യുഎഇയില്‍ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് ഇനി ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ ക്ലാസുകള്‍ വേണ്ട. ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് സ്വന്തം രാജ്യത്തെ അംഗീകൃത ഡ്രൈവിങ് ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ അത് ഹാജരാക്കി നോളജ് ടെസ്റ്റും റോഡ് ടെസ്റ്റുകളും പാസായാല്‍ ലൈസന്‍സ് ലഭിക്കുമെന്ന് ദുബൈ ആര്‍.ടി.എ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ആര്‍ടിഎയുടെ പ്രതികരണം.
തങ്ങളുടെ എമിറേറ്റ്‌സ് ഐഡിയും നേരത്തെയുള്ള സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പിയുമാണ് ഗോള്‍ഡന്‍ വിസയുള്ളവര്‍ നല്‍കേണ്ടത്. തുടര്‍ന്ന് നോളജ് ടെസ്റ്റും റോഡ് ടെസ്റ്റുകളും പൂര്‍ത്തിയാക്കി ലൈസന്‍സ് സ്വന്തമാക്കാം. രാജ്യത്ത് സ്വദേശി സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും സാധിക്കുമെന്നതാണ് ഗോള്‍ഡന്‍ വിസയുടെ സവിശേഷത. 10 വര്‍ഷമാണ് ഗോള്‍ഡന്‍ വിസയുടെ കാലാവധി. ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് തങ്ങളുടെ ബിസിനസുകളില്‍ പൂര്‍ണ ഉടമസ്ഥാവകാശവും സാധ്യമാണ്. ഗോള്‍ഡന്‍ വിസകള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വമേധയാ പുതുക്കി നല്‍കുന്നതാണ്.
കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, നിക്ഷേപകര്‍, സംരംഭകര്‍, വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍, ശാസ്ത്ര – സാങ്കേതിക രംഗത്തെ ഗവേഷകര്‍, പഠനത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്.