വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത് ഗുണം ചെയ്യുന്നുവെന്ന് കാനഡ; വാക്‌സിനെടുക്കാത്തവര്‍ക്ക് ടാക്‌സ് ഏര്‍പ്പെടുത്തിയ ക്യുബെക്കിന്റെ നയം ഏറ്റു, ആദ്യ ഡോസ് അപ്പോയിന്റ്‌മെന്റുകളില്‍ വര്‍ദ്ധന

വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത് ഗുണം ചെയ്യുന്നുവെന്ന് കാനഡ; വാക്‌സിനെടുക്കാത്തവര്‍ക്ക് ടാക്‌സ് ഏര്‍പ്പെടുത്തിയ ക്യുബെക്കിന്റെ നയം ഏറ്റു, ആദ്യ ഡോസ് അപ്പോയിന്റ്‌മെന്റുകളില്‍ വര്‍ദ്ധന

കനേഡിയന്‍ പ്രൊവിന്‍സായ ക്യുബെക്ക് വാക്‌സിനെടുക്കാത്തവരില്‍ നിന്നും പിഴ ഈടാക്കാനുള്ള നയം പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യ ഡോസ് വാക്‌സിനെടുക്കാനുള്ള ബുക്കിംഗില്‍ വര്‍ദ്ധന. പ്രൊവിന്‍സില്‍ വാക്‌സിനെടുക്കാത്ത ആളുകളില്‍ നിന്നും പിഴ ഈടാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഈ വര്‍ദ്ധനയെന്ന് ഹെല്‍ത്ത് മന്ത്രി ക്രിസ്റ്റിയന്‍ ഡുബെ വ്യക്തമാക്കി.


നിരവധി ദിവസങ്ങള്‍ക്കിടെയുള്ള ഉയര്‍ന്ന തോതിലാണ് ആദ്യ ഡോസ് അപ്പോയിന്റ്‌മെന്റുകളെന്നും, ഇത് പ്രോത്സാഹനം നല്‍കുന്നതാണെന്നും ക്രിസ്റ്റിയന്‍ ഡുബെ കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ ഇളവുകളുള്ളവര്‍ക്ക് ഈ ഫൈന്‍ ബാധകമാകില്ല. എത്ര തുകയാണ് പിഴ ഈടാക്കുകയെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സുപ്രധാനമായ തുകയുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതികരണം.

ക്യുബെക്കില്‍ യോഗ്യരായ 90 ശതമാനത്തോളം ജനങ്ങളും ആദ്യ ഡോസ് വാക്‌സിനെടുത്തിട്ടുള്ളതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ വാക്‌സിനെടുക്കാത്ത ആളുകള്‍ പ്രൊവിന്‍സിലെ പബ്ലിക് ഹെല്‍ത്ത് സിസ്റ്റത്തിന് ഭാരം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി.

ക്യുബെക്കിന്റെ പിഴ ഈടാക്കാനുള്ള നയത്തിന്റെ ഗുണങ്ങളെ കുറിച്ച് താന്‍ പരിശോധിക്കാനില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചു. എന്നിരുന്നാലും എയര്‍ലൈന്‍, ട്രെയിന്‍ യാത്രക്കാര്‍ക്കും, ഫെഡറല്‍ വര്‍ക്കേഴ്‌സിനും, ഫെഡറല്‍ ഗവണ്‍മെന്റിന് കീഴിലുള്ള തൊഴിലിടങ്ങളിലും വാക്‌സിന്‍ നിര്‍ബന്ധമാക്കിയത് ഗുണം ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Other News in this category4malayalees Recommends