ന്യൂ സൗത്ത് വെയില്‍സിലെ ഐസിയുകളിലുള്ള കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന; 200 കടന്ന് അത്യാഹിത വിഭാഗത്തില്‍ രോഗികള്‍; ഈയാഴ്ച കേസുകള്‍ പീക്കിലെത്തുമെന്ന് സര്‍ക്കാര്‍ മോഡലിംഗ്

ന്യൂ സൗത്ത് വെയില്‍സിലെ ഐസിയുകളിലുള്ള കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന; 200 കടന്ന് അത്യാഹിത വിഭാഗത്തില്‍ രോഗികള്‍; ഈയാഴ്ച കേസുകള്‍ പീക്കിലെത്തുമെന്ന് സര്‍ക്കാര്‍ മോഡലിംഗ്

ന്യൂ സൗത്ത് വെയില്‍സിലെ ആശുപത്രികളില്‍ അത്യാഹിത വിഭാഗങ്ങളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 200 കടന്നു. ഈയാഴ്ചയോടെ സ്‌റ്റേറ്റില്‍ ആശുപത്രി പ്രവേശനങ്ങള്‍ പീക്കിലെത്തുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെയാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന.


203 രോഗികളാണ് വിദഗ്ധ ചികിത്സ ആവശ്യമായി വന്നതോടെ വിവിധ ഐസിയുകളിലായി പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഐസിയുവിലുള്ള രോഗികളില്‍ പകുതി പേരും വാക്‌സിനെടുക്കാത്തവരാണെന്ന് പ്രീമിയര്‍ ഡൊമനിക് പെറോടെറ്റ് പറഞ്ഞു.

'തെളിവുകള്‍ വ്യക്തമാണ്. ഇതുകൊണ്ടാണ് സ്റ്റേറ്റിലെ ആളുകളോട് ബൂസ്റ്റര്‍ ഷോട്ട് എടുക്കാന്‍ ആവശ്യപ്പെടുന്നത്', പ്രീമിയര്‍ വ്യക്തമാക്കി. എന്‍എസ്ഡബ്യുവില്‍ 47 ശതമാനത്തോളം യോഗ്യരായ വ്യക്തികളാണ് കോവിഡ്-19 വാക്‌സിന്‍ മൂന്നാം ഡോസ് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം വൈറസ് ബാധിച്ച് ആശുപത്രിയിലുള്ള രോഗികളുടെ എണ്ണം 2776 ആയി ഉയര്‍ന്നു. 17 മരണങ്ങളും ഇതോടൊപ്പം രേഖപ്പെടുത്തി. 29,504 പുതിയ ഇന്‍ഫെക്ഷനുകളാണ് ഒടുവിലായി സ്ഥിരീകരിച്ചിരിക്കുന്നത്.

വരുംദിവസങ്ങളില്‍ മരണനിരക്ക് ഉയരുമെന്ന് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ കെറി ചാന്റ് പറഞ്ഞു. ബൂസ്റ്റര്‍ സ്വീകരിച്ച് ഏഴ് മുതല്‍ 14 വരെ ദിവസങ്ങളിലാണ് സുരക്ഷ ശക്തമാകുന്നത്. അതുകൊണ്ട് തന്നെയാണ് ബൂസ്റ്റര്‍ യോഗ്യതയുള്ളവര്‍ ഇത് സ്വീകരിക്കണമെന്ന് അടിയന്തരമായി ആവശ്യപ്പെടുന്നത്, ചാന്റ് കൂട്ടിച്ചേര്‍ത്തു.
Other News in this category



4malayalees Recommends