കോവാക്‌സിന്‍ ഉപയോഗിച്ച് കൊറോണയ്‌ക്കെതിരെ വാക്‌സിനെടുത്തവര്‍ക്ക് കാനഡ പ്രവേശനം നല്‍കിത്തുടങ്ങി; ഡല്‍ഹി വിമാനത്താവളത്തിലെ ഏക ലാബില്‍ നിന്നുള്ള നെഗറ്റീവ് പിസിആര്‍ ടെസ്റ്റിന്റെ പേരില്‍ വടംവലി തുടരുന്നു

കോവാക്‌സിന്‍ ഉപയോഗിച്ച് കൊറോണയ്‌ക്കെതിരെ വാക്‌സിനെടുത്തവര്‍ക്ക് കാനഡ പ്രവേശനം നല്‍കിത്തുടങ്ങി; ഡല്‍ഹി വിമാനത്താവളത്തിലെ ഏക ലാബില്‍ നിന്നുള്ള നെഗറ്റീവ് പിസിആര്‍ ടെസ്റ്റിന്റെ പേരില്‍ വടംവലി തുടരുന്നു

ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവാക്‌സിന്‍ ഉള്‍പ്പെടെയുള്ള വാക്‌സിനുകള്‍ ഉപയോഗിച്ച് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ അന്താരാഷ്ട്ര യാത്രക്കാരെ സ്വീകരിച്ച് കാനഡ. ഹൈദരാബാദിലെ ഭാരത് ബയോടെക്ക് നിര്‍മ്മിക്കുന്ന കോവാക്‌സിന് നവംബര്‍ 19നാണ് അംഗീകാരം ലഭിച്ചത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കാനഡയിലേക്കുള്ള യാത്ര എളുപ്പമാകും.


ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന ആസ്ട്രാസെനെക വാക്‌സിന്റെ വകഭേദമായ കോവിഷീല്‍ഡിന് മാത്രമാണ് ഇതുവരെ അംഗീകാരം ലഭിച്ചിരുന്നത്. രാജ്യം സ്വീകരി്കുന്ന വാക്‌സിനുകളുടെ പട്ടിക വിപുലമാക്കുമെന്ന് ഹെല്‍ത്ത് കാനഡ വ്യക്തമാക്കിയിരുന്നു. ചില ടെസ്റ്റിംഗ്, ക്വാറന്റൈന്‍ നിയമങ്ങളിലും ഇളവ് നല്‍കുന്നുണ്ട്. കോവാക്‌സിന് പുറമെ ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ സിനോഫാം, സിനോവാക് വാക്‌സിനുകളും കാനഡ സ്വീകരിക്കും.

ഈ ഘട്ടത്തിലും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ ഇന്ത്യയും, കാനഡയും ചര്‍ച്ച തുടരുകയാണ്. ഡല്‍ഹി വിമാനത്താവളത്തിലുള്ള ഒരൊറ്റ ലാബില്‍ നിന്നുള്ള നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് വേണമെന്ന നിബന്ധനയില്‍ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. കാനഡയിലേക്ക് പറക്കുന്നതിന് 18 മണിക്കൂറിനകമാണ് ഈ ടെസ്റ്റ് നടത്തേണ്ടത്.

സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവര്‍ക്ക് കാനഡയില്‍ എത്തിച്ചേരുമ്പോഴുള്ള ടെസ്റ്റിംഗ്, 14 ദിവസത്തെ ക്വാറന്റൈന്‍, എട്ടാം ദിവസമുള്ള ടെസ്റ്റ് എന്നിവയില്‍ ഇളവുണ്ട്. കാനഡയില്‍ പ്രവേശിക്കുന്നതിന് 14 ദിവസം മുന്‍പ് രണ്ടാം ഡോസ് വാക്‌സിനെടുത്തിരിക്കണമെന്ന നിബന്ധനയുണ്ട്.

അതേസമയം ഒമിക്രോണ്‍ വേരിയന്റിന്റെ ആശങ്ക പടരുന്ന സാഹചര്യത്തില്‍ ഈ ഇളവുകള്‍ പുനഃപ്പരിശോധിക്കാന്‍ ഇടയുണ്ട്. ഏഴ് സതേണ്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പ്രവേശനം ഇതിനകം കാനഡ വിലക്കിയിട്ടുണ്ട്.
Other News in this category



4malayalees Recommends