നോവാക് ജോക്കോവിച്ച് രാത്രി തന്നെ വിമാനം കയറി ദുബായിലേക്ക് ; മൂന്നു വര്‍ഷത്തേക്ക് രാജ്യത്തേക്ക് പ്രവേശനമില്ല ; വിസ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി കോടതി ശരിവച്ചതോടെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വപ്നം അവസാനിപ്പിച്ച് താരത്തിന്റെ മടങ്ങല്‍

നോവാക് ജോക്കോവിച്ച് രാത്രി തന്നെ വിമാനം കയറി ദുബായിലേക്ക് ; മൂന്നു വര്‍ഷത്തേക്ക് രാജ്യത്തേക്ക് പ്രവേശനമില്ല ; വിസ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി കോടതി ശരിവച്ചതോടെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വപ്നം അവസാനിപ്പിച്ച് താരത്തിന്റെ മടങ്ങല്‍
ടെന്നീസ് താരം നോവാക് ജോക്കോവിച്ചിന്റെ വിസ റദ്ദ് ചെയ്ത ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നടപടി ഫെഡറല്‍ കോടതി ശരിവച്ചതോടെ രാത്രി തന്നെ ഓസ്‌ട്രേലിയയില്‍ നിന്നും നാടുകടത്തി. തുടര്‍ന്ന് ജോക്കോവിച്ചിന് മൂന്നു വര്‍ഷത്തേക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി കരേന്‍ ആന്‍ഡ്രൂസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ജോക്കോവിച്ചിന് ഓസ്‌ട്രേലിയയില്‍ വരേണ്ട ആവശ്യമുണ്ടായാല്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന് അപ്പോള്‍ തീരുമാനിക്കുമെന്നും മന്ത്രി പ്രതികരിച്ചു. 11 ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് താരം ഓസ്‌ട്രേലിയയില്‍ നിന്ന് മടങ്ങിയത്. കോടതി ഫുള്‍ ബെഞ്ച് സര്‍ക്കാര്‍ നടപടി ശരിവക്കുകയായിരുന്നു.

ജോക്കോവിച്ചിനെ പൊലീസ് അകമ്പടിയോടെ മെല്‍ബണ്‍ വിമാനത്താവളത്തിലെത്തിച്ചു. 10.30ന് ദുബായ്ക്കുള്ള വിമാനത്തില്‍ അദ്ദേഹത്തെ കയറ്റി അയക്കുകയായിരുന്നു. അവിടെ നിന്ന് സ്‌പെയ്‌നിലേക്ക് യാത്ര ചെയ്യും.

ജോക്കോവിച്ച് നടപടിയ്‌ക്കെതിരെ കുടുംബവും സെര്‍ബിയയും വന്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ ഉദ്യോഗസ്ഥര്‍ കള്ളം പറയുകയാണെന്നായിരുന്നു സെര്‍ബിയന്‍ പ്രസിഡന്റിന്റെ പ്രതികരണം.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ വിധിയെ സ്വാഗതം ചെയ്തു.അതിര്‍ത്തി നിയമം കര്‍ശനമാണെന്നും അത് പാലിക്കാതെ കഴിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

വിധിയില്‍ നിരാശനാണെന്ന് ജോക്കോവിച്ചും പ്രതികരിച്ചു. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നിയമ നടപടികള്‍ക്ക് വന്ന ചെലവ് ജോക്കോവിച്ചിനോട് വഹിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

Other News in this category



4malayalees Recommends