ന്യൂ സൗത്ത് വെയില്‍സില്‍ 20 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; 193 രോഗികള്‍ കോവിഡിനെതിരെ പോരടിച്ച് അത്യാഹിത വിഭാഗത്തില്‍; 48,768 പുതിയ പോസിറ്റീവ് കേസുകളും

ന്യൂ സൗത്ത് വെയില്‍സില്‍ 20 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; 193 രോഗികള്‍ കോവിഡിനെതിരെ പോരടിച്ച് അത്യാഹിത വിഭാഗത്തില്‍; 48,768 പുതിയ പോസിറ്റീവ് കേസുകളും

ന്യൂ സൗത്ത് വെയില്‍സില്‍ 24 മണിക്കൂറിനിടെ 20 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. വ്യാഴാഴ്ച 29 പേര്‍ മരിച്ച റെക്കോര്‍ഡില്‍ നിന്നാണ് ഈ കുറവ് വന്നിരിക്കുന്നത്. 48,768 പുതിയ കേസുകളാണ് ഒടുവിലായി സ്റ്റേറ്റില്‍ സ്ഥിരീകരിച്ചിരിക്കുന്നത്.


മുന്‍പത്തെ റെക്കോര്‍ഡായ 63,000 കേസുകളില്‍ നിന്നും കുറവ് രേഖപ്പെടുത്തിയെന്നത് ആശ്വാസമാണ്. 21,748 കേസുകള്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് വഴിയും, 27020 കേസുകള്‍ പിസിആര്‍ ടെസ്റ്റ് വഴിയുമാണ് സ്ഥിരീകരിച്ചത്. 2576 പേരാണ് വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളത്, 193 പേര്‍ ഐസിയുവിലാണ്.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ള 20-കളില്‍ പ്രായമുള്ള ഒരു യുവാവ് ആല്‍ബറി ബേസ് ഹോസ്പിറ്റലില്‍ മരിച്ചു. ഈ യുവാവിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി എന്‍എസ്ഡബ്യു ഹെല്‍ത്ത് വ്യക്തമാക്കി. മരണപ്പെട്ടവരില്‍ 11 പുരുഷന്‍മാരും, 9 സ്ത്രീകളുമുണ്ട്. 16 പേര്‍ വാക്‌സിനെടുത്തവരും, 4 പേര്‍ വാക്‌സിനെടുക്കാത്തവരുമാണ്.

ഇതോടെ മഹാമാരി തുടങ്ങിയ ശേഷം എന്‍എസ്ഡബ്യുവിലെ മരണസംഖ്യ 848 എത്തിച്ചേര്‍ന്നു. സ്‌റ്റേറ്റില്‍ 24.2 ശതമാനം പേരാണ് മൂന്നാം ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തിരിക്കുന്നത്. അതേസമയം 5 മുതല്‍ 11 വരെ പ്രായമുള്ള കുട്ടികളില്‍ 8.9 ശതമാനം മാത്രമാണ് ആദ്യ ഡോസ് സ്വീകരിച്ചത്.

16 വയസ്സിന് മുകളില്‍ 93.8 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിനെടുത്തിട്ടുണ്ട്. അടുത്ത ആഴ്ചയോടെ എന്‍എസ്ഡബ്യുവില്‍ കോവിഡ് ആശുപത്രി പ്രവേശനങ്ങള്‍ ചുരുങ്ങാന്‍ തുടങ്ങുമെന്നാണ് പ്രവചനം.
Other News in this category



4malayalees Recommends