അഞ്ചംഗ മലയാളി കുടുംബത്തിന്റെ അപകടം ; പരിക്കേറ്റവര്‍ അപകട നില തരണം ചെയ്തു ; മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനും ശ്രമം ; പകച്ചു നില്‍ക്കുന്ന അനഘയ്ക്കും നിര്‍മ്മലിനും പിന്തുണ നല്‍കി യുകെ മലയാളികള്‍

അഞ്ചംഗ മലയാളി കുടുംബത്തിന്റെ അപകടം ; പരിക്കേറ്റവര്‍ അപകട നില തരണം ചെയ്തു ; മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനും ശ്രമം ; പകച്ചു നില്‍ക്കുന്ന അനഘയ്ക്കും നിര്‍മ്മലിനും പിന്തുണ നല്‍കി യുകെ മലയാളികള്‍
അവിശ്വസനീയമായ അപകട വാര്‍ത്തയാണ് യുകെ മലയാളികളെ തേടി കഴിഞ്ഞ ദിവസം എത്തിയത്. യുകെയിലെത്തി മാസങ്ങള്‍ മാത്രമായിട്ടുള്ളപ്പോഴാണ് രണ്ട് കുടുംബങ്ങളുടെ ഒരുമിച്ചുള്ള യാത്ര ദുരന്തമായി മാറിയത്. സ്റ്റുഡന്റ്‌സ് വിസയിലെത്തി ജീവിതം മെച്ചപ്പെടുത്താനുള്ള നെട്ടോട്ടത്തിനിടെ രണ്ടു കുടുംബത്തിനും നഷ്ടമായത് പ്രിയപ്പെട്ടവരുടെ ജീവനാണ്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മയും കുഞ്ഞും ഓക്‌സ്‌ഫോര്‍ഡ് ആശുപത്രിയില്‍ ഗുരുതരാവസ്ഥ തരണം ചെയ്തു. കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക പങ്കുവയ്ക്കുന്നുണ്ടെങ്കിലും സ്ഥിതി മെച്ചപ്പെട്ടതായിട്ടാണ് സൂചന.

ദുരന്ത ദിവസം വാഹനം ഓടിച്ചിരുന്ന ബിന്‍സ് രാജ് അപകട സമയം തന്നെ മരിച്ചു. ഭാര്യ അനഘയും കുഞ്ഞുമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

ഒപ്പം യാത്ര ചെയ്തിരുന്ന ബിന്‍സിന്റെ സുഹൃത്തായ നിര്‍മല്‍ രമേശ് ബ്രിസ്റ്റോള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്. ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നിര്‍മ്മലിന്റെ ഭാര്യ അര്‍ച്ചന രാത്രിയോടെ മരണമടയുകയായിരുന്നു.

അഞ്ചു പേര്‍ യാത്ര ചെയ്ത കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് ദുരന്തമുണ്ടായത്. കോലഞ്ചേരിയിലെ ബിന്‍സ് രാജിന്റെയും കൊല്ലത്തുള്ള അര്‍ച്ചനയുടെയും വീട്ടില്‍ മരണ വാര്‍ത്ത അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

കറുത്ത മസ്ദ കാര്‍ എതിര്‍ ദിശയില്‍ വന്ന വെള്ള ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ഗ്ലോസ്റ്റര്‍ഷെയര്‍ പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് മരണം സ്ഥിരീകരിച്ചു. പരിക്കേറ്റവര്‍ സുഖം പ്രാപിക്കുന്നതായും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മലയാളികളായ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ വലിയൊരു സമൂഹം അപകടത്തില്‍പ്പെട്ടവര്‍ക്ക് സഹായവുമായിട്ടുണ്ട്. യുകെ മലയാളി അസോസിയേഷനുകളും മറ്റും ദുരന്തത്തിന് ഇരയായവര്‍ക്ക് സഹായവുമായി ഒപ്പമുണ്ട്.

പൊലീസ് നിയമ നടപടി വേഗത്തിലാക്കാനും മൃതദേഹം നാട്ടിലെത്തിക്കാനുമുള്ള നടപടികളും നടത്താന്‍ അസോസിയേഷന്‍ നേതൃത്വം എല്ലാ സഹായവും ചെയ്യുന്നുണ്ട്.

കാലിന് ഒടിവുള്ള നിര്‍മ്മല്‍ ബ്രിസ്റ്റോളില്‍ ഒരു മലയാളി കുടുംബത്തിനൊപ്പമാണ് കഴിയുന്നത്. പങ്കാളികള്‍ മരിച്ച വേദനയില്‍ എങ്ങനെ അതിജീവിക്കുമെന്ന അവസ്ഥയിലാണ് അനഘയും നിര്‍മ്മലും. ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലെങ്കിലും മാനസികമായി പിന്തുണക്കാനുള്ള ശ്രമത്തിലാണ് പരിചയക്കാര്‍.

Other News in this category4malayalees Recommends