കോവിഡുമായി ബന്ധപ്പെട്ട് രണ്ടാമത്തെ മരണം രേഖപ്പെടുത്തി നോര്‍ത്തേണ്‍ ടെറിട്ടറി. റോയല്‍ ഡാര്വിന് ഹോസ്പിറ്റലിലാണ് തദ്ദേശീയ വിഭാഗത്തില്‍ പെട്ട 40 വയസ്സുകാരി മരണപ്പെട്ടത്.
ഇവര്‍ ഡാര്‍വിനിലെ ബാഗോട്ട് കമ്മ്യൂണിറ്റിയില്‍ പെട്ട വ്യക്തിയായിരുന്നുവെന്ന് എന്‍ടി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ നിക്കോള്‍ മാനിസണ് പറഞ്ഞു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് സ്ത്രീ ഐസിയുവിലായിരുന്നു. സമ്പൂര്‍ണ്ണ വാക്സിനേഷന് എടുത്തിരുന്ന ഇവര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു, മാനിസണ് വ്യക്തമാക്കി.
നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ ഇതുവരെയുള്ള രണ്ടാമത്തെ കോവിഡ് മരണമാണിത്. സ്ത്രീയെ ബാധിച്ചത് ഏത് വേരിയന്റാണെന്ന് വ്യക്തമായിട്ടില്ല. അതേസമയം ഇവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരുന്നില്ലെന്ന് എന്‍ടി ഡെപ്യൂട്ടി ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ചാള്‍സ് പെയിന്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ആളുകളോട് ബൂസ്റ്റര്‍ എടുക്കാനാണ് പെയിന്‍ ആവശ്യപ്പെടുന്നത്.
24 മണിക്കൂറില്‍ 412 പുതിയ കേസുകളും എന്‍ടിയില്‍ സ്ഥിരീകരിച്ചു. മൂന്നിലൊന്ന് കേസുകളും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ വഴിയാണ് സ്ഥിരീകരിച്ചത്. 32 പേരാണ് ടെറിട്ടറിയിലെ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ആരും ഐസിയുവില്‍ ചികിത്സ നേടുന്നില്ല.
ഇപ്പോള്‍ കോവിഡ്-19നുമായി ബന്ധപ്പെട്ട് 3730 ആക്ടീവ് കേസുകളാണുള്ളതെന്ന് മാനിസണ് വ്യക്തമാക്കി. ഇതില്‍ പകുതി കേസുകളും 20 മുതല്‍ 39 വയസ്സ് വരെ പ്രായമുള്ളവരിലാണ്. ഗ്രേറ്റര്‍ ഡാര്വിന് ഏരിയയിലാണ് 75 ശതമാനം കേസുകളും രേഖപ്പെടുത്തുന്നത്.