കെന്റിലെ മലയാളികള്‍ ദാസേട്ടന് ബുധനാഴ്ച യാത്രാമൊഴി നല്‍കും

കെന്റിലെ മലയാളികള്‍ ദാസേട്ടന് ബുധനാഴ്ച യാത്രാമൊഴി നല്‍കും
മെയ്ഡ്‌സ്റ്റോണ്‍: കഴിഞ്ഞ ഡിസംബര്‍ 29 ന് വിട പറഞ്ഞ മോഹന്‍ദാസ് കുന്നംചേരിക്ക് കെന്റിലെ മലയാളികള്‍ ബുധനാഴ്ച യാത്രാമൊഴി നല്‍കും. എയ്ല്‍സ്‌ഫോര്‍ഡ് ഡിറ്റന്‍ കമ്മ്യൂണിറ്റി ഹാളില്‍ ജനുവരി 19 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 5 വരെയാണ് പൊതു ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. മെയ്ഡ്‌സ്റ്റോണ്‍ മലയാളികളുടെ ജീവിതവുമായി അഭേദ്യം ബന്ധപ്പെട്ടു നിന്ന പ്രിയപ്പെട്ട ദാസേട്ടന്റെ പ്രവര്‍ത്തനമണ്ഡലത്തില്‍ വച്ച് തന്നെയാണ് വിടപറയല്‍ ചടങ്ങും നടത്തപ്പെടുന്നത്. പൊതുദര്ശനത്തിന് ശേഷം വൈകിട്ട് 5 മണിക്ക് അനുശോചനയോഗവും നടത്തപ്പെടും. ദാസേട്ടന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അനുശോചനയോഗത്തില്‍ സംബന്ധിച്ച് സംസാരിക്കും.

കഴിഞ്ഞ ഡിസംബര്‍ 29 ന് രാവിലെ മെയ്ഡ്‌സ്റ്റോണിലെ താമസസ്ഥലത്തു വച്ച് ഹൃദയാഘാതം മൂലമാണ് മോഹന്‍ദാസ് വിടവാങ്ങിയത്. നാട്ടിലുള്ള കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം ശവസംസ്‌കാരം നാട്ടില്‍ വച്ച് നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന് മൃതദേഹം കൈമാറുകയും നാട്ടിലേക്ക് ബോഡി എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയും ചെയ്തു. മറ്റു തടസങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ വ്യാഴാഴ്ച തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലം തങ്ങളോടൊപ്പം നിഴല്‍ പോലെ ഉണ്ടായിരുന്ന സുഹൃത്തിന്റെ ആകസ്മിക വേര്‍പാടില്‍ അതീവദുഃഖിതരാണ് മെയ്ഡ്‌സ്റ്റോണിലെ മലയാളികള്‍. ദാസേട്ടന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനും ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമായി സജീവ പ്രവര്‍ത്തനങ്ങളുമായി ഇവര്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ട്. നാട്ടിലുള്ള അദ്ദേഹത്തിന്റെ ഭാര്യക്കും മക്കള്‍ക്കും അവസാനമായി അന്തിമോപചാരം അര്‍പ്പിക്കുവാന്‍ ഉള്ള അവസരം ഉണ്ടാക്കികൊടുക്കുവാന്‍ പ്രതിജ്ഞാബദ്ധരായി കെന്റിലെ മലയാളി സമൂഹവും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു.

പൊതുദര്‍ശനം നടക്കുന്ന ഹാളിന്റെ അഡ്രസ്: Ditton Communtiy Cetnre, Ditton, Aylesford, Kent ME20 6AH


Other News in this category



4malayalees Recommends