എന്റെ കാറ് തല്ലിപ്പൊളിക്കാന്‍ ആരാണ് അനുവാദം നല്‍കിയത്, മധു ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് എല്ലാവരും അടിച്ചു കൊന്നത് പോലെയാണ് എനിക്ക് തോന്നിയത്: ഗായത്രി സുരേഷ്

എന്റെ കാറ് തല്ലിപ്പൊളിക്കാന്‍ ആരാണ് അനുവാദം നല്‍കിയത്, മധു ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് എല്ലാവരും അടിച്ചു കൊന്നത് പോലെയാണ് എനിക്ക് തോന്നിയത്: ഗായത്രി സുരേഷ്
വാഹനഅപകടത്തെ തുടര്‍ന്ന് നടി ഗായത്രി സുരേഷിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച വീഡിയോ വൈറലായതോടെ വിശദീകരണവുമായി ഗായത്രി ലൈവിലെത്തിയെങ്കിലും രൂക്ഷമായ വിമര്‍ശനങ്ങളാണ് താരം വീണ്ടും നേരിടേണ്ടി വന്നത്. കാക്കനാട് സംഭവിച്ച അപകടത്തെ കുറിച്ചും അതിനു ശേഷമുണ്ടായ വിവാദങ്ങളെ കുറിച്ചും മൂവിമാന്‍ യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. പേടിപ്പെടുത്തുന്ന നിമിഷങ്ങളാണ് അവിടെ ഉണ്ടായതെന്നും പൊലീസിനോട് പല കാര്യങ്ങളും തുറന്നു പറഞ്ഞില്ലെന്നും നടി പറയുന്നു.

കാക്കനാട് ഭാഗത്താണ് അപകടം നടക്കുന്നത്. മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതിനിടെ തൊട്ടു മുന്നിലുള്ള വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഉരഞ്ഞു. റോഡില്‍ നല്ല തിരക്കായതു കൊണ്ട് നിര്‍ത്താന്‍ കഴിഞ്ഞില്ല. കുറച്ച് മുന്നോട്ട് പോയപ്പോഴാണ് അപകടം നടന്ന കാറിലെ ആളുകള്‍ ഞങ്ങളുടെ പുറകെ ഉണ്ടെന്ന് മനസ്സിലായത്. അങ്ങനെ അവര്‍ ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചു. കാര്‍ ഞങ്ങളുടെ മുന്നില്‍ നിര്‍ത്തി.

ഒരു പയ്യന്‍ പുറത്തിറങ്ങി, എന്റെ വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഇടിച്ചുപൊളിച്ച് വീട്ടുകാരെ അസഭ്യം പറഞ്ഞു. അപ്പോഴാണ് ഞങ്ങള്‍ കാറില്‍ നിന്ന് ഇറങ്ങേണ്ടെന്ന് തീരുമാനിച്ചത്. ആ സംഭവം ഉണ്ടായതോടെ വണ്ടി അവിടെ നിന്നെടുത്തു. ഉടനെ അവരും പുറകെ. കുറച്ചുദൂരം ചെന്നശേഷം അവര്‍ ഞങ്ങളുടെ കാറിനു മുന്നില്‍ വട്ടംവെച്ച് നിര്‍ത്തി. അതിനുശേഷം നടന്നതാണ് നിങ്ങള്‍ ആ വീഡിയോയില്‍ കണ്ടത്.

'ഇത് ഇത്രയും വലിയ പ്രശ്‌നമാകാന്‍ കാരണം ഞാനൊരു സെലിബ്രിറ്റി ആയതു കൊണ്ടാണ്. സാധാരണക്കാരായിരുന്നെങ്കില്‍ അവര്‍ ആരും വീഡിയോ എടുക്കാന്‍ പോകുന്നില്ല. ഞാന്‍ ഉള്‍പ്പെട്ടതു കൊണ്ട് ഇതൊരു വലിയ പ്രശ്‌നമായി മാറി. ആ വീഡിയോയില്‍ കണ്ടത് മാത്രമല്ല അവിടെ നടന്നത്. ഇരുപത് മിനിറ്റോളം അവിടെ ഉണ്ടായിരുന്ന ആളുകളോട് ഞാന്‍ മാറിമാറി സോറി പറഞ്ഞിട്ടുണ്ട്. അവസാനം പൊലീസ് വന്നു, അവരോട് വലിയ കടപ്പാടുണ്ട്. 'മോള് കാറിനുള്ളില്‍ കയറി ഇരുന്നോളൂ' എന്ന് പറഞ്ഞ് അവര്‍ ആദ്യം തന്നെ എന്നെ സുരക്ഷിതയാക്കി.'

'വണ്ടി നിര്‍ത്താതെ പോയി എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. വണ്ടിയുടെ സൈഡ് മിററാണ് ഇടിച്ചത്. റോഡില്‍ നല്ല തിരക്കും. ആ സമയത്ത് വണ്ടി ഞങ്ങള്‍ ഓടിച്ചുപോയി. ഇവര്‍ പുറകെ വരുന്നുണ്ടെന്ന് വിചാരിക്കുന്നില്ല.'

'ഞാന്‍ പെര്‍ഫക്ട് ആയുള്ള സ്ത്രീ ആകണമെന്നില്ല. എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്ത്രീയാണ്. ടെന്‍ഷന്റെ പുറത്ത് സംഭവിച്ചതാണ്. ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചതിനു ശേഷം അവര്‍ ഉപയോഗിച്ച ഭാഷ കേള്‍ക്കണം. സത്യത്തില്‍ അപകടത്തില്‍ സൈഡ് മിററിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. ബാക്കി തകര്‍ത്തത് ആളുകള്‍ ആണ്. ഫ്രണ്ട് മിററും ബാക്ക് മിററും ഇടിച്ചു പൊളിച്ചു. കാറില്‍ ചവിട്ടി, ഇടിച്ചു.

ഇങ്ങനെയൊരു അപകടം നടന്നാല്‍ അവരുടെ അച്ഛനോ അമ്മയോ സഹോദരിയോ ആണ് വണ്ടിയില്‍ ഉള്ളതെങ്കില്‍ ഇങ്ങനെ വീഡിയോ എടുക്കുമോ? '

'അതിനുപകരം ഒരു മനഃസാക്ഷിയുമില്ലാതെ വീഡിയോ എടുത്ത് അത് പാട്ടാക്കുക. നമ്മുടെ നാട്ടിലെ ആളുകള്‍ ഇങ്ങനെയാണോ? നമുക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്. അവിടെയുള്ള ആളുകളുടെ പ്രതികരണം പേടിപ്പിക്കുന്നതായിരുന്നു. വീട്ടുകാരെ എന്തൊക്കെ മോശമായി പറഞ്ഞു. പൊലീസുകാര്‍ വന്നിട്ട് നിങ്ങള്‍ പോയാല്‍ മതിയെന്ന് പറഞ്ഞ് മാന്യമായി ഞങ്ങളോട് ഇടപെടാമായിരുന്നു.

'എടീ, നീ എന്നൊക്കെ വിളിക്കുവാനും എന്റെ കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവര്‍ക്ക് അനുവാദം നല്‍കിയത്. മധു എന്ന ആള് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആ ആളെ എല്ലാവരും അടിച്ചുകൊന്നില്ലേ. അതുപോലെയാണ് ഈ സംഭവത്തെ ഞാന്‍ ഓര്‍ക്കുന്നത്.

Other News in this category



4malayalees Recommends