ഇഞ്ചക്ഷന്‍ എടുക്കുമെന്ന ഭയത്തില്‍ പട്ടികടിയേറ്റെന്ന കാര്യം പറഞ്ഞില്ല ; 14 കാരന്റെ മരണം പേവിഷബാധ മൂലമെന്ന് നിഗമനം

ഇഞ്ചക്ഷന്‍ എടുക്കുമെന്ന ഭയത്തില്‍ പട്ടികടിയേറ്റെന്ന കാര്യം പറഞ്ഞില്ല ; 14 കാരന്റെ മരണം പേവിഷബാധ മൂലമെന്ന് നിഗമനം
അര്‍ത്തുങ്കലില്‍ ഒന്‍പതാംക്ലാസില്‍ പഠിക്കുന്ന രാജേഷി (14)ന്റെ മരണം പേവിഷബാധമൂലമെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ്. രാജേഷിന്റെയും ത്രേസ്യാമ്മയുടെയും മകന്‍ നിര്‍മല്‍ രാജേഷ് (14) ആണു മരിച്ചത്. ശാരീരിക അസ്വസ്ഥതകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച കുട്ടി ഇക്കഴിഞ്ഞ 16നാണു മരിച്ചത്. പരിശോധിച്ച ഡോക്ടര്‍മാരുടെയും പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണു നിഗമനം.

കൂടുതല്‍ പരിശോധനയ്ക്കായി ആന്തരികാവയവങ്ങളും സ്രവവും പാലോടുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഡിസീസിലും ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് ലാബിലും പരിശോധനയ്ക്കയച്ചിരിക്കുകയാണ്.

ഓഗസ്റ്റില്‍ നിര്‍മലിന്റെ അനുജന്‍ അമലിന്റെ മുഖത്തു പട്ടിയുടെ നഖംകൊണ്ടു പോറലേറ്റിരുന്നു. തുടര്‍ന്ന് അന്ന് അതിനുചുറ്റും കുത്തിവെപ്പ് എടുക്കുകയും ചെയ്തു. പിന്നാലെ ഈയിടെ നിര്‍മലിന്റെ മുഖത്തും മുറിവേറ്റിരുന്നു. സൈക്കിളില്‍നിന്നു വീണതാണെന്നാണു കുട്ടി വീട്ടുകാരോടു പറഞ്ഞത്. കുത്തിവെപ്പിനെ ഭയന്നാകാം ഇതെന്നു കരുതുന്നു. എന്നാല്‍, കൂട്ടുകാരോടു പട്ടിയില്‍നിന്നാണ് മുറിവേറ്റതാണെന്നാണു പറഞ്ഞത്.

ഇതേതുടര്‍ന്ന് വീട്ടില്‍വളര്‍ത്തുന്ന പട്ടിയെ വെറ്ററിനറി സര്‍ജന്‍ പരിശോധിച്ചെങ്കിലും പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. പട്ടിയെ വീട്ടില്‍ത്തന്നെ നിരീക്ഷിക്കും. പട്ടിയില്‍നിന്നു മുറിവുണ്ടായിട്ടും യഥാസമയം വാക്‌സിന്‍ സ്വീകരിക്കാത്തതാണു മരണ കാരണമെന്നാണു വിലയിരുത്തല്‍.

കുട്ടിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന 12 പേര്‍ക്കു പേവിഷബാധ പ്രതിരോധ കുത്തിവെപ്പു നല്‍കി. തിങ്കളാഴ്ച ജില്ലാ ജാഗ്രതാ ഓഫീസര്‍ ഡോ. എസ്. ഷാജിയും സംഘവും വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.

Other News in this category4malayalees Recommends