ഒമിക്രോണ്‍ സ്‌ട്രെയിന്റെ പേരില്‍ ലോക്ക്ഡൗണ്‍ വരുമോ? ഒന്നും ഉറപ്പില്ലെന്ന് സൂചന നല്‍കി ബോറിസ്; കര്‍ശന വിലക്കുകള്‍ക്ക് സാധ്യതയില്ല; ക്രിസ്മസ് ആഘോഷത്തില്‍ കുറവ് വരുത്തേണ്ട; സ്‌കൂള്‍ നേറ്റിവിറ്റി പ്ലേയും തുടരട്ടെ

ഒമിക്രോണ്‍ സ്‌ട്രെയിന്റെ പേരില്‍ ലോക്ക്ഡൗണ്‍ വരുമോ? ഒന്നും ഉറപ്പില്ലെന്ന് സൂചന നല്‍കി ബോറിസ്; കര്‍ശന വിലക്കുകള്‍ക്ക് സാധ്യതയില്ല; ക്രിസ്മസ് ആഘോഷത്തില്‍ കുറവ് വരുത്തേണ്ട; സ്‌കൂള്‍ നേറ്റിവിറ്റി പ്ലേയും തുടരട്ടെ
ക്രിസ്മസ് പാര്‍ട്ടികള്‍ ഇക്കുറി കോവിഡിന്റെ പേരില്‍ റദ്ദാക്കേണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. സ്‌കൂളിലെ നേറ്റിവിറ്റി പ്ലേ കുട്ടികള്‍ക്ക് മാറ്റിവെയ്‌ക്കേണ്ടി വരില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ഉന്നത ഡോക്ടര്‍മാര്‍ ഒമിക്രോണ്‍ വേരിയന്റിന്റെ പേരില്‍ വിലക്കുകള്‍ തിരിച്ചെത്തിക്കാന്‍ ആവശ്യപ്പെടുമ്പോഴാണ് ബോറിസ് നിലപാട് വ്യക്തമാക്കിയത്.

പുതിയ സ്‌ട്രെയിന്റെ പേരില്‍ ക്രിസ്മസ് വ്യാപാരം തകരുമെന്ന് ഹോസ്പിറ്റാലിറ്റി മേഖലയിലുള്ളവര്‍ ആശങ്കപ്പെടുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്. യുകെയില്‍ ഇതുവരെ 22 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കര്‍ശനമായ മാസ്‌ക് നിയമങ്ങളും, ബോര്‍ഡര്‍ ടെസ്റ്റിംഗും വഴി കൂടുതല്‍ വിലക്കുകളിലേക്ക് പോകാതെ തടയാമെന്നാണ് പ്രധാനമന്ത്രിയുടെ വാദം.

ജനുവരി മാസത്തിനകം മൂന്നാം ഡോസ് വാക്‌സിന്‍ കൂടി നേടി പ്രതിരോധം ഉറപ്പാക്കാനും പ്രധാനമന്ത്രി ആവശ്യപ്പെടുന്നു. ഈ വാക്കുകള്‍ക്കൊപ്പമാണ് ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ണ്ണമായി തള്ളിയിട്ടില്ലെന്ന മുന്നറിയിപ്പും ബോറിസ് പങ്കുവെയ്ക്കുന്നത്. സാധ്യത കുറവാണെങ്കിലും പദ്ധതി പൂര്‍ണ്ണമായി മറന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷത്തെ പോലെ പൂര്‍ണ്ണമായി രാജ്യത്തെ അടച്ചിടാനുള്ള സാധ്യത കുറവാണെന്ന് പ്രധാനമന്ത്രി പറയുന്നു. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിച്ചിട്ടുള്ളതിനാല്‍ ഇക്കുറി കാര്യങ്ങള്‍ വ്യത്യസ്തമാകുമെന്നാണ് മെഡിക്കല്‍ വിദഗ്ധരും, മന്ത്രിമാരും ആവര്‍ത്തിക്കുന്നത്.

ജനുവരിയ്ക്കുള്ളില്‍ 18ന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കാനാണ് പ്രധാനമന്ത്രിയുടെ നീക്കം. ആഘോഷങ്ങളെ ഇതുവഴി സംരക്ഷിക്കാമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
Other News in this category4malayalees Recommends