ഭാര്യ ഭക്ഷണത്തില്‍ ആര്‍ത്തവരക്തം കലര്‍ത്തി നല്‍കി; അണുബാധയുണ്ടായെന്ന് യുവാവ്; അന്വേഷിക്കാന്‍ മെഡിക്കല്‍ ബോര്‍ഡും പൊലീസും

ഭാര്യ ഭക്ഷണത്തില്‍ ആര്‍ത്തവരക്തം കലര്‍ത്തി നല്‍കി; അണുബാധയുണ്ടായെന്ന് യുവാവ്; അന്വേഷിക്കാന്‍ മെഡിക്കല്‍ ബോര്‍ഡും പൊലീസും
ആര്‍ത്തവ രക്തം കലര്‍ത്തി ഭാര്യ ഭക്ഷണം നല്‍കിയതിനെ തുടര്‍ന്ന് അണുബാധയുണ്ടായെന്ന യുവാവിന്റെ പരാതിയില്‍ അന്വേഷണത്തിനായി നാലംഗ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചു. കഴിഞ്ഞവര്‍ഷം ജൂണ്‍ 12ാം തീയതിയാണ് ഭാര്യയും അവരുടെ മാതാപിതാക്കളും ഭക്ഷണത്തില്‍ ആര്‍ത്തവ രക്തം കലര്‍ത്തിയെന്ന പരാതിയുമായി ഗാസിയാബാദ് സ്വദേശി പോലീസിനെ സമീപിച്ചത്. തുടര്‍ന്നാണ് അന്വേഷണത്തിനായി പോലീസ് മെഡിക്കല്‍ ബോര്‍ഡിനെ സമാപിച്ചത്.

ജനറല്‍ ഫിസിഷ്യന്‍, ഗൈനക്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, ഓര്‍ത്തോപീഡിക്ക് സര്‍ജന്‍ എന്നിവരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്. പരാതിക്കാരന്‍ ഹാജരാക്കിയ വിവിധ മെഡിക്കല്‍ റിപ്പോര്‍ട്ടുകളാണ് ബോര്‍ഡ് പരിശോധിക്കുക. ഈ ഭക്ഷണം കഴിച്ചതോടെ തനിക്ക് അണുബാധയുണ്ടായെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. ഭാര്യയും അവരുടെ മാതാവും തമ്മില്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്ന ഫോണ്‍കോള്‍ താന്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും പരാതിക്കാരന്‍ അവകാശപ്പെടുന്നുണ്ട്.

ഇയാളുടെ പരാതിയില്‍ കാവി നഗര്‍ പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, വിഷവസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. 2015ലാണ് പരാതിക്കാരന്‍ വിവാഹിതനായത്. ദമ്പതിമാര്‍ക്ക് ഒരു മകനുണ്ട്.

ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ കൂടെയുള്ള താമസം ഒഴിവാക്കി മാറിതാമസിക്കാന്‍ ഭാര്യ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതിച്ചതോടെ നിസ്സാരകാര്യങ്ങള്‍ക്ക് പോലും വഴക്കുണ്ടാക്കിയിരുന്നെന്നും പരാതിക്കാരന്‍ പറയുന്നു. വഴക്ക് പതിവായതോടെ തന്റെ മാതാപിതാക്കള്‍ വീട്ടില്‍നിന്ന് താമസം മാറി.

പിന്നീടാണ് ഭാര്യ രാത്രി കഴിക്കാന്‍ നല്‍കിയ ഭക്ഷണത്തില്‍ ആര്‍ത്തവ രക്തം കലര്‍ത്തിയത്. ഭാര്യയുടെ മാതാപിതാക്കളും സഹോദരനുമാണ് ഭക്ഷണത്തില്‍ രക്തം കലര്‍ത്തിയതിന് പിന്നിലെന്നും തനിക്കെതിരേ ദുര്‍മന്ത്രവാദം നടത്താന്‍ ഇവരാണ് ഭാര്യയെ പ്രേരിപ്പിക്കുന്നതെന്നും പരാതിയിലുണ്ട്.

Other News in this category



4malayalees Recommends