എംഎംഎ മെയ്ഡ്‌സ്റ്റോണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ ജോമേഷ് ഐസക് സഖ്യത്തിന് കിരീടം

എംഎംഎ മെയ്ഡ്‌സ്റ്റോണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ ജോമേഷ്  ഐസക് സഖ്യത്തിന് കിരീടം
മെയ്ഡ്‌സ്റ്റോണ്‍: കെന്റിലെ പ്രമുഖ മലയാളി കൂട്ടായ്മയായ മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ഓള്‍ യുകെ മെന്‍സ് ഡബിള്‍!സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നോര്‍ത്താംപ്ടണില്‍ നിന്നുള്ള ജോമേഷ് ഐസക്ക് സഖ്യം കിരീടം നേടി. ഫൈനലില്‍ ആവേശോജ്വല പോരാട്ടം കാഴ്ചവച്ചാണ് ഇവര്‍ ശക്തരായ ജെയ്‌സണ്‍ റോബിന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി കപ്പുയര്‍ത്തിയത്. ടണ്‍ബ്രിഡ്ജ് വെല്‍സില്‍ നിന്നുള്ള സെബാസ്റ്റ്യന്‍ എബിന്‍ സഖ്യം മൂന്നാം സ്ഥാനവും സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള റെയ്‌ക്കോ ജീന്‍ നാലാം സ്ഥാനവും കരസ്ഥമാക്കി.

ഒക്ടോബര്‍ 16 ശനിയാഴ്ച രാവിലെ 9 മണിക്ക് മെയ്ഡ്‌സ്റ്റോണ്‍ സെന്റ്. അഗസ്റ്റിന്‍ അക്കാദമിയിലെ ബാഡ്മിന്റണ്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച ടൂര്‍ണമെന്റ് എംഎംഎ പ്രസിഡന്റ് രാജി കുര്യന്‍ ഉദഘാടനം ചെയ്തു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 40 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തത്. എട്ടു ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ ഗ്രൂപ്പ് ലെവല്‍ മത്സരങ്ങള്‍ അഞ്ചു കോര്‍ട്ടുകളിലായി ഒരേസമയം മുന്നേറി. ലണ്ടനില്‍ നിന്നുള്ള ഭാവിവാഗ്ദാനങ്ങളായ ജൊഹാന്‍ ജോയല്‍ സഖ്യം ഉള്‍പ്പെടെ ശക്തരായ നിരവധി ടീമുകളുടെ കായിക പ്രകടനം കാണികള്‍ക്ക് തീര്‍ത്തും അവിസ്മരണീയമായ അനുഭവമാണ് സമ്മാനിച്ചത്.

ചാമ്പ്യന്മാര്‍ക്ക് എച്ച്‌സി 24 ഹെല്‍ത്ത് കെയര്‍ സ്റ്റാഫിംഗ് സ്‌പോണ്‍സര്‍ ചെയ്ത 301 പൗണ്ടും എംഎംഎ ഏര്‍പ്പെടുത്തിയ ട്രോഫികളും ലഭിച്ചു. റണ്ണര്‍ അപ്പ് ടീമിന് പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത 201 പൗണ്ടും ട്രോഫികളും ലഭിച്ചപ്പോള്‍, മൂന്നാം സ്ഥാനത്തെത്തിയ ടീമിന് റീമി ഗ്രൂപ് ലണ്ടന്‍ നല്‍കിയ 101 പൗണ്ടും ട്രോഫികളും നാലാം സ്ഥാനക്കാര്‍ക്ക് വിക്ടറി ഹീറ്റിംഗ് ആന്‍ഡ് പ്ലംബിങ് മെയ്ഡസ്റ്റോണ്‍ നല്‍കിയ 51 പൗണ്ടും ട്രോഫികളും ലഭിച്ചു.

വിജയികള്‍ക്ക് എംഎംഎ പ്രസിഡന്റ് രാജി കുര്യന്‍, സെക്രട്ടറി ബിനു ജോര്‍ജ്, ട്രഷറര്‍ രെഞ്ചു വര്‍ഗീസ്,പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ബൈജു ഡാനിയേല്‍, സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ ആന്റണി സേവ്യര്‍, മൈത്രി കോഓര്‍ഡിനേറ്റര്‍ ലിന്‍സി കുര്യന്‍, കെസിഎ പ്രസിഡന്റ് ബെന്നി ജോസഫ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കായികപ്രേമികള്‍ക്ക് വേഗതയുടെ അത്യപൂര്‍വ വിരുന്നൊരുക്കിയ ഈ കായികമാമാങ്കത്തില്‍ പങ്കെടുക്കുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന എല്ലാ കായികപ്രതിഭകള്‍ക്കും കൂടാതെ ഈ ടൂര്‍ണമെന്റ് വിജയപ്രദമാക്കുവാന്‍ സഹകരിച്ച മാച്ച് ഒഫീഷ്യല്‍സ്, റഫറിമാര്‍, കോര്‍ട്ട് മാനേജേഴ്‌സ്, എംഎംഎ മൈത്രി, യൂത്ത് ക്ലബ്, മെന്‍സ് ക്ലബ് എന്നിവര്‍ക്കും നന്ദി അറിയിക്കുന്നതായി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റര്‍ രെഞ്ചു വര്‍ഗീസ് അറിയിച്ചു.


കൂടുതല്‍ ചിത്രങ്ങള്‍

https://www.facebook.com/maidstonemalayaleeassociation


വാര്‍ത്ത: ആന്റണി സേവ്യര്‍

പിആര്‍ഒ, എംഎംഎ

Other News in this category



4malayalees Recommends