സില്‍വര്‍ ലൈന്‍ പദ്ധതി, 63,941 കോടിയില്‍ കൂടുതല്‍ ചെലവ് വരില്ല, കേരളത്തെ രണ്ടായി വിഭജിക്കില്ലെന്നും അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും കെ റെയില്‍ എംഡി ; വിമര്‍ശനത്തിന് മറുപടി

സില്‍വര്‍ ലൈന്‍ പദ്ധതി, 63,941 കോടിയില്‍ കൂടുതല്‍ ചെലവ് വരില്ല, കേരളത്തെ രണ്ടായി വിഭജിക്കില്ലെന്നും അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും കെ റെയില്‍ എംഡി ; വിമര്‍ശനത്തിന് മറുപടി
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ വിമര്‍ശനങ്ങളെ തള്ളി കെ റെയില്‍ എം.ഡി. കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. റെയില്‍വേ നിയമപ്രകാരമുള്ള സംരക്ഷവേലിയാണ് നിര്‍മ്മിക്കുന്നത്. പദ്ധതി 5 വര്‍ഷം കൊണ്ട് തന്നെ പൂര്‍ത്തിയാക്കുമെന്നും, 63,941 കോടിയില്‍ കൂടുതല്‍ ചെലവ് വരില്ലെന്നും കെ റെയില്‍ എം.ഡി വി. അജിത്കുമാര്‍ അറിയിച്ചു.

അതിവേഗ റെയില്‍പാത സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും, കേരളത്തെ രണ്ടായി വിഭജിക്കുമെന്നും മെട്രോമാന്‍ ഈ ശ്രീധരന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി കെ റെയില്‍ എംഡി തന്നെ രംഗത്തെത്തിയത്. നിലവിലെ റെയില്‍വേ സൗകര്യങ്ങളിലെ കുറവുകള്‍ പരിഹരിക്കാനുള്ള ഒരു ബദല്‍ മാര്‍ഗ്ഗവും, പൊതുഗതാഗതത്തിന് ശക്തി പകരുന്നതുമാണ് സില്‍വര്‍ ലൈനെന്ന് എംഡി പറഞ്ഞു.

അഞ്ച് വര്‍ഷം കൊണ്ട് തന്നെ പൂര്‍ത്തിയാക്കാന്‍ ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തിലാണ് സില്‍വര്‍ ലൈന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കാസര്‍കോട് മുതല്‍ തിരൂര്‍ വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായാണ് പുതിയ പാത വരുന്നത്. എന്നാല്‍ തിരൂര്‍ മുതല്‍ തിരുവനന്തപുരം വരെ അനേകം വളവുകളും മറ്റുമുള്ളതിനാലാണ് ഇവിടെ പുതിയ പാത ആസൂത്രണം ചെയ്തത്. തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളുമുള്ള സ്ഥലങ്ങളില്‍ തൂണുകള്‍ നിര്‍മ്മിച്ചാണ് പാത പോകുന്നത്. മറ്റിടങ്ങളില്‍ മണ്ണ് ശക്തിപ്പെടുത്താനുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും. ലോകമെങ്ങുമുള്ള 90 ശതമാനത്തിലധികം അതിവേഗ റെയില്‍പ്പാതകളും തറനിരപ്പില്‍ തന്നെയാണ് പോകുന്നത്. നിലവിലെ ബ്രോഡ് ഗേജ് സംവിധാനത്തില്‍ 160 കിലോമീറ്ററിന് മുകളില്‍ വേഗത കൈവരിക്കാനുള്ള സംവിധാനമില്ലാത്തതിനാലാണ് മുംബൈ – അഹമ്മദാബാദ്, ഡല്‍ഹി – മീററ്റ് വേഗ പാതകള്‍ സ്റ്റാന്‍ഡേഡ് ഗേജില്‍ നിര്‍മ്മിക്കുന്നത്. അതിന് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

തിരക്കില്ലാത്ത സമയങ്ങളിലാണ് റോറോ സംവിധാനത്തില്‍ ചരക്കു ലോറികള്‍ ഉപയോഗിക്കുക. അറ്റക്കുറ്റപ്പണികള്‍ക്ക് ശേഷമുള്ള സമയത്താണിത്. 74 യാത്രാവണ്ടികള്‍ ഓടുന്ന സില്‍വര്‍ ലൈനില്‍ വെറും ആറ് ചരക്കു വണ്ടികള്‍ മാത്രമാണ് ഓടിക്കുന്നത്. ഗൂഗിള്‍ സര്‍വേ നടത്തിയത് സാധ്യതാ പഠന സമയത്താണ്. വിശദമായ പഠനത്തിന് അത്യാധുനിക ലിഡാര്‍ സര്‍വേ തന്നെ നടത്തിയാണ് അലൈന്‍മെന്റ് തീരുമാനിച്ചത്. ഇതോടൊപ്പം ട്രാഫിക് സര്‍വേയും പാരിസ്ഥിതികാഘാത പഠനവും നടത്തിയെന്നും, പാരിസ്ഥിതികാഘാത സമഗ്ര പഠനം നടന്നുവരികയാണെന്നും എംഡി കൂട്ടിച്ചേര്‍ത്തു

Other News in this category4malayalees Recommends