നിയോഗം പൂര്‍ത്തിയാക്കി, സംതൃപ്തിയോടെ പടിയിറക്കം

നിയോഗം പൂര്‍ത്തിയാക്കി, സംതൃപ്തിയോടെ പടിയിറക്കം
ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് ഹോളി ഫാമിലി ചര്‍ച്ചില്‍ 2019, 2020 , 2021 വര്‍ഷങ്ങളിലെ ട്രസ്റ്റിമാരായി സേവനം പൂര്‍ത്തിയാക്കിയ ജോസഫ് കടംതോട്ട് , ജിജോ ആന്റണി, ആനി ചാക്കോ, നിര്‍മല ജോസഫ് എന്നിവര്‍, പുതിയ ഭാരവാഹികളെ ചുമതല ഏല്‍പ്പിച്ച് തികഞ്ഞ സംതൃപ്തിയോടെ പടിയിറങ്ങി .


സക്കറിയ വടകര, ജിബിന്‍ മാത്യു, ബീന പറമ്പി, റാണി തോമസ് എന്നീ ട്രസ്ടിമാര്‍ക്കൊപ്പം 25 അംഗങ്ങളുള്ള ഒരു പാരിഷ് കൗണ്‍സില്‍ ആയിരിക്കും അടുത്ത രണ്ടുവര്ഷങ്ങളില്‍ വികാരിയച്ചന്‍ ഫാദര്‍ റാഫേല്‍ അമ്പാടനൊപ്പം ഈ ദേവാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരിക്കുന്നത്.


ആദ്യകാലംമുതല്‍ പലരുടെയും ത്യാഗോജ്വലമായ സേവനത്താല്‍ ഈ ദേവാലയത്തിനുണ്ടായ ഉയര്‍ച്ചക്ക്, പ്രത്യേകിച്ചും സ്വന്തമായി ദേവാലയം വാങ്ങാന്‍ സാധിച്ചു എന്ന ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത് ഒരു ദൈവനിയോഗമായി സ്ഥാനമൊഴിയുന്ന ട്രസ്ടിമാര്‍ കരുതുന്നു.


2019 ജനുവരിയില്‍ ഫാദര്‍ തദ്ദേവൂസ് അരവിന്ദത്തിന്റെയും പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെയും ഒപ്പം സെന്റ് മേരീസ് മിഷനില്‍ ഇവര്‍ പ്രവര്‍ത്തനം ആരംഭിച്ചു. അതിനുശേഷം, ഇടവക വികാരി ഫാദര്‍ റാഫേല്‍ അമ്പാടനൊപ്പം പ്രവര്‍ത്തിച്ച് 2021 ഡിസംബറില്‍ ചാരിതാര്‍ഥ്യത്തോടെ പടി ഇറങ്ങുന്നത് ഹോളി ഫാമിലി പാരിഷ് എന്ന സ്വന്തം ദേവാലയത്തില്‍ നിന്നും.


കഴിഞ്ഞ ഇരുപതിലേറെ വര്‍ഷങ്ങളായുള്ള ഇടവക ജനങ്ങളുടെ സ്വപ്നവും പ്രയത്‌നവും സാദ്ധ്യമായതില്‍ പങ്കുവഹിക്കാനായി എന്നത് ഏറെ സന്തോഷകരമാണ്. 2019 ന്റെ അവസാനം മുതല്‍ ലോകത്തെയാകമാനം നടുക്കിയ കോവിഡ് രോഗവ്യാപനം ദേവാലയത്തിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും കാലതാമസം വരുത്തി. ഈ പ്രത്യേക സാഹചര്യത്തില്‍ ട്രസ്റ്റിമാരുടെ കാലാവധി ഒരുവര്‍ഷം കൂടി നീട്ടുകയുണ്ടായി. CCD ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കി. സമയാസമയങ്ങളില്‍ നടത്തേണ്ടുന്ന പല ആചാര ആഘോഷ പരിപാടികളും നീട്ടിവയ്‌ക്കേണ്ടിവന്നു.


ന്യൂയോര്‍ക് ആര്‍ച് ഡയോസിസില്‍നിന്നും ഈ ദേവാലയം സ്വന്തമായി വാങ്ങാനുള്ള ശ്രമത്തിന് കാലതാമസം നേരിട്ടു. എങ്കിലും കോവിഡിന്റെ ദുരിതദിനങ്ങളിലും വികാരിയച്ചന്‍ ഫാദര്‍ റാഫേല്‍ അമ്പാടന്‍, ദിവസവും പള്ളിയില്‍ ദിവ്യബലിയര്‍പ്പിച്ചു. ആ ദിവ്യബലി ലൈവ് സ്ട്രീം വഴി ഇടവക അംഗങ്ങളിലേക്ക് എത്തിക്കയും ചെയ്തു. എല്ലാബുദ്ധിമുട്ടുകള്‍ക്കും ദുരിതങ്ങള്‍ക്കുമിടയിലും ദൈവാനുഗ്രഹത്താല്‍ ഇടവകാംഗങ്ങള്‍ എല്ലാവരും സുരക്ഷിതരായിരുന്നു.


ഒരു സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചക്കും പുരോഗതിക്കുമൊപ്പം സാമൂഹികവും സാംസ്‌കാരികവുമായ പുരോഗതിക്കും ഈ ദേവാലയം ഇടമൊരുക്കുന്നു. കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും, കുടുംബസ്ഥര്‍ക്കും വിശ്രമജീവിതത്തിലേക്കു കടന്നവര്‍ക്കും നിരവധിയായ സാദ്ധ്യതകളാണ് ഈ ദേവാലയവും ഇതിന്റെ വിസ്തൃതമായ ഇടങ്ങളും വാഗ്ദാനം ചെയ്യുന്നത്.


തങ്ങളുടെ മൂന്നു വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടവകാംഗങ്ങളോടാണ് തങ്ങള്‍ കടപ്പെട്ടിരിക്കുന്നത്. അവരുടെ സഹകരണവും പ്രോത്സാഹനവും നല്ലവാക്കുകളുമാണ് തങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ ശക്തി തന്നത്ട്രസ്ടിമാര്‍ പറയുന്നു. എല്ലാ വിഷയങ്ങളും തുറന്നു ചര്‍ച്ച ചെയ്യാനും ഐക്യ ധാരണയോടെ പ്രവര്‍ത്തിക്കാനും ട്രസ്റ്റിമാര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഈ ദേവാലയത്തില്‍ സേവനം അനുഷ്ഠിക്കുന്ന എല്ലാ കമ്മറ്റികളും ഞങ്ങളോട് പൂര്‍ണ്ണമായും സഹകരിച്ചുട്ടുണ്ട്. ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കി ഞങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിച്ച എല്ലാവരോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ വാക്കുകളിലോ പ്രവര്‍ത്തനങ്ങളിലോ ആര്‍ക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ ദയവായി ക്ഷമിക്കണം എന്നപേക്ഷിക്കുന്നു എന്നും നന്ദി പ്രകാശനത്തില്‍ സൂചിപ്പിച്ചു. അതോടൊപ്പം ഈ ദേവാലയത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാവിയിലും തങ്ങളുടെ പൂര്‍ണ്ണമായ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.


Other News in this category



4malayalees Recommends