ഒമിക്രോണ്‍ വേരിയന്റ് വ്യാപനം; യാത്രാ നിരോധനവും, പുതിയ ക്വാറന്റൈന്‍ നിയമങ്ങളുമായി പ്രതികരിച്ച് ഓസ്‌ട്രേലിയ; 9 രാജ്യങ്ങളില്‍ പോയി മടങ്ങിയവര്‍ക്ക് ക്വാറന്റൈന്‍; എന്‍എസ്ഡബ്യു, വിക്ടോറിയ, ആക്ട് എന്നിവിടങ്ങളില്‍ ജാഗ്രത

ഒമിക്രോണ്‍ വേരിയന്റ് വ്യാപനം; യാത്രാ നിരോധനവും, പുതിയ ക്വാറന്റൈന്‍ നിയമങ്ങളുമായി പ്രതികരിച്ച് ഓസ്‌ട്രേലിയ; 9 രാജ്യങ്ങളില്‍ പോയി മടങ്ങിയവര്‍ക്ക് ക്വാറന്റൈന്‍; എന്‍എസ്ഡബ്യു, വിക്ടോറിയ, ആക്ട് എന്നിവിടങ്ങളില്‍ ജാഗ്രത

സതേണ്‍ ആഫ്രിക്കയില്‍ വ്യാപിക്കുന്ന പുതിയ ഒമിക്രോണ്‍ കോവിഡ്-19 വേരിയന്റിനെ തുടര്‍ന്ന് യാത്രാ വിലക്കുകളും, പുതിയ ക്വാറന്റൈന്‍ നിയമങ്ങളും പ്രഖ്യാപിച്ച് ഫെഡറല്‍ ഗവണ്‍മെന്റ്. ഇതോടെ സൗത്ത് ആഫ്രിക്ക ഉള്‍പ്പെടെ ഒമിക്രോണ്‍ കണ്ടെത്തിയ 9 രാജ്യങ്ങളില്‍ പ്രവേശിച്ച ഓസ്‌ട്രേലിയന്‍ പൗരന്‍മാരല്ലാത്തവര്‍ക്ക് ഓസ്‌ട്രേലിയ പ്രവേശനം നിഷേധിച്ചു.


സൗത്ത് ആഫ്രിക്ക, നമീബിയ, സിംബാബ്‌വെ, ബോട്‌സ്വാന, ലെസോതോ, എസ്വാതിനി, സീഷെല്‍സ്, മലാവി, മൊസാംബിക്ക് എന്നിവയാണ് രാജ്യങ്ങള്‍. കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങളില്‍ പോയ ഓസ്‌ട്രേലിയന്‍ പൗരന്‍മാരും, ഇവരുടെ ഡിപ്പന്‍ഡന്റ്‌സും മടങ്ങിയെത്തുമ്പോള്‍ രണ്ടാഴ്ച സൂപ്പര്‍വൈസ് ക്വാറന്റൈന്‍ ആവശ്യമായി വരും.

കൂടാതെ അടുത്തിടെ രാജ്യത്ത് എത്തിയവര്‍ 14 ദിവസത്തേക്ക് ഐസൊലേഷനിലും പോകണം. ക്വാറന്റൈന്‍ നിര്‍ബന്ധമല്ലാത്ത ഘട്ടത്തില്‍ വിവിധ സ്‌റ്റേറ്റുകളിലും, ടെറിട്ടറികളിലും പ്രവേശിച്ച നൂറുകണക്കിന് പേര്‍ ക്വാറന്റൈന്‍ ചെയ്യേണ്ടതായി വരുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍ കെല്ലി വ്യക്തമാക്കി. 14 ദിവസത്തെ സൂപ്പര്‍വൈസ്ഡ് ക്വാറന്റൈന്‍ സുപ്രധാനമാണ്. ഇത് വീട്ടിലോ, ഹോട്ടലിലോ വേണമെന്ന് സ്‌റ്റേറ്റുകള്‍ക്ക് തീരുമാനിക്കാം, അദ്ദേഹം പറഞ്ഞു.

ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ, ആക്ട് എന്നിവിടങ്ങളിലാണ് പ്രസ്തുത രാജ്യങ്ങളില്‍ നിന്നും ആളുകള്‍ മടങ്ങിയെത്തിയിരിക്കുന്നത്. ബാധിക്കപ്പെട്ട രാജ്യങ്ങളിലേക്കും, തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തി.

ഈ ഘട്ടത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ പരിശോധനകളും ഗവണ്‍മെന്റ് മാറ്റുകയാണ്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും, നെഗറ്റീവ് പിസിആര്‍ ടെസ്റ്റിനും പുറമെ കഴിഞ്ഞ 14 ദിവസങ്ങള്‍ക്കിടെ ഏത് രാജ്യങ്ങളില്‍ പോയെന്നും വെളിപ്പെടുത്തേണ്ടി വരും. അതേസമയം ഓസ്‌ട്രേലിയയില്‍ ഒമിക്രോണ്‍ കേസുകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.
Other News in this category



4malayalees Recommends