മദ്യത്തെ എതിര്‍ത്തിരുന്ന അഞ്ജന പാര്‍ട്ടിക്കിടെ രണ്ടു തവണ മദ്യം നിരസിച്ചെന്ന് വ്യക്തം,കാറില്‍നിന്ന് ലഭിച്ചത് നേരത്തേ വാഹനത്തില്‍ ഉണ്ടായിരുന്ന കുപ്പിയാകാമെന്ന് സഹോദരന്‍ ; മോഡലുകളുടെ മരണത്തില്‍ ഹോട്ടലുടമയെ വീണ്ടും ചോദ്യം ചെയ്യും

മദ്യത്തെ എതിര്‍ത്തിരുന്ന അഞ്ജന പാര്‍ട്ടിക്കിടെ രണ്ടു തവണ മദ്യം നിരസിച്ചെന്ന് വ്യക്തം,കാറില്‍നിന്ന് ലഭിച്ചത് നേരത്തേ വാഹനത്തില്‍ ഉണ്ടായിരുന്ന കുപ്പിയാകാമെന്ന് സഹോദരന്‍ ; മോഡലുകളുടെ മരണത്തില്‍ ഹോട്ടലുടമയെ വീണ്ടും ചോദ്യം ചെയ്യും
മുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവരുടെ അപകട മരണവുമായി ബന്ധപ്പെട്ട് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും.

ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് പോലീസ് റോയിക്ക് വീണ്ടും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവില്ലെന്ന് റോയി പോലീസിനെ അറിയിച്ചെന്നാണ് സൂചന.

കേസില്‍ പ്രതികള്‍ക്കെതിരെ നരഹത്യ കുറ്റം നിലനില്‍ക്കില്ലെന്ന കോടതി നിരീക്ഷണവും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തെളിവ് നശിപ്പിക്കല്‍ മാത്രമേ നിലനില്‍ക്കുവെന്നാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം.

ഇതിനിടെ, നമ്പര്‍ 18 ഹോട്ടലിലെ പാര്‍ട്ടിക്കിടെ രണ്ടുതവണ മദ്യം വാഗ്ദാനം ചെയ്തിട്ടും അഞ്ജന നിരസിച്ചുവെന്ന് തെളിവുസഹിതം സമര്‍ത്ഥിക്കുകയാണ് സഹോദരന്‍ അര്‍ജുന്‍. സിസിടിവി ദൃശ്യങ്ങളില്‍ ഇക്കാര്യം വ്യക്തമാണെന്നും പോലീസ് വീഡിയോ കാണിച്ചുതന്നുവെന്നും അര്‍ജുന്‍ പറയുന്നു. അതിലൊന്നും മദ്യപിച്ച ലക്ഷണമില്ല. മദ്യം നിരസിച്ചതായി വ്യക്തമാകുന്നുമുണ്ട്.

പാര്‍ട്ടി കഴിഞ്ഞ് അഞ്ജനയുള്‍പ്പെടെ നാലുപേരും സന്തോഷത്തോടെ ഹോട്ടലില്‍നിന്ന് മടങ്ങുന്നതാണ് ദൃശ്യത്തിലുള്ളത്. ഈ സമയം കൈവശം മദ്യക്കുപ്പിയില്ല. കാറില്‍നിന്ന് ലഭിച്ചത് നേരത്തേ വാഹനത്തില്‍ ഉണ്ടായിരുന്ന കുപ്പിയാകാമെന്നും അര്‍ജുന്‍ പറഞ്ഞു. മദ്യത്തോട് വിയോജിപ്പുള്ളയാളായിരുന്നു സഹോദരി. വീട്ടിലെ ആഘോഷ ചടങ്ങുകളില്‍ മദ്യം വിളമ്പുന്നതിനെ എതിര്‍ത്തിരുന്നു. മറ്റെന്തങ്കിലും തരം ബന്ധം അഞ്ജനക്കുള്ളതായി അറിയില്ല. മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജുവിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അര്‍ജുന്‍ പറഞ്ഞു.

അതേസമയം, ഹോട്ടലിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിക്കാന്‍ ഉപയോഗിച്ച വാഹനം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഹോട്ടലിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇന്നോവ കാറാണ് പിടിച്ചെടുത്തത്.

Other News in this category4malayalees Recommends