ഒരു വര്‍ഷത്തിനിടെ ഒരു അസുഖവുമില്ലാത്തയാള്‍ ആംബുലന്‍സ് വിളിച്ചത് 39 തവണ ; സൗജന്യ സേവനം ആഘോഷിച്ചയാള്‍ ഒടുവില്‍ പിടിയില്‍

ഒരു വര്‍ഷത്തിനിടെ ഒരു അസുഖവുമില്ലാത്തയാള്‍ ആംബുലന്‍സ് വിളിച്ചത് 39 തവണ ; സൗജന്യ സേവനം ആഘോഷിച്ചയാള്‍ ഒടുവില്‍ പിടിയില്‍
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഒരു തായ്‌വാന്‍കാരന്‍ ആശുപത്രിയില്‍ പോകാനായി ആംബുലന്‍സ് വിളിച്ചത് 39 തവണ. അയാള്‍ കിടപ്പ് രോഗിയോ, മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള വ്യക്തിയോ അല്ല. പിന്നെ വിളിച്ചതെല്ലാം വീട്ടില്‍ പോകാന്‍. ആശുപത്രിയുടെ തൊട്ടടുത്താണ് അയാളുടെ വീട്. സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന വാങ് എന്ന് പേരുള്ളയാളാണ് വീട്ടിലേയ്ക്ക് നടക്കാന്‍ മടിച്ച് ആംബുലന്‍സ് സേവനം തേടിയത്.

വെറും 200 മീറ്റര്‍ ദൂരം മാത്രമാണ് അവയ്ക്കിടയിലുള്ളത്. അത്ര ദൂരം പോലും നടക്കാന്‍, മടിയനായ അയാള്‍ തയ്യാറായില്ല. ഇതിനായി ആംബുലന്‍സിനെ സൗജന്യ ടാക്‌സിയായി അയാള്‍ ഉപയോഗിച്ചു. മുന്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 39 തവണയാണ് അയാള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വീട്ടില്‍ പോകാന്‍ ആംബുലന്‍സ് വിളിച്ചതെന്ന് കണ്ടെത്തി. ഒരു രോഗിയായി അഭിനയിച്ചാണ് അയാള്‍ ഓരോ പ്രാവശ്യവും ആംബുലന്‍സ് വിളിച്ചത്. അതില്‍ കയറി ആശുപത്രിയില്‍ എത്തുന്ന അയാള്‍ പരിശോധനകള്‍ക്ക് നില്‍ക്കാതെ വീട്ടിലേയ്ക്ക് മടങ്ങുന്നു.

എന്നാല്‍, ഇത് ആവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ആശുപത്രി ജീവനക്കാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അനാവശ്യവുമായി ആംബുലന്‍സ് പോലുള്ള പൊതുസേവനങ്ങള്‍ ഉപയോഗിക്കുന്ന വാങിന്റെ അന്യായമായ മാര്‍ഗങ്ങളെക്കുറിച്ച് മെഡിക്കല്‍ സ്റ്റാഫ് പൊലീസിനെ അറിയിച്ചു. ഒരിക്കല്‍ കൂടി സ്വന്തം സൗകര്യത്തിനായി പൊതുസേവനം ഇതുപോലെ തെറ്റായി ഉപയോഗപ്പെടുത്തിയാല്‍ പിഴ ഈടാക്കുമെന്ന് പൊലീസ് മുന്നറിയിപ്പും നല്‍കി. അടിയന്തിര രോഗികളെ അടുത്തുള്ള ആശുപത്രിയിലേക്കോ മെഡിക്കല്‍ സൗകര്യങ്ങളിലേക്കോ കൊണ്ടുപോകുന്നതിന് ആംബുലന്‍സുകളെ സൗജന്യമായി വിളിക്കാനുള്ള സൗകര്യം തായ്‌വാനിലുണ്ട്.

Other News in this category4malayalees Recommends