തലശേരിയില്‍ വിദ്വേഷ മുദ്രാവാക്യവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍. കെടി ജയകൃഷ്ണന് അനുസ്മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച റാലിയിലാണ് പരസ്യമായ വിദ്വേഷമുദ്രാവാക്യമുയര്ന്നത്. 'അഞ്ച് നേരം നിസ്കരിക്കാന്‍ പള്ളികളൊന്നും കാണില്ല. ബാങ്ക് വിളിയും കേള്‍ക്കില്ല. ജയ് ബോലോ ജയ് ജയ് ബോലോ ജയ് ജയ് ബോലോ ആര്‍എസ്എസ്' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയില്‍ പ്രവര്‍ത്തകര്‍ വിളിച്ചത്. റാലിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി.
ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം റാലിയില്‍ ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രജ്ഞിത്ത്, കെ.പി സദാനന്ദന് മാസ്റ്റര്‍, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വനസ്പതി തുടങ്ങിയ നേതാക്കള്‍ റാലിയുടെ മുന്‍നിരയിലുണ്ടായിരുന്നു. സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.