പ്ലാന്‍ ബി വിലക്കുകള്‍ അന്ത്യത്തിലേക്ക്! നിയന്ത്രണങ്ങള്‍ ജനുവരി 26ന് അവസാനിക്കുമെന്ന സൂചന നല്‍കി കണ്‍സര്‍വേറ്റീവ് ചെയര്‍മാന്‍; സാധാരണ ജീവിതം തിരികെ നല്‍കാന്‍ വഴിയൊരുക്കി ഡാറ്റ; ശുഭാപ്തി വിശ്വാസത്തില്‍ ഹെല്‍ത്ത് സെക്രട്ടറിയും

പ്ലാന്‍ ബി വിലക്കുകള്‍ അന്ത്യത്തിലേക്ക്! നിയന്ത്രണങ്ങള്‍ ജനുവരി 26ന് അവസാനിക്കുമെന്ന സൂചന നല്‍കി കണ്‍സര്‍വേറ്റീവ് ചെയര്‍മാന്‍; സാധാരണ ജീവിതം തിരികെ നല്‍കാന്‍ വഴിയൊരുക്കി ഡാറ്റ; ശുഭാപ്തി വിശ്വാസത്തില്‍ ഹെല്‍ത്ത് സെക്രട്ടറിയും

ഇംഗ്ലണ്ടില്‍ നിലവിലുള്ള പ്ലാന്‍ ബി വിലക്കുകള്‍ ജനുവരി 26ന് അവസാനിക്കുമെന്ന സൂചന നല്‍കി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാന്‍ ഒലിവര്‍ ഡൗഡെന്‍. രാജ്യത്തിന്റെ നീക്കം ശരിയായ ദിശയിലാണെന്ന് കൊറോണാവൈറസ് ഡാറ്റ വ്യക്തമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് ഇന്‍ഫെക്ഷനുകളുടെയും, ആശുപത്രി പ്രവേശനങ്ങളുടെയും കണക്കുകള്‍ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.


പ്ലാന്‍ ബി വിലക്കുകള്‍ ഏറ്റവും ചുരുങ്ങിയ കാലത്തേക്ക് മാത്രം നിലവിലുണ്ടാകണമെന്നായിരുന്നു എപ്പോഴും തന്റെ പ്രതീക്ഷയെന്ന് ഡൗഡെന്‍ വ്യക്തമാക്കി. വിലക്കുകള്‍ മാസാവസാനത്തോടെ നിര്‍ത്തലാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഏറെ ശുഭാപ്തി വിശ്വാസമുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. ജനുവരി 26ന് നിയന്ത്രണങ്ങള്‍ നീക്കാന്‍ ബോറിസ് ജോണ്‍സണ്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ ഉയരുന്നത്.

ഇതോടെ വര്‍ക്ക് ഫ്രം ഹോം നിബന്ധനയും, വലിയ വേദികളില്‍ പ്രവേശിക്കാന്‍ കോവിഡ് പാസ് വേണമെന്ന നിബന്ധനയും അവസാനിക്കും. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ യാത്രക്കാര്‍ക്കുള്ള ടെസ്റ്റിംഗ് നിയന്ത്രണങ്ങളിലും ഇളവ് വരുമെന്നാണ് കരുതുന്നത്. ഇതോടെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ ടെസ്റ്റിംഗ് ആവശ്യമായി വരില്ല.

ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് ഈ നീക്കങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഷോപ്പുകള്‍, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ ഇടങ്ങളില്‍ ഫേസ് മാസ്‌ക് ധരിക്കുന്നത് നിയമപരമായ ആവശ്യമായി നിലനിര്‍ത്താനാണ് ഉദ്ദേശം. രണ്ടാഴ്ചയ്ക്കുള്ളില്‍ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ഹെല്‍ത്ത് സെക്രട്ടറിയും പ്രതീക്ഷിക്കുന്നു.

സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോള്‍ കേസുകള്‍ ഉയരുമെന്ന ആശങ്ക ഇപ്പോഴും ബാക്കിയാണ്. ജനുവരി 26ന് നിയന്ത്രണങ്ങള്‍ പുനഃപ്പരിശോധിക്കുമ്പോള്‍ കേസുകള്‍ കുറഞ്ഞ് നില്‍ക്കുന്നത് സാധാരണ ജീവിതം തിരിച്ചുപിടിക്കുന്നതിന് അനുകൂലമായി മാറും.
Other News in this category4malayalees Recommends