അമരീന്ദര്‍ സിങ്ങിന്റെ പാക് വനിതയുമായുള്ള സൗഹൃദം അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ; കോണ്‍ഗ്രസിന്റെത് പ്രതികാര നടപടിയെന്ന് അരോപണം

അമരീന്ദര്‍ സിങ്ങിന്റെ പാക് വനിതയുമായുള്ള സൗഹൃദം അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ; കോണ്‍ഗ്രസിന്റെത് പ്രതികാര നടപടിയെന്ന് അരോപണം
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പാക് വനിതയുമായുള്ള സൗഹൃദം അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച അന്വേഷണ ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി. പാക് വനിതയായ അറൂസ ആലവുമായുള്ള അമരീന്ദറിന്റെ സൗഹൃദമാണ് അന്വേഷിക്കുന്നത്. പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ രണ്‍ധാവയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

അതേസമയം കോണ്‍ഗ്രസ് വിട്ട ശേഷം അമരീന്ദറിനെതിരെ ഇത്തരമൊരു അന്വേഷണം പ്രഖ്യാപിച്ചത് അദ്ദേഹത്തേയും ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം അറൂസ ആലവുമായുള്ള തന്റെ സൗഹൃദം അന്വേഷിക്കാനുള്ള പഞ്ചാബ് സര്‍ക്കാരിന്റെ നീക്കങ്ങളെ അമരീന്ദര്‍ വിമര്‍ശിച്ചു. തന്റെ മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോള്‍ ഒരിക്കല്‍ പോലും സുഖ്ജീന്ദര്‍ ഇത്തരമൊരു പരാതി ഉന്നയിച്ചതായി കണ്ടിട്ടില്ല. അറൂസ ആലം കഴിഞ്ഞ 16 വര്‍ഷമായി ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും അത് സര്‍ക്കാര്‍ അനുവാദത്തോടെയാണെന്നും അമരീന്ദര്‍ പ്രതികരിച്ചു.

കഴിഞ്ഞ 16 വര്‍ഷമായി അറൂസ ഇന്ത്യയില്‍ വരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ്. ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചതിലൂടെ കേന്ദ്രം ഭരിച്ച എന്‍ഡിഎ, യുപിഎ സര്‍ക്കാരുകള്‍ അറൂസയെ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുവദിച്ചുവെന്നാണോ പറയുന്നതെന്നും അമരീന്ദര്‍ ചോദിച്ചു. അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവായ രവീണ്‍ തുക്രാല്‍ ആണ് അദ്ദേഹത്തിന്റെ പ്രസ്താവന ട്വീറ്റ് ചെയ്തത്.

അതേസമയം പഞ്ചാബ് സര്‍ക്കാര്‍ അന്വേഷണത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇത് ക്യാപ്റ്റനെതിരെയുള്ള പ്രതികാര നടപടിയാണെന്നും ആരോപണമുയരുന്നുണ്ട്. അറൂസയ്ക്ക് പാക് ചാര സംഘടനയായ ഐ.എസ്‌ഐയുമായുള്ള ബന്ധവും അന്വേഷിക്കും. ഐ.എസ്‌ഐയില്‍ നിന്ന് ഭീഷണിയുള്ളതായി അമരീന്ദര്‍ പറയുന്നു, സര്‍ക്കാര്‍ അത് ഗൗരവമായി കണ്ട് അന്വേഷണം നടത്തും. പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ രണ്‍ധാവ പറഞ്ഞു

Other News in this category4malayalees Recommends