എന്‍എച്ച്എസിലെ വെയ്റ്റിംഗ് ലിസ്റ്റ് നാല് വര്‍ഷത്തിനകം 12 മില്ല്യണിലേക്ക് ഇരട്ടിക്കും? കോവിഡ് മഹാമാരി കാലത്ത് സുപ്രധാന ചികിത്സകള്‍ നഷ്ടമായ ലക്ഷക്കണക്കിന് രോഗികള്‍ ബാക്ക്‌ലോഗിലേക്ക് സംഭാവന ചെയ്യുമെന്ന് മുന്നറിയിപ്പ്

എന്‍എച്ച്എസിലെ വെയ്റ്റിംഗ് ലിസ്റ്റ് നാല് വര്‍ഷത്തിനകം 12 മില്ല്യണിലേക്ക് ഇരട്ടിക്കും? കോവിഡ് മഹാമാരി കാലത്ത് സുപ്രധാന ചികിത്സകള്‍ നഷ്ടമായ ലക്ഷക്കണക്കിന് രോഗികള്‍ ബാക്ക്‌ലോഗിലേക്ക് സംഭാവന ചെയ്യുമെന്ന് മുന്നറിയിപ്പ്

എന്‍എച്ച്എസിലെ കാത്തിരിപ്പ് സമയം കോവിഡ് മഹാമാരി ആഞ്ഞടിച്ചതോടെ സ്‌ഫോടനാത്മകമായ നിലയിലാണ്. ഇത് കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. ഈ ഘട്ടത്തിലാണ് 2025ഓടെ എന്‍എച്ച്എസിന്റെ വെയ്റ്റിംഗ് ലിസ്റ്റിംഗ് ഇരട്ടിക്കുമെന്ന മുന്നറിയിപ്പ് പുറത്തുവരുന്നത്. ആശുപത്രികള്‍ക്ക് നികുതി ദായകന്റെ പണമൊഴുക്കി നല്‍കിയിട്ടും 12 മില്ല്യണിലേക്ക് കേസുകള്‍ ഉയരുമെന്നാണ് നാഷണല്‍ ഓഡിറ്റ് ഓഫീസ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.


മഹാമാരി കാലത്ത് ലക്ഷക്കണക്കിന് രോഗികള്‍ക്കാണ് സുപ്രധാന പരിചരണം നഷ്ടമായത്. ഇവര്‍ ഹെല്‍ത്ത് സര്‍വ്വീസിലേക്ക് മടങ്ങിയെത്തുന്നത് ബാക്ക്‌ലോഗ് വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്ന് എന്‍എഒ വ്യക്തമാക്കുന്നു. നിലവില്‍ 5.83 മില്ല്യണെന്ന സര്‍വ്വകാല റെക്കോര്‍ഡിലാണ് എന്‍എച്ച്എസിലെ കാത്തിരിപ്പ് സമയം നിലവിലുള്ളത്.

ഇത് ഇരട്ടിച്ച് 12 മില്ല്യണിലേക്ക് ഉയരാന്‍ മൂന്ന് വര്‍ഷം മാത്രമാണ് വേണ്ടി വരികയെന്ന് എന്‍എഒ വ്യക്തമാക്കുന്നു. എല്ലാ സുപ്രധാന ലക്ഷ്യങ്ങളും നേടാന്‍ ഹെല്‍ത്ത് സര്‍വ്വീസിന് സാധിക്കാത്ത അവസ്ഥയാണ്. ക്യാന്‍സര്‍ ചികിത്സ ഉള്‍പ്പെടെയുള്ള സേവനങ്ങളില്‍ പരാജയം നേരിടുന്നത് ജീവനുകള്‍ നഷ്ടമാകുന്ന പ്രത്യാഘാതം ക്ഷണിച്ച് വരുത്തുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു.

ആശുപത്രിയില്‍ വെയ്റ്റിംഗ് ലിസ്റ്റ് ഉയരുന്നത് തടഞ്ഞുനിര്‍ത്താന്‍ ബോറിസ് ജോണ്‍സന്റെ വിവാദമായ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ നികുതി കൊണ്ടും സാധിക്കില്ലെന്നും എന്‍എഒ പറയുന്നു. വരും വര്‍ഷങ്ങളില്‍ ലഭിക്കുന്ന പണം എന്‍എച്ച്എസ് വിഴുങ്ങുകയും, സോഷ്യല്‍ കെയറിന് കാര്യമായ പങ്ക് ലഭിക്കാതെ തകര്‍ച്ച നേരിടുകയും ചെയ്യുമെന്നും റിപ്പോര്‍ട്ട് ആശങ്ക അറിയിച്ചു.

എത്രത്തോളം കാര്യങ്ങള്‍ ഭേദപ്പെട്ടാലും 2025 ചുരുങ്ങിയത് 7 മില്ല്യണ്‍ ജനങ്ങളെങ്കിലും ചികിത്സയ്ക്കായി കാത്തിരിക്കുന്നുണ്ടാകുമെന്ന് മുന്നറിയിപ്പ് കൂട്ടിച്ചേര്‍ക്കുന്നു. ഒമിക്രോണ്‍ വേരിയന്റ് കൂടുതല്‍ തടസ്സങ്ങളിലേക്കും, വിന്ററില്‍ ലോക്ക്ഡൗണിലേക്കും നയിച്ചാല്‍ കയറേണ്ട കൊടുമുടിയുടെ ഉയരം കൂടുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
Other News in this category4malayalees Recommends