നൂറ് കോടി വാക്‌സിനേഷന്‍ എന്ന നാഴികക്കല്ല് കടക്കാന്‍ ഇന്ത്യ; ആഘോഷ പരിപാടികള്‍ക്ക് ഒരുങ്ങി കേന്ദ്രം

നൂറ് കോടി വാക്‌സിനേഷന്‍ എന്ന നാഴികക്കല്ല് കടക്കാന്‍ ഇന്ത്യ; ആഘോഷ പരിപാടികള്‍ക്ക് ഒരുങ്ങി കേന്ദ്രം
ഇന്ത്യയിലെ കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് തുടങ്ങി ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം രാജ്യം ഇന്ന് 100 കോടി ഡോസുകള്‍ പൂര്‍ത്തിയാക്കാനൊരുങ്ങുന്നു. ഈ വലിയ നേട്ടത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആഘോഷങ്ങള്‍ ആസൂത്രണം ചെയ്യുന്നു.

രാജ്യത്ത് ഇതുവരെ നല്‍കിയ മൊത്തം വാക്‌സിന്‍ ഡോസുകള്‍ ബുധനാഴ്ച 99.7 കോടി കവിഞ്ഞു. മുതിര്‍ന്നവരില്‍ 75 ശതമാനം പേര്‍ക്കും ആദ്യ ഡോസ് നല്‍കുകയും ഏകദേശം 31 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് ലഭിക്കുകയും ചെയ്തു.

യോഗ്യതയുള്ള എല്ലാവരും കാലതാമസം കൂടാതെ കുത്തിവയ്പ്പ് നടത്തണമെന്നും 'ചരിത്രപരമായ' മുന്നേറ്റത്തില്‍ ഭാഗമാകണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അഭ്യര്‍ത്ഥിച്ചു. ഗായകന്‍ കൈലാഷ് ഖേര്‍ ആലപിച്ച ഒരു ഗാനവും ഒരു ഓഡിയോവിഷ്വല്‍ ചിത്രവും അദ്ദേഹം ഇന്ന് ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങില്‍ പുറത്തുവിടും. 1400 കിലോഗ്രാം ഭാരമുള്ള ഏറ്റവും വലിയ ദേശീയ പതാക ചെങ്കോട്ടയില്‍ ഉയര്‍ത്തിയേക്കും.

ട്രെയിനുകളിലും വിമാനങ്ങളിലും കപ്പലുകളിലും ഉച്ചഭാഷിണികളിലൂടെ പ്രഖ്യാപനങ്ങള്‍ നടത്താനും സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. 100 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ഗ്രാമങ്ങള്‍ വാക്‌സിനേഷന്‍ ഉദ്യമത്തില്‍ സുപ്രധാന പങ്കു വഹിച്ച ആരോഗ്യ പ്രവര്‍ത്തകരെ അനുമോദിക്കുന്ന പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ച് 100 കോടി ഡോസ് നല്‍കിയ നേട്ടത്തെ അടയാളപ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends