കുഞ്ഞിനെ എടുത്തുകൊണ്ടുപോയെന്ന പരാതി ; അനുപമയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കുഞ്ഞിനെ എടുത്തുകൊണ്ടുപോയെന്ന പരാതി ; അനുപമയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
പേരൂര്‍ക്കടയില്‍ അനുപമ എന്ന യുവതിയുടെ കുഞ്ഞിനെ സമ്മതമില്ലാതെ കടത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. യുവതി പരാതി കൊടുത്ത് ആറ് മാസത്തിന് ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ, സഹോദരി, സഹോദരി ഭര്‍ത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ ഒക്ടോബര്‍ 19 ന് ആണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേല്‍പിക്കാം എന്ന് പറഞ്ഞ് അച്ഛനും അമ്മയും കൊണ്ടുപോവുകായായിരുന്നുവെന്നാണ് അനുപമയുടെ പരാതി. ദുരഭിമാനത്തെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് അനുപമയുടെ ആരോപണം. കുഞ്ഞിന്റെ ഒന്നാം പിറന്നാളാണ് ഇന്ന്.

ഏപ്രില്‍ 19 നാണ് കുഞ്ഞിനെ അച്ഛനും അമ്മയും എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് അനുപമ പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കിയത്. പക്ഷേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ പോലീസ് തയ്യാറാവാത്തത് വലിയ വിവാദമായിരുന്നു. കുഞ്ഞിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോയിട്ടും ഇതുവരെയും തിരിച്ച് നല്‍കിയില്ലെന്നാണ് യുവതിയുടെ പരാതി.

അതേസമയം, അനുപമയുടെ സമ്മതത്തോടെ കുട്ടിയെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പിച്ചുവെന്നാണ് അനുപമയുടെ അച്ഛന്റെ വാദം. അനുപമയുടെ പരാതി ഏറ്റെടുക്കാനാവില്ലെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇന്നലെ അനുപമയെ അറിയിച്ചിരുന്നു.

പരാതി അന്വേഷിക്കാതെ പോലീസും പരാതി സ്വീകരിക്കാനാവില്ലെന്ന് പറഞ്ഞ് സിഡബ്ല്യൂസിയും നേരത്തെ അനുപമയെ കൈയ്യൊഴിഞ്ഞിരുന്നു. പ്രസവിച്ച് മൂന്നാം ദിവസം രക്ഷിതാക്കള്‍ കൊണ്ടുപോയ കുഞ്ഞ് എവിടെയാണെന്ന് അനുപമയെ ആരും അറിയിച്ചില്ല. സഹോദരിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും കുട്ടിയെ കിട്ടില്ലെന്നായപ്പോള്‍ അനുപമ വീടുവിട്ടിറങ്ങി. കുട്ടിയുടെ അച്ഛനായ അജിത്തിനൊപ്പം താമസം തുടങ്ങിയതിന് ശേഷം വീണ്ടും പരാതികളുമായി പോലീസ് സ്‌റ്റേഷനില്‍ ഉള്‍പ്പടെ കയറി ഇറങ്ങുകയാണ് അനുപമ.

Other News in this category4malayalees Recommends