കോവിഡിനെ തോല്‍പ്പിക്കാന്‍ 'ഗുളികകള്‍' വാങ്ങിക്കൂട്ടി ബ്രിട്ടന്‍! വൈറസ് ബാധിച്ചവരില്‍ മരണസാധ്യത പകുതിയാക്കുന്ന ഗുളികകള്‍ എന്‍എച്ച്എസ് വഴി; ഫാര്‍മസ്യൂട്ടിക്കല്‍ വമ്പന്‍ മെര്‍ക്കിന്റെ ആന്റിവൈറല്‍ മരുന്ന് കളിമാറ്റുമെന്ന് ഹെല്‍ത്ത് സെക്രട്ടറി

കോവിഡിനെ തോല്‍പ്പിക്കാന്‍ 'ഗുളികകള്‍' വാങ്ങിക്കൂട്ടി ബ്രിട്ടന്‍! വൈറസ് ബാധിച്ചവരില്‍ മരണസാധ്യത പകുതിയാക്കുന്ന ഗുളികകള്‍ എന്‍എച്ച്എസ് വഴി; ഫാര്‍മസ്യൂട്ടിക്കല്‍ വമ്പന്‍ മെര്‍ക്കിന്റെ ആന്റിവൈറല്‍ മരുന്ന് കളിമാറ്റുമെന്ന് ഹെല്‍ത്ത് സെക്രട്ടറി

കോവിഡ് വൈറസ് ബാധിച്ചവര്‍ക്ക് വിന്റര്‍ സീസണില്‍ വീട്ടില്‍ തന്നെ ചികിത്സയൊരുക്കാന്‍ ആവശ്യമായ ആയിരക്കണക്കിന് ഗുളികകള്‍ ബ്രിട്ടന്‍ വാങ്ങിക്കൂട്ടിയതായി വെളിപ്പെടുത്തി ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ്. കോവിഡ് ചികിത്സകളിലെ 'ഗെയിം ചേഞ്ചര്‍' എന്ന് വിശേഷിപ്പിച്ചാണ് ഹെല്‍ത്ത് സെക്രട്ടറി മരുന്നുകള്‍ വാങ്ങിയതായി വെളിപ്പെടുത്തിയത്. യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി മെര്‍ക്ക് നിര്‍മ്മിച്ച ആന്റിവൈറല്‍ മോള്‍നുപിറാവിറിന്റെ 480,000 ഡോസുകളാണ് ബ്രിട്ടന്‍ വാങ്ങി ശേഖരിച്ചിട്ടുള്ളത്. കൂടാതെ ഫൈസറിന്റെ പിഎഫ്-073യുടെ 250.000 കോഴ്‌സുകളും ഇതോടൊപ്പം വാങ്ങും.


എന്നാല്‍ ഈ മരുന്നുകള്‍ക്കായി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് എത്ര തുക ചെലവാക്കിയെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. സമ്മറില്‍ അമേരിക്ക 869 മില്ല്യണ്‍ പൗണ്ട് ഇറക്കിയാണ് 1.7 മില്ല്യണ്‍ മോള്‍നുപിറാവിര്‍ ഗുളിക വാങ്ങിയത്. ഇതേ നിരക്കിലാണ് ബ്രിട്ടന് ചാര്‍ജ്ജ് ചെയ്തിട്ടുള്ളതെങ്കില്‍ ഏകദേശം 250 മില്ല്യണ്‍ പൗണ്ട് ചെലവ് വന്നിരിക്കാമെന്നാണ് കണക്കുകൂട്ടല്‍. വെറും 12 പൗണ്ടാണ് ഗുളികയുടെ നിര്‍മ്മാണച്ചെലവ്.

അതേസമയം മരുന്ന് മെഡിസിന്‍സ് & ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. നവംബര്‍ മധ്യത്തോടെ ഇത് ലഭിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഫൈസറിന്റെ ഗുളികകള്‍ ലഭിക്കാന്‍ ജനുവരിയെങ്കിലും ആകും. മോള്‍നുപിറാവിര്‍ സംബന്ധിച്ച് നടത്തിയ സുപ്രധാന പഠനം അനുസരിച്ച് രണ്ട് നേരം ഗുളിക കഴിക്കുന്ന വൈറസ് ബാധിതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതും, മരണപ്പെടുന്നതും 50 ശതമാനം വെട്ടിക്കുറയ്ക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍. മനുഷ്യശരീരത്തില്‍ പുനരുത്പാദിപ്പിക്കപ്പെടാനുള്ള വൈറസിന്റെ ശേഷിയെ തടയുകയാണ് ഗുളിക ചെയ്യുന്നത്.

അതേസമയം ഫൈസറിന്റെ ചികിത്സ പരീക്ഷണ ആന്റിവൈറലും, എച്ച്‌ഐവിയെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന റിട്ടോനാവിറും ചേര്‍ന്നുള്ള കോംബിനേഷനാണ്. ഈ ഗുളികയുടെ ക്ലിനിക്കല്‍ ട്രയല്‍സ് പൂര്‍ത്തിയായിട്ടില്ല. വൈറസ് ബാധിച്ചവര്‍ക്കും, കെയര്‍ ഹോം പോലുള്ള വൈറസ് പടര്‍ന്നുപിടിച്ച ഇടങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുമാണ് മരുന്ന് നല്‍കുകയെന്ന് ജാവിദ് വ്യക്തമാക്കി.

മുന്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോകാണ് കോവിഡ് ചികിത്സകളെ സഹായിക്കാന്‍ ആന്റിവൈറല്‍സ് ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചത്. വര്‍ഷത്തിന്റെ അവസാനത്തോടെ രണ്ട് പുതിയ മരുന്നുകള്‍ ലഭ്യമാക്കുകയാണ് ടാസ്‌ക്‌ഫോഴ്‌സിന്റെ ലക്ഷ്യം. വാക്‌സിനെടുത്തവര്‍ക്കും, എടുക്കാത്തവര്‍ക്കും എന്‍എച്ച്എസ് വഴിയാകും പുതിയ മരുന്നുകള്‍ നല്‍കുക. യഥാര്‍ത്ഥ അന്തരീക്ഷത്തില്‍ ഇവയുടെ പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷമാകും കൂടുതല്‍ ഗുളിക വാങ്ങുന്ന കാര്യത്തില്‍ തീരുമാനം വരിക.
Other News in this category4malayalees Recommends