ചോറ്റാനിക്കരയില്‍ പ്രസവാനന്തര രക്തസ്രാവംമൂലം യുവതി മരിച്ചു ; ആശുപത്രിയില്‍ സംഘര്‍ഷം

ചോറ്റാനിക്കരയില്‍ പ്രസവാനന്തര രക്തസ്രാവംമൂലം  യുവതി മരിച്ചു ; ആശുപത്രിയില്‍ സംഘര്‍ഷം
യുവതി പ്രസവാനന്തര രക്തസ്രാവംമൂലം മരിച്ചു. കാഞ്ഞിരമറ്റം കുലയറ്റിക്കര തെക്കേവെളിയില്‍ ജിതേഷിന്റെ ഭാര്യ ഗോപിക (26) യാണ് മരിച്ചത്. സംഭവത്തില്‍ ചോറ്റാനിക്കര ടാറ്റാ ആശുപത്രിക്കെതിരേ പരാതിയുമായി ബന്ധുക്കള്‍. ആദ്യപ്രസവത്തിനായി ഞായറാഴ്ചയാണ് ഗോപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച അഞ്ചരയോടെ ഗോപിക പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സാധാരണ പ്രസവമായിരുന്നു. എന്നാല്‍ 7.45ന്, അമിത രക്തസ്രാവമാണെന്നും ഉടന്‍ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും അധികൃതര്‍ പറഞ്ഞു. ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രസവശേഷം രക്തസ്രാവം ഉണ്ടായത് ടാറ്റാ ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. ആശുപത്രി അധികൃതര്‍ക്കെതിരേ പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും രാത്രിയോടെ ആശുപത്രിഗേറ്റിന് മുന്നില്‍ ഉപരോധം നടത്തി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് രാത്രി ഏറെ വൈകിയും പോലീസ് സ്ഥലത്ത് തമ്പടിച്ചു. അതേസമയം, തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതരും വാദിക്കുന്നു. അരൂര്‍ പത്മാലയത്തില്‍ ജയന്റെയും ലതയുടെയും മകളാണ് ഗോപിക. മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Other News in this category4malayalees Recommends