മതത്തിന്റെ പേരില്‍ വിവേചനം അരുത്; വിവാദ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; വിവേചനം നിയമപരമായ അവകാശമായി മാറുമെന്ന് വിമര്‍ശനം

മതത്തിന്റെ പേരില്‍ വിവേചനം അരുത്; വിവാദ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; വിവേചനം നിയമപരമായ അവകാശമായി മാറുമെന്ന് വിമര്‍ശനം

മതപരമായ വിവേചനം തടയാനുള്ള വിവാദ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. റദ്ദാക്കല്‍ സംസ്‌കാരത്തിനെതിരെ വിശ്വാസികളെ സംരക്ഷിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.


അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മതവിശ്വാസികളുടെ വോട്ട് നേടാനാണ് ഈ ബില്‍ എന്നാണ് വിമര്‍ശനം. പള്ളികള്‍, സ്‌കൂളുകള്‍, തൊഴിലടങ്ങള്‍ എന്നിവിടങ്ങളില്‍ മതവിശ്വാസം വെളിപ്പെടുത്താന്‍ കഴിയുന്നില്ലെന്ന ആശങ്കകളുടെ അടിസ്ഥാനത്തിലാണ് ബില്‍.

പുതിയ പ്രമേയം നടപ്പായാല്‍ വിശ്വാസത്തിന്റെ പേരില്‍ പറയുന്ന പ്രസ്താവനകള്‍ നടത്തുന്നവര്‍ക്ക് വിവേചന നിയമങ്ങളില്‍ നിന്നും സുരക്ഷ ലഭിക്കും. ഇത് മറ്റൊരാളെയോ, ഗ്രൂപ്പിനെയോ ഭീഷണിപ്പെടുത്തുകയോ, നിര്‍ബന്ധിക്കുകയോ, അപമാനിക്കുകയോ ചെയ്യുന്നതാകരുതെന്ന് മാത്രമാണ് നിബന്ധന.

വിശ്വാസം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് അവരവരുടെ വിശ്വാസം അടിസ്ഥാനമാക്കി ആളുകളെ ജോലിക്കെടുക്കാനും കഴിയും. മറ്റൊരാളുടെ വിശ്വാസത്തില്‍ നിന്നും വിഭിന്നമാണെന്ന പേരില്‍ ആളുകളെ റദ്ദാക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്ന് ബില്‍ അവതരിപ്പിച്ച മോറിസണ്‍ വ്യക്തമാക്കി.

എന്നാല്‍ പുതിയ ബില്‍ നിലവില്‍ മതത്തിന്റെ പേരിലും, സ്വവര്‍ഗ്ഗ ലൈംഗികതയുടെ പേരിലും വിവേചനം നേരിടുന്നവരെ സാരമായി ബാധിക്കുമെന്ന് തുല്യാവകാശ പ്രവര്‍ത്തകരും, എല്‍ജിബിടി ഗ്രൂപ്പുകളും ആരോപിക്കുന്നു.

ഇന്ന് വിവേചനമായി കരുതുന്നത് നാളെ നിയമപരമാകും. എയ്ഡ്‌സ് ദൈവത്തിന്റെ ശിക്ഷയാണെന്നും, വികലാംഗത്വം സാത്താന്റെ പ്രവര്‍ത്തിയാണെന്നുമൊക്കെയുള്ള വാക്കുകള്‍ നിയമപരമായി മാറും, ഇക്വാളിറ്റി ഓസ്‌ട്രേലിയ സിഇഒ അന്നാ ബ്രൗണ്‍ പറഞ്ഞു.
Other News in this category



4malayalees Recommends