ആറാമത്തെ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ച് ന്യൂ സൗത്ത് വെയില്‍സ്; അതിര്‍ത്തി തുറന്ന ശേഷം സൗത്ത് ഓസ്‌ട്രേലിയയില്‍ ആദ്യ ലോക്കല്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു; അതിര്‍ത്തി തുറക്കാന്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയും

ആറാമത്തെ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ച് ന്യൂ സൗത്ത് വെയില്‍സ്; അതിര്‍ത്തി തുറന്ന ശേഷം സൗത്ത് ഓസ്‌ട്രേലിയയില്‍ ആദ്യ ലോക്കല്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു; അതിര്‍ത്തി തുറക്കാന്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയും

കഴിഞ്ഞ ആഴ്ച അതിര്‍ത്തികള്‍ തുറന്ന ശേഷം ആദ്യത്തെ പ്രാദേശിക കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് സൗത്ത് ഓസ്‌ട്രേലിയ. ഇന്റര്‍സ്‌റ്റേറ്റ് യാത്രക്കാര്‍ക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുത്ത രണ്ട് പേര്‍ക്കാണ് വൈറസ് പിടിപെട്ടതെന്ന് എസ്എ ഹെല്‍ത്ത് വ്യക്തമാക്കി. ഒരു കുട്ടിക്കും രോഗം പിടിപെട്ടു. എന്‍എസ്ഡബ്യു, വിക്ടോറിയ, ആക്ട് എന്നിവിടങ്ങളുമായി അതിര്‍ത്തി തുറന്ന ശേഷം ആദ്യത്തെ പ്രാദേശിക വ്യാപനമാണിത്.


മുന്‍ സൗത്ത് ഓസ്‌ട്രേലിയന്‍ പ്രീമിയര്‍ ജേ വെതെറില്ലും പോസിറ്റീവായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ രാജ്യത്ത് ഏഴ് ഒമിക്രോണ്‍ വേരിയന്റ് കേസുകള്‍ സ്ഥിരീകരിച്ചു. എന്‍എസ്ഡബ്യുവില്‍ ആറ് കേസുകള്‍ രേഖപ്പെടുത്തിയതോടെയാണിത്. പുതിയ വേരിയന്റ് സ്ഥിരീകരിച്ച ആറ് പേരും യാത്രക്കാരാണെന്ന് എന്‍എസ്ഡബ്യു ഹെല്‍ത്ത് വെളിപ്പെടുത്തി.

സതേണ്‍ ആഫ്രിക്കയില്‍ പോയി ദോഹയില്‍ നിന്നും സിഡ്‌നിയിലേക്ക് നവംബര്‍ 25ന് എത്തിച്ചേര്‍ന്ന സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയിട്ടുള്ള യാത്രക്കാരനാണ് പോസിറ്റീവായത്. ഈ രോഗി സിഡ്‌നിയില്‍ ഐസൊലേഷനിലാണ്. വിമാനത്തിലുണ്ടായിരുന്നവര്‍ സമ്പര്‍ക്ക പട്ടികയില്‍ വന്നതോടെ ഇവരോട് അടിയന്തരമായി കോവിഡ്-19 ടെസ്റ്റിന് വിധേയമാകാനും, 14 ദിവസം ക്വാറന്റൈന്‍ ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വാക്‌സിനേഷന്‍ സ്റ്റാറ്റസ് പരിഗണിക്കാതെ ഇത് പിന്തുടരാനാണ് എന്‍എസ്ഡബ്യു ഹെല്‍ത്ത് വ്യക്തമാക്കുന്നത്. വിമാനത്തില്‍ സഞ്ചരിച്ച ആറ് പേര്‍ സതേണ്‍ ആഫ്രിക്കയില്‍ നിന്നും കഴിഞ്ഞ 14 ദിവസത്തിനിടെ മടങ്ങിയെത്തിയവരാണെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനത്തില്‍ വൈറസ് പടര്‍ന്നുവെന്നതിന് നിലവില്‍ തെളിവുകള്‍ ലഭ്യമായിട്ടില്ല.

ഇതിനിടെ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ അതിര്‍ത്തി തുറക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണെന്ന് പ്രീമിയര്‍ മാര്‍ക്ക് മക്‌ഗോവന്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതില്‍ വിജയിച്ചെങ്കിലും എല്ലാ കാലവും വിലക്ക് തുടരാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം അതിര്‍ത്തി തുറക്കാന്‍ കൃത്യമായ തീയതി പ്രീമിയര്‍ വെളിപ്പെടുത്തിയില്ല. ആഷസ് പരമ്പരയ്ക്ക് എത്തുന്ന താരങ്ങളും, ജീവനക്കാരും 14 ദിവസം ക്വാറന്റൈന്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച് വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടെയാണ് പുതിയ നീക്കം.
Other News in this category



4malayalees Recommends