ബിബിസി ലൈസന്‍സ് ഫീ രണ്ട് വര്‍ഷത്തേക്ക് 159 പൗണ്ടായി മരവിപ്പിച്ചു; സ്ഥിരീകരിച്ച് കള്‍ച്ചര്‍ സെക്രട്ടറി നാദീന്‍ ഡോറീസ്; ബോറിസ് ജോണ്‍സന്റെ പ്രധാനമന്ത്രി പദം രക്ഷിച്ചെടുക്കാന്‍ 'ഓപ്പറേഷന്‍ റെഡ് മീറ്റ്' പോളിസിയുമായി സര്‍ക്കാര്‍

ബിബിസി ലൈസന്‍സ് ഫീ രണ്ട് വര്‍ഷത്തേക്ക് 159 പൗണ്ടായി മരവിപ്പിച്ചു; സ്ഥിരീകരിച്ച് കള്‍ച്ചര്‍ സെക്രട്ടറി നാദീന്‍ ഡോറീസ്; ബോറിസ് ജോണ്‍സന്റെ പ്രധാനമന്ത്രി പദം രക്ഷിച്ചെടുക്കാന്‍ 'ഓപ്പറേഷന്‍ റെഡ് മീറ്റ്' പോളിസിയുമായി സര്‍ക്കാര്‍

ബിബിസി ലൈസന്‍സ് ഫീ അടുത്ത രണ്ട് വര്‍ഷത്തേക്ക് 159 പൗണ്ടായി മരവിപ്പിക്കുന്നതായി സ്ഥിരീകരിച്ച് കള്‍ച്ചര്‍ സെക്രട്ടറി നാദീന്‍ ഡോറീസ്. വാര്‍ഷിക ഫീസ് ഈടാക്കുന്നതിന്റെ ഭാവി സംബന്ധിച്ച് പരിശോധിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.


2024 ഏപ്രില്‍ വരെ ലൈസന്‍സ് ഫീ തീരുമാനിച്ച നിരക്കില്‍ തുടരുമെന്ന് ഡോറീസ് എംപിമാരെ അറിയിച്ചു. ഇതിന് ശേഷമുള്ള നാല് വര്‍ഷം പണപ്പെരുപ്പത്തിന് ആനുപാതികമായി ഫീസ് വര്‍ദ്ധിക്കും. 2027 ഡിസംബര്‍ 31ന് നിലവിലെ റോയല്‍ ചാര്‍ട്ടര്‍ അവസാനിക്കുന്നത് വരെയാണിത്.

പണപ്പെരുപ്പം അനുസരിച്ച് എല്ലാ വര്‍ഷവും ഫീസ് വര്‍ദ്ധിക്കണമെന്നാണ് ബ്രോഡ്കാസ്റ്റര്‍ സമ്മര്‍ദം ചെലുത്തുന്നതെന്ന് കള്‍ച്ചര്‍ സെക്രട്ടറി പറഞ്ഞു. ഇങ്ങനെ നോക്കിയാല്‍ 2027ഓടെ ഫീസ് 180 പൗണ്ടിന് മുകളിലേക്ക് ഉയരും. എന്നാല്‍ ആഗോള തലത്തില്‍ തന്നെ ജീവിതച്ചെലവ് ഉയരുന്ന ഘട്ടത്തില്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് കുടുംബങ്ങളുടെ പോക്കറ്റില്‍ കൈയിട്ട് വാരുന്നതിനെ സര്‍ക്കാര്‍ അനുകൂലിക്കുന്നില്ലെന്നാണ് ഡോറീസിന്റെ നിലപാട്.

കൂടാതെ ഭാവിയിലേക്ക് കൂടി ഈ ഘട്ടത്തില്‍ നോക്കേണ്ടതായി വരുമെന്ന് ഡോറീസ് വ്യക്തമാക്കി. ബിബിസിക്ക് ഫണ്ടിംഗ് അനുവദിക്കുന്നത് റിവ്യൂ ചെയ്യുമെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബിബിസിക്ക് നല്‍കുന്ന ലോംഗ് ടേം ഫണ്ടിംഗ് മോഡല്‍ സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയരുന്നത്. കൂടാതെ നിര്‍ബന്ധിത ലൈസന്‍സ് ഫീയുടെ പേരില്‍ കുടുംബങ്ങള്‍ക്കെതിരെ ക്രിമിനല്‍ പെനാല്‍റ്റി ഏര്‍പ്പെടുത്തുന്നതും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു, ഡോറീസ് വ്യക്തമാക്കി.

2027ഓടെ ലൈസന്‍സ് ഫീ റദ്ദാക്കാന്‍ താന്‍ അനുകൂല നിലപാട് വെച്ചുപുലര്‍ത്തുന്നതായി കള്‍ച്ചര്‍ സെക്രട്ടറി നേരത്തെ സൂചിപ്പിച്ചിരുന്നു. ബോറിസ് ജോണ്‍സന്റെ ഓപ്പറേഷന്‍ റെഡ് മീറ്റ് നയങ്ങളുടെ പേരില്‍ സര്‍ക്കാര്‍ നേരിടുന്ന വിവാദ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കങ്ങള്‍.
Other News in this category4malayalees Recommends