പുറത്താക്കാന്‍ പ്രതിപക്ഷം, പിടിച്ചുനില്‍ക്കാന്‍ ബോറിസ്; ലോക്ക്ഡൗണ്‍ ലംഘിച്ച് പാര്‍ട്ടി സംഘടിപ്പിച്ച പ്രതിസന്ധി ചാടിക്കടന്നാല്‍ ബോറിസിന്റെ വെട്ടിനിരത്തല്‍ വരും; ഡൗണിംഗ് സ്ട്രീറ്റ് കൂട്ടാളികളെ ചുരുക്കും; രാജ്യസ്‌നേഹം പ്രകടിപ്പിക്കാന്‍ നടപടികളും!

പുറത്താക്കാന്‍ പ്രതിപക്ഷം, പിടിച്ചുനില്‍ക്കാന്‍ ബോറിസ്; ലോക്ക്ഡൗണ്‍ ലംഘിച്ച് പാര്‍ട്ടി സംഘടിപ്പിച്ച പ്രതിസന്ധി ചാടിക്കടന്നാല്‍ ബോറിസിന്റെ വെട്ടിനിരത്തല്‍ വരും; ഡൗണിംഗ് സ്ട്രീറ്റ് കൂട്ടാളികളെ ചുരുക്കും; രാജ്യസ്‌നേഹം പ്രകടിപ്പിക്കാന്‍ നടപടികളും!

പ്രധാനമന്ത്രി കസേരയില്‍ കടിച്ചുതൂങ്ങാന്‍ അന്തിമനീക്കങ്ങളുമായി ബോറിസ് ജോണ്‍സണ്‍. ലോക്ക്ഡൗണ്‍ സമയത്ത് പാര്‍ട്ടി സംഘടിപ്പിച്ച് സ്വയം പ്രഖ്യാപിച്ച നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് നേരിടുന്ന വിമര്‍ശനങ്ങളെ അതിജീവിക്കാന്‍ സാധിച്ചാല്‍ ഡൗണിംഗ് സ്ട്രീറ്റില്‍ വെട്ടിനിരത്തല്‍ നടത്താനാണ് ബോറിസിന്റെ നീക്കം.


നം. 10 ഗാര്‍ഡണ്‍ പാര്‍ട്ടിക്കായി സ്വന്തം മദ്യം കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് ഇമെയില്‍ അയച്ച പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി മാര്‍ട്ടിന്‍ റെയ്‌നോള്‍ഡ്‌സും, ഇദ്ദേഹത്തിന്റെ ഡെപ്യൂട്ടി സ്റ്റുവര്‍ട്ട് ഗ്ലാസ്‌ബോറാവും ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നും പുറത്താവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചീഫ് ഓഫ് സ്റ്റാഫ് ഡാന്‍ റോസെന്‍ഫീല്‍ഡിനും സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്നാണ് കരുതുന്നത്.

ബോറിസിന്റെ മുതിര്‍ന്ന ജീവനക്കാരെ കുറിച്ച് സ്ഥിരീകരിക്കാനോ, തള്ളിക്കളയാനോ വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ തയ്യാറായിട്ടില്ല. ഇതിന് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെ നേരിട്ട് ഏറ്റെടുത്ത് മുന്‍നിരയിലേക്ക് എത്താനും ബോറിസ് പദ്ധതിയിടുന്നുണ്ട്. അനധികൃത കുടിയേറ്റക്കാര്‍ ബോട്ടില്‍ എത്തുന്ന പ്രതിസന്ധിക്ക് പുറമെ, കോവിഡിന് ശേഷമുള്ള എന്‍എച്ച്എസിനായി വാര്‍ റൂം തുറക്കാനും പ്രധാനമന്ത്രി തയ്യാറെടുക്കുകയാണ്.

എന്നാല്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന പാര്‍ട്ടികളുടെ പേരില്‍ ക്യാബിനറ്റിലും, ടോറി ബാക്ക്‌ബെഞ്ചിലും ഉയര്‍ന്ന രോഷം ശമിച്ചിട്ടില്ല. ഇതേക്കുറിച്ച് നടക്കുന്ന ഔദ്യോഗിക അന്വേഷണം ബോറിസിനെ നേരിട്ട് കുറ്റപ്പെടുത്തുന്നത് ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രിയുടെ അടുപ്പക്കാര്‍. ഇതുവഴി അധികാരത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം തങ്ങളുടെ മണ്ഡലത്തിലെ ജനങ്ങള്‍ വിഷയത്തില്‍ രോഷം അറിയിച്ച് ഇമെയിലുകള്‍ അയയ്ക്കുന്നത് ടോറി എംപിമാരെ ചൊടിപ്പിക്കുകയാണ്. എന്നാല്‍ താന്‍ അധികാരം കൈമാറുന്നത് എപ്പോഴാണെന്ന് വ്യക്തമാക്കാന്‍ ബോറിസ് തയ്യാറുമല്ല. ഭരണകൂടത്തിന്റെ ചീത്തപ്പേര് മാറ്റി മെയില്‍ നടക്കുന്ന ലോക്കല്‍ തെരഞ്ഞെടുപ്പ് നേരിടുകയാണ് പ്രധാനമന്ത്രിയുടെ ഉദ്ദേശം.
Other News in this category4malayalees Recommends