ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പെന്ന് പരാതി
ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പെന്ന് പരാതി. മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ പേരിലാണ് സോഷ്യല്‍ മീഡിയ വഴി വ്യാജ പരസ്യം നല്കി തട്ടിപ്പ് നടക്കുന്നത്. കമ്പനി അധികൃതര്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നല്കി. ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന വിസാര്‍ഡ് ഗ്രൂപ്പ് കമ്പനിയുടെ പേരിലാണ് നാട്ടില്‍ തട്ടിപ്പ് നടക്കുന്നത്, ആദ്യം ജോലി ഒഴിവ് കാണിച്ച് സോഷ്യല്‍ മീഡിയയില്‍ പരസ്യം ചെയ്യും.
ലെറ്റര്‍ പാഡും ലോഗോയും വ്യാജമായി നിര്‍മിച്ചാണ് തട്ടിപ്പ്. എന്നാല്‍ ഖത്തറില്‍ റിക്രൂട്ട്മെന്റിന് തൊഴിലാളിയില്‍ പണം ഈടാക്കരുതെന്ന നിബന്ധന ഉള്ളതിനാല്‍ വിശദമായി അന്വേഷിക്കുമ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാകുന്നത്. ഇത്തരത്തില്‍ കമ്പനിയിലേക്ക് തട്ടിപ്പിന്നിരയായവരുടെ വിളികള്‍ വന്നതോടെയാണ് വിസാര്‍ഡ് ഗ്രൂപ്പ് എംബസിക്ക് പരാതി നല്‍കിയത്. കമ്പനിയുടെ പഴയ അഡ്രസ് വെച്ചാണ് തട്ടിപ്പ് നടത്തുന്നത്. ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന പശ്ചാതലത്തില്‍ ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി തട്ടിപ്പു സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.