതെ ജോലി ചെയ്യാന്‍ പ്രധാനമന്ത്രിയേക്കാള്‍ ഉയര്‍ന്ന ശമ്പളവും നല്കപ്പെടുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടില്‍ നല്കുന്ന ജിപി അപ്പോയിന്റ്മെന്റുകളില്‍ പകുതിക്ക് മുകളില്‍ മാത്രമാണ് രോഗികള്‍ക്ക് ക്വാളിഫൈഡ് ഡോക്ടറെ കാണാന്‍ സാധിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.
ജൂലൈയില്‍ നല്കിയ കണ്‍സള്‍ട്ടേഷനുകളില്‍ 52 ശതമാനം മാത്രമാണ് യഥാര്‍ത്ഥ ജിപി രോഗികള്‍ക്ക് മുന്നിലെത്തിയത്. ബാക്കിയുള്ള രോഗികളുടെ ചികിത്സ നഴ്സുമാരും, ഫാര്‍മസി അസിസ്റ്റന്റുകളും, ചില കേസുകളില്‍ അക്യുപംക്ചറിസ്റ്റുകളുമാണ് നിര്‍വ്വഹിച്ചത്. എന്‍എച്ച്എസ് ഡിജിറ്റല്‍ ഡാറ്റ പ്രകാരം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മൂന്നില്‍ രണ്ട് കേസുകളിലും ജിപിമാര്‍ക്ക് പകരം മറ്റാരെയെങ്കിലുമാണ് കാണാന്‍ അപ്പോയിന്റ്മെന്റ് ലഭിക്കുന്നത്.
എന്നാല്‍ ഈ കണക്കുകള്‍ പുറത്തുവന്നതോടെ ന്യായീകരണവുമായി റോയല്‍ കോളേജ് ഓഫ് ജിപി'സ് രംഗത്തെത്തി. ഒരു രോഗിയെ എപ്പോഴും ഫാമിലി ഡോക്ടര്‍മാര്‍ കാണേണ്ടതില്ലെന്നാണ് ഇവരുടെ വാദം. എന്നാല്‍ ജിപിമാരുടെ ജോലിഭാരം കുറയ്ക്കാന്‍ രോഗികളെ വഴിതിരിച്ച് വിടുകയാണ് ചെയ്യുന്നതെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.
ജിപിമാരെ മുഖാമുഖം കാണുന്നത് സംബന്ധിച്ച് ഡോക്ടര്‍മാരും, ഹെല്‍ത്ത് സെക്രട്ടറിയും വടംവലി നടത്തവെയാണ് ജിപിമാരുടെ 'സേവന' കണക്കുകള്‍ പുറത്തെത്തുന്നത്. രോഗികളെ നേരില്‍ കാണുന്നത് വര്‍ദ്ധിപ്പിക്കാത്ത സര്‍ജറികളുടെ പേരുവിവരങ്ങള്‍ പുറത്തുവിടുമെന്നാണ് മന്ത്രിമാര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
ഈ ഘട്ടത്തിലാണ് സമ്മര്‍ദത്തില്‍ മുങ്ങിയ നഴ്സുമാര്‍ ഡോക്ടര്‍മാരുടെ ജോലി നിര്‍വ്വഹിക്കേണ്ടി വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നത്. 50 ശതമാനത്തിന് അടുത്ത് മാത്രമാണ് ഡോക്ടര്‍മാര്‍ രോഗികളെ കാണുന്നതെങ്കില്‍ ബാക്കി പകുതി ചികിത്സയും നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍വ്വഹിക്കുകയാണ്. അതിന് അനുസൃതമായ ശമ്പളം നഴ്സുമാര്‍ നല്കുന്നുണ്ടോയെന്ന ചോദ്യമാണ് ഈ അവസരത്തില്‍ പ്രസക്തമാകുന്നത്.